പാലാ: കടപ്പാട്ടൂര്‍ ബൈപാസില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരെ ബൈക്കില്‍ പിന്തുടര്‍ന്ന് എത്തിയവര്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഹെല്‍മറ്റ് വച്ച ബൈക്കുധാരികള്‍ വളരെ വേഗതയില്‍ കോട്ടയം റൂട്ടിലൂടെ വിട്ടുപോയി. ഇന്നലെ ഉച്ചയ്ക്ക് 12.37 ന് നടന്ന സംഭവം നാട്ടുകാരെ അമ്പരപ്പിച്ചു.
പക്ഷേ ഈ നാടകമെല്ലാം പാലാ ഡിവൈ.എസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിൽ പൊലിസ് നടത്തിയ മോക്ഡ്രില്ലിൻ്റെ ഭാഗമായിരുന്നു. പാലായിൽ തുടങ്ങിയ മോക്ഡ്രില്ലിൻ്റെ സസ്പെൻസ് അവസാനിച്ചത് കോട്ടയം തെള്ളകത്തായിരുന്നു.
കടപ്പാട്ടൂരിൽ "സംഭവം" നടന്ന ഉടന്‍ നാട്ടുകാർ പാലാ പോലീസിനെ വിവരം അറിയിച്ചു. രണ്ട് മിനിട്ടുനുള്ളില്‍ എസ്.ഐ അഭിലാഷും സംഘവും സംഭവ സ്ഥലത്തേക്ക് കുതിച്ചു. കൃത്യം നടന്ന് അഞ്ച് മിനിട്ടിനുള്ളില്‍ വിവരമറിഞ്ഞ് ഹൈവേ പട്രോളിംഗ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കാറിലാകെ ചോരപ്പാടുകള്‍.
പരിക്കേറ്റവരെയും കൊണ്ട് ആരോ ആശുപത്രിയിലേക്ക് പോയെന്ന വിവരം ലഭിച്ചു. പാലാ സി.ഐ കെ.പി. ടോംസണും സംഘവും അലേര്‍ട്ടായി. ബൈക്കില്‍ പാഞ്ഞവരെ കണ്ടെത്താന്‍ കോട്ടയം ജില്ലയിലുടനീലം ചെക്കിംഗിന് നിര്‍ദ്ദേശം നല്‍കി.
പരിക്കേറ്റവരെ അന്വേഷിച്ച് ഹൈവേ പോലീസ് പാലായിലെ വിവിധ ആശുപത്രികളില്‍ കയറിയിറങ്ങി. ഗുരുതരമായ ഈ സംഭവം അറിഞ്ഞയുടന്‍ കോട്ടയം എസ്.പി ഡി. ശില്പയുടെ നേതൃത്വത്തില്‍ പോലീസ് ജാഗരൂകരായി. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് എല്ലാ പോലീസ് സ്റ്റേഷനിലേക്കും സെറ്റിലൂടെ പ്രതികള്‍ രക്ഷപെട്ടതുള്‍പ്പെടെയുള്ള വവിരങ്ങള്‍ കൈമാറിയിരുന്നു. കെ.എല്‍. 35 18..ൽ തുടങ്ങുന്ന ഒരു ബൈക്കിലാണ് പ്രതികള്‍ രക്ഷപെട്ടതെന്ന സൂചന കിട്ടി.
കിടങ്ങൂര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും അവിടെ സി.ഐയും എസ്.ഐയും ഉണ്ടായിരുന്നില്ല. അവർ ഒരു കേസന്വേഷണവുമായി ദൂരെ ഒരു സ്ഥലത്തായിരുന്നു. ഒരു എ.എസ്.ഐ. സ്വന്തം ബൈക്കുമായി പ്രതികളെ തേടി പുറത്തിറങ്ങിയെങ്കിലും കണ്ടുകിട്ടിയില്ല.
കിടങ്ങൂരും പിന്നിട്ട്, ഏറ്റുമാനൂരും പിന്നിട്ട് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തെള്ളകത്തെത്തി. അവിടെ പ്രതികളെ ഹൈവേ പോലീസിന്റെ സംഘം കണ്ടെത്തി. അവര്‍ പ്രതികളുടെ പിന്നാലെ ഒരു കിലോമീറ്ററോറം ചേയ്സിംഗ് നടത്തി തെള്ളകത്തുവച്ച് ബൈക്ക് വിലങ്ങി.
ചാടിയിറങ്ങിയ ഹൈവേ പോലീസ് പിടിച്ചപിടിയാലെ രണ്ടുപേര്‍ക്കിട്ടും ഒന്നുപൊട്ടിച്ചു. അപ്പോഴവര്‍ ഐഡന്റിറ്റികാര്‍ഡ് എടുത്ത് കാണിച്ചു; ഒരാള്‍ ഈരാറ്റുപേട്ട സ്റ്റേഷനിലെയും ഒരാള്‍ തിടനാട് പോലീസ് സ്റ്റേഷനിലെയും സിവില്‍ പോലീസ് ഓഫീസര്‍മാരായിരുന്നു !!!
മോക്ഡ്രില്ലിന്റെ ഭാഗമായി നടത്തിയ ഈ വെട്ടിപരിക്കേല്‍പ്പിക്കലും തുടര്‍ന്നുള്ള പരക്കംപാച്ചിലുമെല്ലാം പല പോലീസ് ഉദ്യോഗസ്ഥർ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.
എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ പ്രധാന കേന്ദ്രങ്ങളിലും മോക്ഡ്രില്ലുകള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ഇന്നലെ പാലായിലും ഇങ്ങനെയൊരു മോക്ഡ്രില്‍ നടത്തിയത്. ഒരു അടിയന്തിര സംഭവം ഉണ്ടായാല്‍ പോലീസ് എങ്ങനെ ആക്ട് ചെയ്യുന്നുവെന്നും എന്തൊക്കെ പാളിച്ചകള്‍ ഉണ്ടാകുന്നുവെന്നും മനസ്സിലാക്കാനാണ് ഇത്തരം മോക്ഡ്രില്ലുകള്‍ നടത്തുന്നത്.
സംഭവത്തില്‍ അടിയന്തിരമായ സാഹചര്യം ഉണ്ടായിട്ടും കിടങ്ങൂര്‍ പോലീസിനും ഏറ്റുമാനൂര്‍ പോലീസിനും അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലുമുണ്ടായി. ഇങ്ങനെയൊരു യഥാര്‍ത്ഥ സംഭവം ഉണ്ടായാല്‍ ഇന്നലത്തെപ്പോലുള്ള പാളിച്ചകളും പോരായ്മകളും ഒഴിവാക്കാന്‍ പോലീസ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് മോക്ഡ്രില്‍ വ്യക്തമാക്കുകയും ചെയ്തു.