മൊബൈൽ ഫോൺ നഷ്ടപ്പെട്ടു, ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു... 27 കാരി ജീവിതം സ്വയം അവസാനിപ്പിച്ചു... വർഷങ്ങൾക്കു മുമ്പു നടന്ന കാര്യമാണെങ്കിലും ഇന്നും പ്രസക്തിയുണ്ട്... ''നമ്മുടെ പൊന്നോമനകള്‍ " പദ്ധതിയോടനുബന്ധിച്ച് സൈബര്‍സുരക്ഷാ സെമിനാറില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന ചതിക്കുഴികളെപ്പറ്റി വിശദീകരിച്ച് കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ രാജേഷ് മണിമല

author-image
സുനില്‍ പാലാ
Updated On
New Update

publive-image

''തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലിയുള്ള കൊല്ലം സ്വദേശിനിയായ ഒരു ഇരുപത്തേഴുകാരി. ഒരു യാത്രക്കിടയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. പോലീസില്‍ പരാതി കൊടുത്തെങ്കിലും കണ്ടെത്താനായില്ല.

Advertisment

രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഈ യുവതിയുടെ ചില സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. സ്വന്തം മാതാപിതാക്കളുടെ ഫോണില്‍വരെ ആ ദൃശ്യങ്ങളെത്തി. അപമാനം സഹിക്കവയ്യാതെ ആ യുവതി ഒരു മുഴം കയറില്‍ തന്റെ ജീവിതം അവസാനിപ്പിച്ചു'' പാലാ അല്‍ഫോന്‍സാ കോളേജിലെ ഇരുനൂറോളം വിദ്യാർത്ഥിനികളെ സാക്ഷിയാക്കി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ രാജേഷ് മണിമല പറഞ്ഞപ്പോള്‍ സദസ്സ് നിശബ്ദമായി.

"ഒരിക്കലും നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത സൈബര്‍ ലോകത്തെ ഈ ചതിക്കുഴികള്‍ നിങ്ങളെല്ലാവരും മനസ്സിലാക്കണം'' -സംഭവം വിശദീകരിച്ചുകൊണ്ട് രാജേഷ് മണിമല പറഞ്ഞു.

പാലാ അല്‍ഫോന്‍സാ കോളേജില്‍ എന്‍.എസ്.എസും വനിതാ സെല്ലും പാലാ പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ ''നമ്മുടെ പൊന്നോമനകള്‍ " പദ്ധതിയോടനുബന്ധിച്ച് സൈബര്‍സുരക്ഷാ സെമിനാറില്‍ സംസാരിക്കുന്നതിനിടയിലാണ് മൊബൈല്‍ ഫോണ്‍ ഉണ്ടാക്കുന്ന ചതിക്കുഴികളെപ്പറ്റി രാജേഷ് വിശദീകരിച്ചത്.

ഒരു കാരണവശാലും നമ്മുടെ സ്വകാര്യനിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ ആയോ ഫോട്ടോ ആയോ സൂക്ഷിച്ചുവയ്ക്കാതിരിക്കുക. മൊബൈല്‍ ഫോണുകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളുടേത് കേടായാല്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നമ്മുടെ ഫോണുകള്‍ മറ്റാര്‍ക്കും കൈമാറാനും പാടില്ല. നമ്മള്‍ ഫോണ്‍ മെമ്മറിയില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്താലും അത് വീണ്ടെടുക്കാമെന്ന് എല്ലാവരും മനസ്സിലാക്കണം - രാജേഷ് പറഞ്ഞു.

അതുപോലെ തന്നെ ഫോര്‍വേര്‍ഡ് ആയി ലഭിക്കുന്ന നിരുപദ്രവകാരികളെന്നു നമുക്ക് തോന്നുന്ന ഗുഡ്‌മോണിംഗ്, ഗുഡ് നൈറ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ, ആര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യുകയോ ചെയ്യരുത്. ഇതിലൊക്കെ ഒരുപാട് ചതിക്കെണികള്‍ ഒളിഞ്ഞിരിപ്പുണ്ട്.

ഒരു ഫയലിന്റെ മേലെ മറ്റൊരു ഫയല്‍ സൂക്ഷിച്ച് നമ്മുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെക്കുന്ന സ്റ്റഗണോഗ്രാഫി പോലുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. ഒപ്പം സ്‌പൈ ആപ്പുകളും നിരവധിയുണ്ട്.
നമ്മള്‍ ഒരു വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ നമ്മുടെ ബെഡ്‌റൂമില്‍ ഇരുന്ന് എടുക്കുന്ന ഒരു ചിത്രംപോലും അതേ സമയം തന്നെ പലരുടെ കൈകളില്‍ എത്തിയേക്കാമെന്ന കാര്യം മറക്കരുതെന്നും രാജേഷ് മണിമല പെണ്‍കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

മൊബൈല്‍ ഫോണ്‍മൂലം ഉണ്ടാകുന്ന ചതികളില്‍ നിന്ന് രക്ഷപെടുന്നതിനുള്ള വിവിധ സാങ്കേതിക ഉപായങ്ങളും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഈ ക്ലാസില്‍ പങ്കുവച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടിയും നല്‍കി. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസ് ആമുഖ പ്രസംഗം നടത്തി.

Advertisment