/sathyam/media/post_attachments/9VcPS3Hv9OF2uX6wuXpp.jpg)
പാലാ: ശനിയാഴ്ച പുലര്‍ച്ചെ 5-ന് ന്യൂഡല്‍ഹിയില്‍ രോഹിണിയിലുള്ള അയ്യപ്പക്ഷേത്രത്തില്‍ കാവിമുണ്ടും ടീഷര്‍ട്ടും ധരിച്ച മൂന്ന് ഭക്തരെത്തി. അവിടെ വഴിപാടിന് ചീട്ടെഴുതാനിരുന്ന ആളിനടുത്ത് ചെന്ന് പറഞ്ഞു ; ''ഒരു ഗണപതിഹോമം വേണം; പേര് രഞ്ജിത്ത്, നാള് പുണര്‍തം, പാലാ പോലീസ് സ്റ്റേഷന്‍...''
ഇതു കേട്ടപാതി രസീത് എഴുതാനിരുന്നയാള്‍ ചാടിയെഴുന്നേറ്റു. "പാലാ പോലീസില്‍ നിന്നാണല്ലേ ...... എന്നെ തേടി വന്നതാണെന്നറിയാം, ഞാന്‍ തന്നെയാണ് മോഹന്‍ദാസ്. " രസീത് എഴുതാനിരുന്നയാള്‍ പറഞ്ഞുതീര്‍ന്നതും എത്തിയ "ഭക്തര്‍ " ഇയാളെ പിടികൂടിയതും ഒരുമിച്ചായിരുന്നു.
ക്ഷേത്രം മേല്‍ശാന്തി ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി കാര്യം തിരക്കി. തങ്ങള്‍ പാലായില്‍ നിന്നും വന്ന പോലീസുകാരാണെന്നും ഈ മോഹന്‍ദാസ് കോടികള്‍ തട്ടിച്ച് മുങ്ങിയ കേസിലെ പ്രതിയാണെന്നും വിശദീകരിച്ചതോടെ മേല്‍ശാന്തി ഉൾപ്പെടെയുള്ളവർ ഞെട്ടിപ്പോയി.
കഴിഞ്ഞ എട്ടു വര്‍ഷമായി തങ്ങളുടെ അക്കൗണ്ടന്റായ "മോഹനേട്ടന്‍ " ഇത്രവലിയൊരു തട്ടിപ്പുകാരനാണെന്ന് അവരറിഞ്ഞത് അപ്പോഴാണ്. പാലാ സ്റ്റേഷനിലെ ക്രൈം സ്‌കാഡിലുള്ള എ.എസ്.ഐ. ബിജു കെ. തോമസും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫനും സിവില്‍ പോലീസ് ഓഫീസര്‍ സി. രഞ്ജിത്തുമാണ് ഭക്തരുടെ വേഷത്തില്‍ പിടികിട്ടാപ്പുള്ളിയെ കുടുക്കാന്‍ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയത്.
കുടുങ്ങിയെന്ന് ഉറപ്പായതോടെ ഒരു എതിർപ്പും കാട്ടാതെ മോഹൻദാസ് പോലീസിനു വഴങ്ങി. രോഹിണിയിലെ അയ്യപ്പക്ഷേത്രഭരണ സമിതിയെ പിറവം സ്വദേശി എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അക്കൗണ്ടന്റ് ആയി ജോലി നേടിയത്. ഇയാളെ പിടികൂടാനായി പല അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചെങ്കിലും കുടുംബാംഗങ്ങളുമായോ നാടുമായോ യാതൊരു ബന്ധവുമില്ലാതെ ജീവിച്ചിരുന്നതിനാല്‍ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
അടുത്തിടെ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് പിടികിട്ടാപുള്ളികളെ പിടിക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണങ്ങൾ ഊർജിതമാക്കിയപ്പോൾ പാലാ സി.ഐ. കെ.പി. ടോംസണ് മോഹൻ ദാസിനെപ്പറ്റി ഒരു രഹസ്യ വിവരം ലഭിച്ചു.
പിറ്റേന്ന് രാവിലെ തന്നെ പാലാ പോലീസിലെ ക്രൈം സ്‌ക്വാഡ് സംഘം ദില്ലിക്ക് തിരിക്കുകയായിരുന്നു. ദില്ലിയിൽ പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത മോഹന്‍ദാസുമായി അപ്പോള്‍തന്നെ പോലീസ് സംഘം പാലായ്ക്ക് മടങ്ങി. ഇയാളുടെ ഭാര്യയും മക്കളും മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇപ്പോള്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലാണ് താമസം.
14 വര്‍ഷം മുമ്പ് നാട്ടിലേറെ കോളിളക്കം സൃഷ്ടിച്ചതാണ് മോഹന്‍ദാസിന്റെ തട്ടിപ്പും തിരോധാനവും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us