തോബിയാസും റോണും രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ അഭിമാനമാതൃകകള്‍; കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം രാമപുരം പോലീസിനെ ഏല്പിച്ചു; സ്‌കൂള്‍ അസംബ്ലിയില്‍ ഇരുവര്‍ക്കും അനുമോദനം

author-image
സുനില്‍ പാലാ
Updated On
New Update

publive-image

രാമപുരം:സ്കൂൾ വാർഷികാഘോഷം കഴിഞ്ഞ് സന്തോഷത്തോടെ വീട്ടിലേക്ക് പോകവേ കണ്‍മുന്നില്‍ കണ്ട സുവര്‍ണ്ണത്തിളക്കത്തില്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ തോബിയാസ് തോമസിന്റെയും റോണ്‍ സനിലിന്റെയും കണ്ണ് മഞ്ഞളിച്ചില്ല. തൊട്ടു മുന്നില്‍ കണ്ട സ്വര്‍ണ്ണാഭരണം എടുത്തവര്‍ ഒട്ടും താമസിക്കാതെ രാമപുരം പോലീസ് സ്റ്റേഷനില്‍ ഏല്പിച്ച് മാതൃകയായി.

Advertisment

സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും ഇന്നലെ സ്‌കൂള്‍ വാര്‍ഷികത്തിന് ശേഷം കളിചിരികളുമായി മടങ്ങവെയാണ് വഴിയില്‍ സ്വര്‍ണ്ണ ഉരുപ്പടി കിടക്കുന്നത് കണ്ടത്.

രാമപുരം മൂഴയില്‍ തോമസ് കുര്യന്റെയും രാജിയുടെയും മകനാണ് തോബിയാസ് തോമസ്. വെള്ളിലാപ്പിള്ളി പായിക്കാട് സനില്‍ ജോസിന്റെയും ആല്‍ബിയുടെയും മകനാണ് റോണ്‍.

മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച കുട്ടികളെ ഇന്ന് രാവിലെ സെൻ്റ് അഗസ്റ്റ്യൻസ്
സ്‌കൂള്‍ അസംബ്ലിയില്‍ അനുമോദിക്കകുയും ഇവര്‍ക്ക് സ്‌കൂളിന്റെ വകയായി സ്‌നേഹസമ്മാനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

സ്‌കൂള്‍ മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സാബു ജോര്‍ജ്ജ്, സീനിയര്‍ അസിസ്റ്റന്റ് സാബു തോമസ്, റവ. ഫാ. ബോബി മാത്യു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ സത്യസന്ധതയെ രാമപുരം പോലീസും അഭിനന്ദിച്ചു.

ഉടമസ്ഥര്‍ അടയാളസഹിതം രാമപുരം പോലീസ് സ്റ്റേഷനില്‍ സമീപിച്ചാല്‍ ആഭരണങ്ങള്‍ എടുത്ത് നല്‍കിയ വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തില്‍ ഉടമസ്ഥന് ഇത് തിരികെ കൊടുക്കുമെന്ന് രാമപുരം എസ്.ഐ. പി.എസ്. അരുണ്‍കുമാര്‍ പറഞ്ഞു. എസ്. ഐ. യുടെ ഫോണ്‍: 9497980342.

Advertisment