"നമ്മുടെ പൊന്നോമനകള്‍" ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം വ്യാഴാഴ്ച പാലാ അൽഫോൻസാ കോളജിൽ

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: പതിമൂന്ന് വയസ് മുതല്‍ ഇരുപത് വയസ് വരെയുള്ള പെണ്‍കുട്ടികളെ സഹായിക്കുന്നതിനും സംരക്ഷണം ഒരുക്കുന്നതിനും ഒപ്പം അദ്ധ്യാപകർ, മാതാപിതാക്കൾ എന്നിവർക്കു കൂടി ബോധവൽക്കരണം നടത്തുന്നതിനുമായി പാലാ പോലീസ് ആവിഷ്‌കരിച്ച ''നമ്മുടെ പൊന്നോമനകള്‍'' എന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം 24-ാം തീയതി നടക്കുമെന്ന് പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് പാലായില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

പാലാ അല്‍ഫോന്‍സാ കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 ന് ചേരുന്ന സമ്മേളനത്തില്‍ ''നമ്മുടെ പൊന്നോമനകള്‍'' പദ്ധതിയുടെ ഉദ്ഘാടനം ഡി.ജി.പി. (ഫയര്‍ഫോഴ്‌സ് മേധാവി) ഡോ. ബി. സന്ധ്യ ഐ.പി.എസ്. നിര്‍വ്വഹിക്കും.

അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. സിസ്റ്റര്‍ റെജിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കോട്ടയം പോലീസ് ചീഫ് ഡി. ശില്പ ഐ.പി.എസ്. മുഖ്യപ്രഭാഷണം നടത്തും. പോലീസിലെ സൈബര്‍ വിദഗ്ദ്ധനും ചിത്രകാരനുമായ രാജേഷ് മണിമല ക്ലാസെടുക്കും. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് സ്വാഗതവും അല്‍ഫോന്‍സാ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഷാജി പുന്നത്താനത്തുമലയില്‍ നന്ദിയും പറയും.

പെണ്‍കുട്ടികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ അവയ്ക്ക് പരിഹാരം കാണാനും കുഴപ്പം പിടിച്ച രീതിയിലേക്ക് അത്തരം കാര്യങ്ങള്‍ നീങ്ങാതിരിക്കാനും കര്‍ശന നിരീക്ഷണത്തോടും കൗണ്‍സിലിംഗോടും കൂടിയ പദ്ധതിയാണ് ''നമ്മുടെ പൊന്നോമനകള്‍''.

പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് ആവിഷ്‌കരിച്ച ഈ പദ്ധതി കോട്ടയം ജില്ലാ വനിതാ ഹെല്‍പ്പ് ലൈനിന്റെയും വനിതാ സെല്ലിന്റെയും സഹായത്തോടെയാണ് നടപ്പാക്കുന്നത്.

ലോക്ക്ഡൗണില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയതോടെ പെണ്‍കുട്ടികളെ വഴിതെറ്റിക്കാനും പ്രേമം നടിച്ച് വശീകരിക്കാനുമുള്ള ശ്രമങ്ങള്‍ ഏറിക്കൊണ്ടിരിക്കുകയാണ്. മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും ജാഗ്രതയും നിരീക്ഷണവും ഇത്തരം മോശപ്പെട്ട സംഭവങ്ങള്‍ തുടക്കത്തിലെ തന്നെ നുള്ളിക്കളയാന്‍ സഹായകമാകും.

അതുകൊണ്ടുതന്നെ പെണ്‍മക്കള്‍ക്കുണ്ടാകുന്ന എല്ലാ മാനസിക മാറ്റങ്ങളെയും കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സംശയങ്ങള്‍ തോന്നിയാല്‍ വനിതാ ഹെല്‍പ്പ്ലൈനിന്റെയും പോലീസിന്റെയും സഹായം തേടാന്‍ ഒരു നിമിഷംപോലും മടിക്കരുതെന്നും ഡി.വൈ.എസ്.പി. ഷാജു ജോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ പെരുമാറ്റ വൈകല്യങ്ങള്‍ ശ്രദ്ധയില്‍പെടുകയും ഇവര്‍ ഏതെങ്കിലും രീതിയില്‍ ചതിക്കുഴിയില്‍ വീണതായി മനസ്സിലാക്കുകയും ചെയ്താല്‍ എത്രയുംവേഗം വനിതാ ഹെല്‍പ്പ്ലൈനിന്റെ സഹായം തേടണം.

പാലാ സബ് ഡിവിഷനില്‍ ആരംഭിച്ച ഈ പദ്ധതി കോട്ടയം ജില്ലായിലുടനീളം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കോട്ടയം പോലീസ് ചീഫ് ഡി. ശില്പ അറിയിച്ചിട്ടുണ്ടെന്നും ഇത് വളരെ അഭിമാനകരമായി കാണുന്നുവെന്നും ഡി.വൈ.എസ്.പി. പറഞ്ഞു.

പത്രസമ്മേളനത്തില്‍ സി.ഐ.മാരായ കെ.പി. ടോംസണ്‍, കെ.എന്‍. രാജേഷ്, പ്രസാദ് എബ്രഹാം എന്നിവരും പങ്കെടുത്തു.

Advertisment