/sathyam/media/post_attachments/lGV5CDAzFBkd32VT6B6Y.jpg)
പാലാ: അസമയത്ത് അയ്യമ്പാറയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ പുതുവത്സരമാഘോഷിക്കാന്‍ ഒഴുകിയെത്തിയ യുവാക്കളുടെ സംഘം ...... ഒമിക്രോണിൻ്റെ പശ്ചാത്തലത്തിൽ പത്തുമണി കഴിഞ്ഞുള്ള ആഘോഷങ്ങള്‍ കർശനമായി ഒഴിവാക്കിയ രാവിൽ ഇത് ലംഘിച്ച് കൂട്ടം കൂടിയ യുവാക്കളെ പിടികൂടാനെത്തി പാലാ ഡി.വൈ.എസ്.പി. ഷാജു ജോസും സംഘവും. ഒപ്പമുണ്ടായിരുന്ന ഒരു പോലീസുകാരന്റെ ബാഗില്‍ വീട്ടിലേക്ക് വാങ്ങിയ കേക്കുമുണ്ടായിരുന്നു.
പോലീസിനെ ദൂരെ നിന്നേ കണ്ട മാത്രയിൽ, വന്ന ബൈക്കുകൾ പോലും ഉപേക്ഷിച്ച് യുവാക്കൾ പമ്പ കടന്നു. യുവാക്കള്‍ ഓടിയതോടെ ആളൊഴിഞ്ഞ അയ്യമ്പാറയില്‍ പോലീസ് മാത്രമായി അപ്പോള്‍. സമയം 12.02. ഒപ്പമുണ്ടായിരുന്ന എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ആ പാതിരാവിൽ ഡി.വൈ.എസ്.പി. ഷാജു ജോസ് പുതുവത്സരാശംസകള്‍ നേര്‍ന്നു.
ഇതിനിടെ കേക്ക് കൈവശമുണ്ടായിരുന്ന പോലീസുകാരന്‍ അതെടുത്ത് പോലീസ് ജീപ്പിന്റെ ബോണറ്റില്‍ വച്ചു. പോലീസുകാര്‍ കൈയ്യടിച്ച് ഹാപ്പി ന്യൂ ഇയര്‍ പറയവെ ഡി.വൈ.എസ്.പി. ഷാജു ജോസ് കേക്ക് മുറിച്ചു. തുടര്‍ന്ന് എല്ലാവര്‍ക്കും ഡി.വൈ.എസ്.പി. തന്നെ കേക്ക്പങ്കിട്ടു നൽകി.
ഡി.വൈ.എസ്.പി. സഹപ്രവർത്തകർക്ക് പാതി രാവിൽ കേക്ക് നൽകുന്ന ദൃശ്യം ഒരു പോലീസുകാരന്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് പോലീസിലെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പുതുവത്സരാശംസകളായി ഈ ചിത്രം അയ്യമ്പാറയിലെത്തിയ പോലീസുകാർ വാട്‌സാപ്പുകള്‍ വഴി അയച്ചു.
അങ്ങനെ അസമയത്ത് പുതുവത്സരം ആഘോഷിക്കാനെത്തിയവരെ പിടികൂടാന്‍ പോയ പോലീസ് പാതിരാത്രി അയ്യമ്പാറയില്‍ നടത്തിയ ലളിതമായ പുതുവത്സര പരിപാടി നാട്ടിലാകെ വിശേഷവുമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us