/sathyam/media/post_attachments/OVcp6uDMu2lSGlXQkQO1.jpg)
പാലാ: ബൈപ്പാസ് പൂര്‍ത്തികരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയാകുമ്പോഴും കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പാലാ ബൈപ്പാസ് നിര്‍മ്മാണത്തിന് തടസമായിരുന്നതെന്തെന്ന ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി മാണി സി കാപ്പന്‍ എംഎല്‍എ. നാലു കിലോമീറ്റര്‍ മാത്രം നീളമുള്ള പാലാ ബൈപ്പാസിന്റെ 3.900 കിലോ മീറ്ററും കാപ്പൻ എം എൽ എ ആകും മുൻപ് മൂന്നു വര്‍ഷം മുന്നേ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ ബാക്കിയുള്ള മൂന്നു ഭാഗങ്ങളിലെ 100 മീറ്റര്‍ നിര്‍മ്മാണം തടസ്സപ്പെടുത്തിയത് ആരെന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചാണ് ഇപ്പോള്‍ എംഎല്‍എയും അദ്ദേഹത്തെ അനുകൂലിക്കുന്ന ഒരു വിഭാഗവും വ്യാജ പ്രചാരണം നടത്തുന്നത്. പാലാ ടൗണിലെ ഗതാഗത കുരുക്ക് പരിഹരിക്കാനുള്ള ശാശ്വത പരിഹാരം എന്ന നിലയിലാണ് കെഎം മാണി മുന്‍കൈയെടുത്ത് പാലാ ബൈപ്പാസ് എന്ന ആശയത്തിലേക്ക് എത്തിച്ചത്.
കിഴതടിയൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് പുലിയന്നൂര്‍ ജംഗ്ഷനില്‍ അവസാനിക്കുന്ന ഈ റോഡിന് 4 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. മൂന്നു ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയായ ഈ റോഡിന് കേന്ദ്ര റോഡ് പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഉള്‍പ്പെടെ 80 കോടിയിലധികം രൂപ സ്ഥലമേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ചിലവഴിച്ചിരുന്നു.
ഒന്‍പതു വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങി മൂന്നു വര്‍ഷം മുമ്പ് 3.900 കിലോ മീറ്ററും പൂര്‍ത്തികരിച്ച പദ്ധതിയ്ക്ക് തടസം നിന്നത് മൂന്നിടങ്ങളിലെ 100 മീറ്ററില്‍ ഉണ്ടായിരുന്ന മൂന്നു കുടുംബങ്ങളായിരുന്നു. ഭൂമിയേറ്റെടുക്കലിന്റെ നഷ്ടപരിഹാരം കുറഞ്ഞുപോയി എന്ന പരാതിയുന്നയിച്ച് ഇപ്പോഴത്തെ എംഎല്‍എയുടെ ഒരു അടുത്ത ബന്ധുവും ഇവരുടെ രണ്ടു കുടുംബ സുഹൃത്തുക്കളുമാണ് സ്ഥലമേറ്റെടുക്കലിനെതിരെ കോടതിയെ സമീപിച്ചത്.
നിലവിലെ എംഎല്‍എയുടെ ബന്ധുവിന്റെ ഭൂമിയിലെ കെട്ടിടം റോഡിലേക്ക് കൂടുതല്‍ കയറിനിന്നിരുന്നു. ബാക്കിയുള്ള ഭാഗത്തെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഇവരുടെ കേസ് അവസാനിക്കാതെ ഇരുന്നതോടെ വഴി പൂര്‍ണമായും തുറക്കാനും കഴിഞ്ഞില്ല. നാടിന്റെ വികസനത്തിനായി നാലു കിലോമീറ്ററിലെ മറ്റു ഭാഗത്തെ സ്ഥലമുടകള്‍ കാണിച്ച സന്മനസ് കാണിക്കാതെ കേസുമായി പോയി വികസനം തടയുകയും 'കുപ്പിക്കഴുത്ത്' ഭാഗത്തെ വികസനം തടസ്സപ്പെടുകയും ചെയ്തതോടെ ജനവികാരം ഈ മൂന്നു ഭൂവുടമകള്‍ക്കുമെതിരെ തിരിഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരും പാലാ മുനിസിപ്പാലിറ്റിയും കേസില്‍ കക്ഷി ചേരുകയും നിയമപോരാട്ടം സജീവമാക്കുകയുമായിരുന്നു. അതിനിടെ മൂന്നു വര്‍ഷം മുമ്പ് കെഎം മാണി മരിക്കുകയും പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. അന്നു മത്സരിച്ച മാണി സി കാപ്പന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കുപ്പിക്കഴുത്ത് നിവര്‍ത്തി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുമെന്നായിരുന്നു.
