Advertisment

കൊക്കയാര്‍ കനകപുരത്ത് ഉരുള്‍പൊട്ടിയതിന്റെ തലേദിവസം പുതിയ പാറമട പ്രവര്‍ത്തനം തുടങ്ങി ! പാറമട പ്രവര്‍ത്തനം തുടങ്ങിയത് 'കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടു' തന്നെ ! പാറമട പ്രവര്‍ത്തനം തുടങ്ങി രണ്ടാം ദിവസം രാവിലെ പ്രദേശത്ത് ഉരുള്‍പൊട്ടി. പാറമടയുടെ പ്രവര്‍ത്തനം പുറത്തറിയാതിരിക്കാന്‍ അധികൃതരുടെയും പാറമട ലോബിയുടെയും നീക്കം. കാവാലിയില്‍ പുതിയ പാറമട തുറക്കാനുള്ള പ്രാരംഭ നീക്കങ്ങള്‍ തുടങ്ങി ! പത്തനംതിട്ട, പുനലൂര്‍ കേന്ദ്രമായിട്ടുള്ള ഖനനമാഫിയകള്‍ ഇവിടെ വാങ്ങിക്കൂട്ടിയത് നൂറുകണക്കിന് ഏക്കര്‍ സ്ഥലം. ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരുടെ ബിനാമികളെന്നും ആക്ഷേപം

New Update

publive-image

Advertisment

കോട്ടയം (മുണ്ടക്കയം): കഴിഞ്ഞയാഴ്ച ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നാശവുമുണ്ടായ കൊക്കയാര്‍ പഞ്ചായത്തിലെ കനകപുരത്ത് അതിന്റെ തലേന്ന് തന്നെ പുതിയ പാറമട പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്ന് പ്രദേശവാസികള്‍. ഒരു വര്‍ഷത്തിലേറെ മുമ്പ് കനകപുരത്ത് പാറമല തുടങ്ങാന്‍ നടപടികള്‍ തുടങ്ങിയിരുന്നുവെന്നും എല്ലാ ലൈസന്‍സുകളും ഇവര്‍ നേടിയിരുന്നുവെന്നുമാണ് വിവരം.

ഒകോടബര്‍ 15 മുതല്‍ പാറമടയുടെ പ്രവര്‍ത്തനം ചെറിയ തോതിലും തുടങ്ങിയിരുന്നു. ഇതിനു പിറ്റേന്നാണ് ദുരന്തമുണ്ടാകുന്നത്. ദുരന്തത്തില്‍ ഇവിടെ സമീപം പ്രവര്‍ത്തിച്ചിരുന്ന ഒരു വാഹന സര്‍വീസ് സ്റ്റേഷനടക്കം പൂര്‍ണമായും ഒലിച്ചു പോയിരുന്നു.

ഇതു കൊക്കയാറിലെ ഒരു പ്രദേശത്തെ അവസ്ഥയല്ല. കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളടക്കം പാറമട ലോബിയുടെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞു. പലപ്പോഴും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് ഇതിന്റെയെല്ലാം പ്രവര്‍ത്തനം.

പ്രകൃതിക്ഷോഭത്താല്‍ വന്‍ദുരന്തം ഏറ്റുവാങ്ങിയ കാവാലി, പ്ലാപ്പള്ളി എന്നീ മലപ്രദേശങ്ങളിലെ മുകള്‍ഭാഗം ഏതാണ്ട് പൂര്‍ണമായും പാറമടലോബികളുടെ കയ്യിലാണ്. പത്തനംതിട്ട, പുനലൂര്‍ കേന്ദ്രമായിട്ടുള്ള ഖനനമാഫിയകള്‍ നൂറുകണക്കിന് ഏക്കറുകള്‍ സ്ഥലമാണ് തദ്ദേശവാസികളില്‍ നിന്നും വാങ്ങിക്കൂട്ടിയതും ആധാരങ്ങളില്‍ കൃത്രിമം കാട്ടി ചില സ്ഥലങ്ങള്‍ തട്ടിയെടുത്തിരിക്കുന്നത്.

രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെയും ദേശീയതലം മുതല്‍ പഞ്ചായത്ത് വരെയുള്ള ജനപ്രതിനിധികളുടെയും ബിനാമിമാരാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം. പരിസ്ഥിതിലോലത്തിന്റെ മറവില്‍ തദ്ദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രാദേശിക ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരായി കാവാലി പ്ലാപ്പള്ളി ഭാഗങ്ങളില്‍ ഒട്ടേറെ കൃഷിഭൂമികള്‍ നിസ്സാരതുകയ്ക്ക് പാറമട ലോബികള്‍ തട്ടിയെടുത്തത്.

ഇവിടെ പാറമട തുടങ്ങുന്നതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയതായും വിവരമുണ്ട്. കാവാലി പളളിയുടെ സമീപത്തെ റോഡ വീതികൂട്ടുന്നത് പാറമടക്കാര്‍ക്കുവേണ്ടിയാണെന്നാണ് ആക്ഷേപം. ഉരുള്‍പൊട്ടലുണ്ടായതിനാല്‍ തല്‍ക്കാലം മാറിനിന്ന ശേഷം പിന്നീട് നടപടികള്‍ ശക്തമാക്കാനാണ് നീക്കം.

അതിനിടെ ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ തടയാമെന്നു പറഞ്ഞ് ഭരണമുന്നണിയിലെ രണ്ടാം കക്ഷിയിലെ ഒരു പ്രമുഖ നേതാവ് പ്രദേശത്തെ പാറമടകളുടെ ഉടമയില്‍ നിന്നും പണം ആവശ്യപ്പെട്ടന്നാണ് വിവരം. ചില മാധ്യമ പ്രവര്‍ത്തകരുടെ പേരിലാണ് ഇതിനു നീക്കം നടന്നതെന്നാണ് വിവരം.

Advertisment