കാതോലിക്കാ ബാവായ്ക്ക് ജന്മനാടിൻ്റെ ആദരം; ഈ മാസം 21ന് നടക്കുന്ന സമ്മേളനം ഗോവ ഗവർണർ ഉദ്‌ഘാടനം ചെയ്യും

New Update

publive-image

കോട്ടയം: നവാഭിഷിക്തനായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് വാഴൂരില്‍ ജന്മനാടിന്റെയും മാതൃദേവാലയത്തിന്റെയും ആദരം ഈ മാസം 21ന് 4 മണിക്ക് നല്‍കും. വാഴൂര്‍ പൗരാവലിയും വാഴൂര്‍ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് പള്ളിയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

Advertisment

വാഴൂര്‍ പള്ളിയുടെ ശതാബ്ദിസ്മാരക മന്ദിര( ചെറിയ മഠത്തില്‍ വലിയ യാക്കോബ് കത്തനാര്‍ നഗര്‍)ത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് അധ്യക്ഷത വഹിക്കും. സഹകരണ- രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രഭാഷണം നടത്തും.

ജോസഫ് മാര്‍ ബര്‍ണ്ണബാസ് സഫഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമോദന പ്രഭാഷണവും നിര്‍വ്വഹിക്കും. ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, ആന്‍്റോ ആന്റണി എം.പി , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്‍്റ് വി.പി റെജി എന്നിവര്‍ ആശംസകളര്‍പ്പിക്കും. കാതോലിക്കാ ബാവാ മറുപടി പ്രസംഗ നടത്തും.

സമ്മേളനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 1.30 ന് പാമ്പാടി ദയറായില്‍ നിന്ന് സ്വീകരണഘോഷയാത്ര ആരംഭിക്കും. 3 മണിക്ക് പുളിക്കല്‍ കവല ജംഗ്ഷനിലുള്ള സെന്റ് ഗ്രിഗോറിയോസ് കുരിശടിയില്‍ വാഴൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ കാതോലിക്കാ ബാവയെ സ്വീകരിക്കും.

വാഴൂര്‍ സെന്റ് പോള്‍സ് ഹൈസ്കൂള്‍ മൈതാനം, വാഴൂര്‍ പഞ്ചായത്ത് സ്റ്റേഡിയം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.  ജനറല്‍ കണ്‍വീനര്‍ ഫാ.കുര്യാക്കോസ് ഈപ്പന്‍, പ്രോഗ്രാം കണ്‍വീനര്‍ ഡോ.തോമസ് കുരുവിള, പബ്ലിസിറ്റി കണ്‍വീനര്‍ ജോയി വര്‍ഗീസ് ഇടവക വികാരി ഫാ.ജീന്‍ ആന്‍ഡ്രൂസ്, ട്രസ്റ്റി ജോസ് കെ.ചെറിയാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment