പാലാ: 13 വയസ് മുതല്‍ 18 വയസ് വരെയുള്ള പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനായി പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ''നമ്മുടെ പൊന്നോമനകള്‍'' പദ്ധതിപ്രകാരമുള്ള ആദ്യക്ലാസ് നാളെ രാമപുരം എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും.
പെണ്‍കുട്ടികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അവയ്ക്ക് പരിഹാരം കാണാനും കുഴപ്പം പിടിച്ച രീതിയിലേക്ക് അത്തരം കാര്യങ്ങള്‍ നീങ്ങാതിരിക്കാനും കര്‍ശന നിരീക്ഷണത്തോടും കൗണ്‍സിലിംഗോടും കൂടിയ പദ്ധതിയാണ് ''നമ്മുടെ പൊന്നോമനകള്‍''. കോട്ടയം ജില്ലാ വനിതാ ഹെല്‍പ്പ്ലൈനിന്റെയും വനിതാ സെല്ലിന്റെയും സഹായത്തോടെ ഈ പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പാലാ പോലീസ്.
18-ന് രാവിലെ 11-ന് എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മേഴ്‌സി മൈക്കിളിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന നമ്മുടെ പൊന്നോമനകള്‍ ക്ലാസിന്റെ രാമപുരം പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് നിര്‍വ്വഹിക്കും. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് മുഖ്യപ്രഭാഷണം നടത്തുകയും ക്ലാസെടുക്കുകയും ചെയ്യും.
രാമപുരം പഞ്ചായത്ത് മെമ്പര്‍ ലിസമ്മ മത്തച്ചന്‍, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പ്രകാശ് ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് ജാന്‍സി റെജി തുടങ്ങിയവര്‍ ആശംസകള്‍ നേരും. എസ്.എച്ച്. ഗേള്‍സ് ഹൈസ്‌കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബ് കോർഡിനേറ്ററും അദ്ധ്യാപകനുമായ ജോബി തോമസ് ആമുഖപ്രസംഗം നടത്തും. രാമപുരം സി.ഐ. രാജേഷ്, എസ്.ഐ. പി.എസ്. അരുണ്‍കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
വിദ്യാര്‍ത്ഥികളുടെ വിവിധ സംശയങ്ങള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ മറുപടി പറയും. ഒപ്പം വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ എവിടെനിന്നെങ്കിലും നേരിടുന്നുണ്ടെങ്കില്‍ അവ പോലീസ് ഉദ്യോഗസ്ഥരോട് തുറന്നുപറയാനുള്ള സൗകര്യവും ''നമ്മുടെ പൊന്നോമനകള്‍'' പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റ് സ്‌കൂളുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഇത്തരം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താന്‍ താത്പര്യമുള്ള സ്‌കൂള്‍ അധികാരികളോ അദ്ധ്യാപക രക്ഷകര്‍തൃസംഘടനാ ഭാരവാഹികളോ 9497990051 നമ്പരിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ബന്ധപ്പെട്ടാല്‍ വേണ്ട ക്രമീകരണങ്ങള്‍ പോലീസ് ഒരുക്കുന്നതായിരിക്കും.
അടുത്തിടെ ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയും ചെയ്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പാലാ സബ്ഡിവിഷനു കീഴില്‍ പോലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.