എന്നാല്‍ രണ്ടര വര്‍ഷം എംഎല്‍എയായിരുന്നിട്ടും കാപ്പന് അതിനു കഴിഞ്ഞില്ല. കോടതി നടപടികള്‍ അവസാനിക്കാതിരുന്നതോടെ കുപ്പിക്കഴുത്ത് നിവര്‍ത്തല്‍ നടന്നതുമില്ല. എന്നാല്‍ കഴിഞ്ഞയിടെ കോടതി സ്ഥലമേറ്റെടുക്കലിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തീർപ്പാക്കിയതോടെ കുപ്പിക്കഴുത്ത് ഭാഗത്തെ വികസനവും പൂര്‍ത്തിയാക്കാനായി. ഇതോടെ കോടതി ഇടപെട്ട് തീര്‍പ്പാക്കിയ വിഷയത്തില്‍ എംഎല്‍എയുടെ ആളുകൾ 'ചരിത്രം വഴിമാറി'യെന്ന നിലപാടുമായി ഫ്ലെക്‌സ് വച്ചു എന്നതു മാത്രമാണ് യാഥാര്‍ഥ്യം.
മുമ്പ് ബൈപ്പാസ് നിര്‍മ്മാണത്തിനായി അന്ന് എംപിയായിരുന്ന ജോസ് കെ മാണിയുടെ വികസന ഫണ്ടും കെഎം മാണി മുന്‍കൈയെടുത്ത് അനുവദിപ്പിച്ച തുകയും മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. നിലവിലെ എംഎല്‍എയുടെ യാതൊരു വികസന ഫണ്ടും ഉപയോഗിച്ചല്ല നിര്‍മ്മാണം നടത്തിയതെന്നതും മറ്റൊരു യാഥാർഥ്യം . കോടതി വിധി വന്നപ്പോള്‍ ആരു എംഎല്‍എയായാലും നടക്കുന്ന അതേ പ്രവര്‍ത്തി മാത്രമെ ഇപ്പോഴും നടന്നിട്ടുള്ളൂ.
നേരത്തെ ഈ ബൈപ്പാസ് നിര്‍മ്മാണം തുടങ്ങിയ സമയത്ത് പൊതുപ്രവര്‍ത്തകനായ നിലവിലെ എംഎല്‍എ കുടുംബക്കാരെയും സുഹൃത്തുക്കളെയും വ്യവഹാരത്തില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നെങ്കില്‍ മൂന്നുവര്‍ഷം മുമ്പെങ്കിലും ബൈപ്പാസ് പൂര്‍ണമായും ജനങ്ങള്‍ക്ക് സഞ്ചാരയോഗ്യമാകുമായിരുന്നു.
കെ എം മാണി കൊണ്ടുവന്ന സ്വപ്ന പദ്ധതി വൈകിപ്പിക്കുകയായിരുന്നു അന്നത്തെ ഗൂഡ നീക്കം. അതല്ലെങ്കില്‍ രണ്ടര വര്‍ഷം മുമ്പ് അദ്ദേഹം എംഎല്‍എ ആയപ്പോള്‍ കുടുംബക്കാരെ കേസ് പിന്‍വലിപ്പിക്കാന്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും ബൈപ്പാസ് ഇതിനു മുമ്പേ പൂര്‍ണമായും യാഥാര്‍ത്ഥ്യമായേനെ. എന്നാല്‍ ഇതിനു മുതിരാതിരുന്ന മാണി സി കാപ്പന്‍ ഇപ്പോള്‍ കോടതി ഇടപെട്ടുള്ള നടപടികള്‍ തന്റെതാണെന്ന രീതിയിൽ പ്രചാരണം നടത്തുന്നതില്‍ പ്രദേശവാസികളില്‍ കടുത്ത അമര്‍ഷമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us