പാലാ: "എന്റെ പൊന്നേ... ഒരു രക്ഷേമില്ല, ഈ തകര്‍ന്നുകിടക്കുന്ന റോഡില്‍ക്കൂടി വേണം ഞങ്ങള്‍ക്ക് സാധനംമേടിക്കാന്‍ പോകാന്‍, പിന്നെ പള്ളിക്കൂടത്തീപോകാനും. ഒരു ഓട്ടോറിക്ഷാപോലും ഇതുവഴി വരികേല, ആരോടുപറേണം എന്ന് ഞങ്ങള്‍ക്കറീത്തില്ല.
ഏതായാലും ഞങ്ങള് ഒരു വീഡിയോ എടുത്ത് ഫേസുബുക്കിലും വാട്‌സാപ്പിലും കൊടുക്കുവാ, ആരെങ്കിലും ഇതുകണ്ടിട്ട് റോഡൊന്നു നന്നാക്കീരുന്നെങ്കില്‍ എന്നാണാഗ്രഹം...''
ചക്കാമ്പുഴ അറയാനിക്കവലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനിരുദ്ധ് വിജയനും ഗോകുല്‍ സുനിലും ഫെബിന്‍ സജിയും ഐവിനും ആഷ്ബിനും ചേര്‍ന്നെടുത്ത വീഡിയോ ഇപ്പോള്‍ നാടാകെ വൈറലാണ്. അറയാനിക്കല്‍ കവല - വളക്കാട്ടുകുന്ന് റോഡ് തകര്‍ന്നതിന്റെ നേര്‍ചിത്രവും യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുമെല്ലാം ഈ കുട്ടികളെടുത്ത വീഡിയോയില്‍ വളരെ വ്യക്തമാണ്.
ചക്കാമ്പുഴ കൊണ്ടാട് റോഡിനെയും രാമപുരം റോഡിനെയും ബന്ധിപ്പിക്കുന്ന അറയാനിക്കല്‍ കവല - വളക്കാട്ടുകുന്ന് റോഡ് കഴിഞ്ഞ അഞ്ചു വര്‍ഷമായി മെറ്റലുകള്‍ ഇളകി ടാറിംഗ് നാമാവശേഷമായി തകര്‍ന്നു കിടക്കുകയാണ്. ഒരു വശം മണ്ണു തെളിഞ്ഞിരിക്കുന്നു. ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കഠിനമായ പൊടിപടലങ്ങളും ഉയരുകയാണ്.
രാമപുരം പഞ്ചായത്തിലെ ചക്കാമ്പുഴ വാര്‍ഡിലുള്ള ഈ റോഡ് നന്നാക്കാന്‍ അധികാരികള്‍ക്ക് ഒരു താത്പര്യവുമില്ലായെന്നാണ് വീഡിയോ എടുത്ത കുട്ടികള്‍പോലും കുറ്റപ്പെടുത്തുന്നത്. സഹികെട്ട നാട്ടുകാര്‍ പലപ്പോഴും റോഡിലെ കുഴികളില്‍ മണ്ണ് വാരിയിട്ടാണ് നികത്തിയിരുന്നത്.
റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാല്‍ ഇതുവഴി ഓട്ടോറിക്ഷായോ മറ്റ് ടാക്‌സി വാഹനങ്ങളോ ഒന്നും വരില്ല. അഥവാ വന്നാല്‍തന്നെ അമിത ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യും.
അറിയാനിക്കല്‍കവലയിലെ അംഗന്‍വാടി സ്ഥിതി ചെയ്യുന്നതും ഈ റോഡിനോട് ചേര്‍ന്നാണ്. ചക്കാമ്പുഴ, ചിറകണ്ടം, വെള്ളിലാപ്പിള്ളി വാര്‍ഡുകളിലെ നിരവധി കുട്ടികള്‍ ഈ അംഗനവാടിയില്‍ പഠിക്കുന്നുണ്ട്.
മന്ത്രി റോഷി അഗസ്റ്റിന്റെയും മുന്‍ എം.എല്‍.എ. ജോസഫ് വാഴക്കന്റെയും ജന്മസ്ഥലത്തുകൂടി അതിരിടുന്ന ഈ വഴിയോട് അധികാരികള്‍ എന്തേ കരുണ കാണികാത്തൂ എന്നാണ് നാട്ടുകാരുടെ ദയനീയമായ ചോദ്യം.
റോഡിന് 20 ലക്ഷം അനുവദിച്ചു, പക്ഷേ സ്വാഹ...
ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ സൗമ്യ സേവ്യറിന്റെ നേതൃത്വത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ.യെ കണ്ടു. അദ്ദേഹം എം.എല്‍.എ. ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപായും അനുവദിക്കുകയും ചെയ്തു.
എന്നാല്‍ എന്തോ സാങ്കേതിക കാരണം പറഞ്ഞ് ഈ തുകയും നഷ്ടപ്പെടുകയാണ് ഉണ്ടായതെന്ന് പഞ്ചായത്ത് മെമ്പര്‍ സൗമ്യ സേവ്യര്‍ പറയുന്നു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വീണ്ടും 20 ലക്ഷം രൂപാ ഈ വഴിക്ക് അനുവദിക്കാമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. വാഗ്ദാനം ചെയ്തിട്ടുള്ളതിലാണ് തങ്ങളുടെ ഏക പ്രതീക്ഷയെന്നും പഞ്ചായത്ത് മെമ്പര്‍ പറയുന്നു.
പഞ്ചായത്ത് ഫണ്ടില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുകകൊണ്ട് ആകെ തകര്‍ന്ന ഈ റോഡില്‍ ഒന്നും ചെയ്യാനില്ലെന്നും സൗമ്യ സേവ്യര്‍ ചൂണ്ടിക്കാട്ടുന്നു.