പാലാ:ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ പാലാ നഗരഹൃദയത്തിലുള്ള ആല്‍ത്തറ ശ്രീ രാജരാജ ഗണപതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് മോഷണം നടത്താനുള്ള ശ്രമം വിഫലമായത് മിൽക്ക് ബാർ ഗോപിയുടെ അവസരോചിത ഇടപെടലിനെ തുടർന്ന്.
കരിങ്കല്ലിന് കാണിക്കവഞ്ചി ഇടിച്ചു തകര്‍ത്തെങ്കിലും തുകയൊന്നും എടുക്കാന്‍ ആജാനുബാഹുവായ കള്ളന് കഴിഞ്ഞില്ല.
ശ്രീ രാജരാജ ഗണപതി ക്ഷേത്രത്തിലെ നിത്യഭക്തനായ ഗോപിയാണ് എന്നും പുലര്‍ച്ചെ ആൽത്തറക്ഷേത്രത്തിൽ അടിച്ചുതളിയും വിളക്കുവയ്പ്പും മാലചാര്‍ത്തലുമെല്ലാം നടത്തുന്നത്.
ഇതെല്ലാം ഒരു നിമിത്തമാണെന്നാണ് 60കാരനായ ഗോപിയുടെ വിശ്വാസം. കഴിഞ്ഞ ദിവസം ഇദ്ദേഹവും സുഹൃത്തുക്കളും പളനിമലയ്ക്ക് യാത്രപോകാന്‍ തീരുമാനിച്ചു. പോകുന്ന അന്ന് രാവിലെ നോക്കുമ്പോള്‍ ഗണപതി ഭഗവാന്റെ പുടവ കത്തുന്നതാണ് കണ്ടത്.
ഗോപി ഇത് പെട്ടെന്ന് കെടുത്തി. തുടര്‍ന്ന് യാത്ര പോകുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോയെന്ന് മേല്‍ശാന്തിയോട് തിരക്കി; ഒരു ഗണപതിഹോമം വഴിപാട് നടത്തിയശേഷം പൊയ്‌ക്കോള്ളാനായിരുന്നു മറുപടി.
പളനിയ്ക്ക് പോയി ചൊവ്വാഴ് വൈകിട്ട് മടങ്ങിവന്ന ഗോപി എന്തുകൊണ്ടോ മുത്തോലിയിലെ വീട്ടിലേക്ക് പോയില്ല. പകരം മില്‍ക്കുബാര്‍ റെസ്റ്റോറന്റില്‍ തന്നെ കിടന്നു. രാത്രി പന്ത്രണ്ടു മണിയായതോടെ കല്ലെടുത്തിടിച്ച് ഗ്രില്ല് ആരോ തകര്‍ക്കുന്ന ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്ന ഗോപി പെട്ടെന്ന് കതകു തുറന്നു.
പൊടുന്നനെ അഞ്ചരയടിയോളം ഉയരമുള്ള കൂര്‍ത്ത കമ്പികള്‍ നാട്ടിയ മതില്‍ ചാടികടന്ന് ഒരാള്‍ ഓടുന്നതാണ് കണ്ടത്. അപ്പോള്‍തന്നെ ഗോപി ദേവസ്വം ജീവനക്കാരെയും പാലാ പോലീസിനെയും വിവരം അറിയിച്ചു. ഇരുകൂട്ടരും ഞൊടിയിടയില്‍ സ്ഥലത്തെത്തി പരിസരപ്രദേശങ്ങളാകെ തിരച്ചില്‍ നടത്തിയെങ്കിലും കള്ളനെ കണ്ടെത്തിയില്ല.
എല്ലാ ദിവസവും വീട്ടില്‍ പോയി കിടന്നുറങ്ങുന്ന തനിക്ക് അന്ന് വീട്ടില്‍ പോകാതെ മില്‍ക്കുബാര്‍ റസ്റ്റോറന്റില്‍ തന്നെ കിടക്കാന്‍ തോന്നിയത് ഭഗവത് നിയോഗമാണ് എന്നുതന്നെയാണ് ഗോപി വിശ്വസിക്കുന്നത്. ഗോപി ഉണര്‍ന്നതുകൊണ്ട് മാത്രമാണ് മോഷണം നടക്കാത്തതും കള്ളന്‍ ഓടി രക്ഷപെട്ടതും.
ഗണപതി ഭഗവാനെ നിത്യം മനമുരുകി പ്രാര്‍ത്ഥിക്കുന്ന ഗോപിക്ക് ഒരു കോടി രൂപയുടെ ലോട്ടറിയടിച്ച മുന്‍ അനുഭവവുമുണ്ട്. ഇതെല്ലാം ആൽത്തറ ശ്രീ രാജരാജ ഗണപതിയുടെ കൃപാകടാക്ഷമാണെന്നാണ് ഇദ്ദേഹത്തിൻ്റെ വിശ്വാസം.