/sathyam/media/post_attachments/DpqWDRha8gxhwfU2Cjc1.jpg)
പാലാ: പതിറ്റാണ്ടുകളായി പൂട്ടി കിടക്കുന്ന ഇടമറ്റത്തെ പഴയ ഗവണ്‍മെന്‍റ് എല്‍പി സ്കൂളിന് ശാപമോക്ഷം ഉടനുണ്ടാകുമോ. അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇടമറ്റത്ത് ചക്കാല പള്ളിക്കുടം എന്ന പേരില്‍ എല്‍പി സ്കൂള്‍ സ്ഥാപിതമാകുകയും പിന്നീട് ഈ സ്കൂള്‍ സ്കൗട്ട് & ഗൈഡ്‌സ് വിഭാഗം ജില്ലാ പരിശീലന കേന്ദ്രമായി മാറുകയും ചെയ്തിരുന്നു.
എന്നാല്‍ സ്കൗട്ട് പരിശീലനവും ഏറെക്കാലം മുന്നോട്ടുപോയില്ല. അതോടെ പതിറ്റാണ്ടുകളായി അടഞ്ഞു കിടക്കുകയായിരുന്ന ഈ സ്കൂള്‍ കെട്ടിടം കാലപ്പഴക്കത്തിലും അനാസ്ഥയിലും തകര്‍ന്നിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പാലായ്ക്ക് അനുവദിക്കാന്‍ ആലോചിക്കുന്ന ഗവണ്‍മെന്‍റ് ഐടിഐ ഇടമറ്റത്ത് അനുവദിക്കാനാണ് പുതിയ നീക്കം. കേരള കോണ്‍ഗ്രസ് എം മീനച്ചില്‍ മണ്ഡലം കമ്മറ്റി ഈ ആവശ്യം ജോസ് കെ മാണിക്കു മുന്നില്‍ ഉന്നയിച്ചിരുന്നു. പാലായില്‍ അനുവദിക്കുന്ന ഐടിഐ ഇടമറ്റത്ത് പൂട്ടിക്കിടക്കുന്ന പഴയ ഗവണ്‍മെന്‍റ് എല്‍പി സ്കൂളില്‍ അനുവദിക്കണമെന്നാണ് ആവശ്യം.
ജോസ് കെ മാണി ഇടതു മുന്നണി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അധികാരികള്‍ കഴിഞ്ഞ ദിവസം ഇടമറ്റം ഗവണ്‍മെന്‍റ് എല്‍പി സ്കൂളില്‍ പരിശോധന നടത്തിയിരുന്നു.
ഒരേക്കറോളം സ്ഥലം ഇവിടെ ഐടിഐയ്ക്കായി ഉണ്ടെങ്കിലും നിലവിലെ കെട്ടിടം ഉപയോഗയോഗ്യമല്ല. അതിനാല്‍ ഐടിഐ ഇവിടെ സ്ഥാപിക്കണമെങ്കില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്ന് ജോസ് കെ മാണി ഉറപ്പു നല്‍കിയിട്ടുണ്ട്.
പക്ഷേ, കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാകും വരെ ക്ലാസുകള്‍ നടത്താന്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് താല്‍ക്കാലിക കെട്ടിടം കണ്ടെത്തി നല്‍കേണ്ടി വരും. ഇടതുമുന്നണി ഭരണത്തിലുള്ള മീനച്ചില്‍ ഗ്രാമപഞ്ചായത്ത് അതിനുവേണ്ട സൗകര്യം ഒരുക്കാന്‍ തയ്യാറായാല്‍ അര നൂറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച പഴയ ചക്കാല പള്ളിക്കുടം വീണ്ടും കേരളത്തിന്‍റെ വിദ്യാഭ്യാസ ഭൂപടത്തില്‍ ഇടം പിടിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us