Advertisment

മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന കെ.എം മാണി ബൈപ്പാസ് പുനര്‍ നിര്‍മ്മാണ ഉത്ഘാടനം പദ്ധതിക്ക് സാങ്കേതിക അനുമതി പോലും ലഭ്യമാകാതെ ? എംഎല്‍എ ഇന്നലെ ഉദ്ഘാടനം ചെയ്തത് കരാറുകാരന്‍ ബൈപ്പാസിനായി ഏറ്റെടുത്ത ഭൂമിയിലെ ഉടമയുടെ മണ്ണു നീക്കല്‍ മാത്രം. ബൈപ്പാസ് നിര്‍മ്മാണം പുനരാരംഭിക്കണമെങ്കില്‍ ഇനിയും കടമ്പകള്‍ ഏറെ ! ഡിപിആര്‍ തയ്യാറാക്കി സാങ്കേതിക അനുമതി വാങ്ങി ടെന്‍ഡര്‍ നടത്തി വൈദ്യുതി, വാട്ടര്‍ അതോറിറ്റി ഫീസുകള്‍ അടച്ച് സ്ഥലം കൈമാറാന്‍ ഇനിയും സമയമെടുക്കും. പദ്ധതി നീളുമ്പോഴും പാലായില്‍ നാടകങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. 'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന' ബഡായിയുടെ രണ്ടാം പതിപ്പായി ബൈപ്പാസ് 'മണ്ണെടുപ്പ് ഉത്ഘാടനം' മാറുമ്പോള്‍

New Update

publive-image

Advertisment

പാലാ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന ക്യാപ്ഷനോടെ ഒരു ചിരിച്ച മുഖവുമായി 2 വര്‍ഷം മുമ്പ് പാലാ നഗരത്തില്‍ അങ്ങോളമിങ്ങോളം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ട പാലാക്കാര്‍ക്ക് ഇപ്പോള്‍ പാലായില്‍ നടക്കുന്ന ഉദ്ഘാടന മഹാമഹങ്ങളില്‍ വലിയ അത്ഭുതങ്ങളൊന്നുമില്ല.

കഴിഞ്ഞ രണ്ടേകാല്‍ വര്‍ഷമായി പാലാക്കാര്‍ക്കിത് ശീലമാണ്. അങ്ങനെയൊന്നായിരുന്നു ഇന്നലെ കെഎം മാണി ബൈപ്പാസ് നിര്‍മ്മാണം ഉദാഘാടനമെന്ന തട്ടിപ്പ് പരിപാടി.

കെഎം മാണി ബൈപ്പാസ് പൂര്‍ത്തീകരണത്തിന് കരാര്‍ പോലും ആകാത്ത സാഹചര്യത്തിലായിരുന്നു മാണി സി കാപ്പന്‍ എംഎല്‍എ ഇന്നലെ നിര്‍മ്മാണ ഉദ്ഘാടനം നടത്തിയത്. നിര്‍മ്മാണത്തിനായുള്ള സാങ്കേതികാനുമതി പോലും ലഭിക്കാതെ എങ്ങനെയാണ് ഒരു പദ്ധതിയുടെ ഉദ്ഘാടനം നടത്തുമെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

രണ്ടു റീച്ചുകളിലായാണ് പാലാ ബൈപ്പാസിന്റെ നിര്‍മ്മാണം നടന്നത്. ഇതില്‍ തൊടുപുഴ റീച്ചിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാമത്തെ റീച്ചായ സിവില്‍ സ്റ്റേഷന്‍ റോഡിലെ നിര്‍മ്മാണം ചിലര്‍ സ്ഥലം വിട്ടു നല്‍കാത്തതിനാല്‍ ഇഴയുകയായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സ്ഥലം വിട്ടുനല്‍കാത്തവരാണ് പദ്ധതി താമസിപ്പിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

publive-image

ഇവരുടെ അടക്കം ഭൂമി ഏറ്റെടുക്കല്‍ മാത്രമാണ് നടന്നിട്ടുള്ളത്. ബൈപ്പാസില്‍ മൂന്നിടത്തായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ഭാഗത്തെ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, മണ്ണ് എന്നിവ നീക്കം ചെയ്യാനുള്ള ഒരു ഭാഗമൊഴികെയുള്ളയിടങ്ങളിലെ ലേല നടപടികള്‍പോലും പൂര്‍ത്തിയായിട്ടില്ല. ഇതിനുള്ള നടപടികള്‍ ഇന്നലെ വരെയും പൂര്‍ത്തികരിച്ചില്ല.

നിര്‍മ്മാണം പൂര്‍ത്തിയാകാത്ത 50 മീറ്റര്‍ ഭാഗത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയ ഭൂമിയിലെ കെട്ടിടങ്ങളും മണ്ണും നീക്കം ചെയ്യാനുള്ള അവകാശം പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം ഒരാള്‍ക്ക് ലേലം ചെയ്ത് നല്‍കിയിരുന്നു.

15 ദിവസത്തിനുള്ളില്‍ ഇതു നീക്കം ചെയ്യണമെന്നായിരുന്നു പെതുമരാമത്ത് നല്‍കിയ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരന്‍ മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയതാണ് എംഎല്‍എ റോഡ് നിര്‍മാണമായി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചത്.

publive-image

ബൈപ്പാസിന്റെ രണ്ടാം ഘട്ട റീച്ചിന് ഇതുവരെ ലഭിച്ചത് ഭരണാനുമതി മാത്രമാണ്. ഇനി ഡീറ്റയില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ ശേഷം സാങ്കേതിക അനുമതിയും പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികളും കഴിഞ്ഞു മാത്രമെ നിര്‍മ്മാണം ആരംഭിക്കാനാകൂ.

എന്നാല്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിലെ ലേലത്തിലെടുത്ത മണ്ണ് നീക്കം ചെയ്യുന്നതിന് കരാര്‍ കിട്ടിയ ആള്‍ മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അത് നിര്‍മ്മാണോദ്ഘാടനമാക്കി മാറ്റുകയായിരുന്നു എംഎല്‍എ.

പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പദ്ധതി ആരംഭിക്കുമ്പോള്‍ ആവശ്യമായ അനുമതികള്‍ ഉറപ്പാക്കി വകുപ്പ് നേരിട്ടാണ് നിര്‍മ്മാണോദ്ഘാടനം സംഘടിപ്പിക്കുന്നത്. എന്നാല്‍ കെ എം മാണി ബൈപ്പാസിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലെ നിര്‍മാണപൂര്‍ത്തീകരണത്തിനുള്ള സാങ്കേതികാനുമതി ലഭിച്ചിട്ടില്ലന്നും ഇത് ലഭിച്ചശേഷം കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ റോഡ് നിര്‍മ്മാണം ആരംഭിക്കുകയുള്ളുവെന്നുമാണ് പിഡബ്ലുഡി നിലപാട്. ഇതോടെ എംഎല്‍എയുടെ ബൈപ്പാസ് പൂര്‍ത്തീകരണം വീണ്ടും തട്ടിപ്പാണെന്നു തെളിയുകയാണ്.

mani c kappan
Advertisment