പാലാ: പ്രമേഹവും പ്രഷറുമുള്ളവര്‍ ആറുമാസത്തിലൊരിക്കലെങ്കിലും നിര്‍ബന്ധമായും വൃക്ക പരിശോധന നടത്തണമെന്ന് പ്രമുഖ വൃക്കരോഗ ചികിത്സകയും പാലാ മാര്‍സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. മഞ്ജുള രാമചന്ദ്രന്‍ പറഞ്ഞു.
അടുത്തിടെ മാര്‍ സ്ലീവാ ആശുപത്രിയില്‍ ഒരേ ദിവസം രണ്ട് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് ഡോ. മഞ്ജുള രാമചന്ദ്രനും സംഘവുമാണ്.
ലോകത്ത് പത്തില്‍ ഒരാള്‍ക്കുവീതം വൃക്കരോഗമുണ്ടെന്നാണ് ആധുനിക കാലഘട്ടത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഡോ. മഞ്ജുള പറഞ്ഞു. ജീവിതശൈലീരോഗങ്ങളുള്ളവര്‍ നിര്‍ബന്ധമായും മൂത്രപരിശോധന നടത്തണം.
വൃക്കരോഗം തുടക്കത്തിലെ കണ്ടുപിടിക്കാന്‍ യൂറിന്‍ റൊട്ടീന്‍ ടെസ്റ്റും മൈക്രോ ആല്‍ബുമിന്‍ ടെസ്റ്റും സഹായിക്കും. വൃക്കരോഗം കൂടുതല്‍ തീവ്രമായി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മാത്രമേ ക്രിയാറ്റിന്റെ അളവില്‍ വര്‍ദ്ധനവ് കാണിക്കൂവെന്നും ഡോ. മഞ്ജുള പറഞ്ഞു.
പ്രമേഹത്തിനും രക്ത സമ്മര്‍ദ്ദത്തിനും കഴിക്കുന്ന മരുന്നുകള്‍ വൃക്കയെ ദോഷകരമായി ബാധിക്കുന്നതല്ല. എന്നാല്‍ വേദനാസംഹാരികളുടെ തുടര്‍ച്ചയായുള്ള ഉപയോഗം വൃക്കയ്ക്ക് കടുത്ത ദോഷം ചെയ്യും.
പ്രമേഹത്തിന്റെ മരുന്നുകള്‍ വൃക്കയെ ബാധിക്കുന്നതാണെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹ ചികിത്സയ്ക്കായി അലോപ്പതി മരുന്നുകള്‍ കഴിക്കാന്‍ പലരും വിമുഖത കാണിക്കുന്നതും സ്ഥിതിഗതികള്‍ രൂക്ഷമാക്കും. ദീര്‍ഘകാലം പ്രമേഹരോഗത്തിന് ചികിത്സ കിട്ടാതിരുന്നാല്‍ അത് വൃക്കരോഗത്തിലേക്ക് നീങ്ങാം.
കാലിലെ നീര്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖം ഇടുമ്മിച്ചിരിക്കുക, കണ്‍പോളകള്‍ തടിച്ചിരിക്കുക, മൂത്രം പതഞ്ഞ് പോകുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വൃക്കപരിശോധന നടത്തേണ്ടതുണ്ട്.
വൃക്കയിലെ അനിയന്ത്രിതമായ കല്ലുകളും വില്ലനാണ്. തുടക്കത്തിലെ കണ്ടെത്തിയാല്‍ എണ്‍പതുശതമാനം വൃക്കരോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ. അതല്ലായെങ്കില്‍ ഡയാലിസിസിലേക്കും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലേക്കും പോകേണ്ടിവരും.
വൃക്ക മാറ്റിവച്ചവര്‍ക്ക് സാധാരണ ജീവിതം നയിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഡോ. മഞ്ജുള രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടി വരും.
വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള എല്ലാവിധ സംശയങ്ങള്‍ക്കും മറുപടി ലഭിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോൾ വിളിക്കാം; ഫോണ്‍ നമ്പര്‍ - 9947 967169.