കോട്ടയം: കോണ്‍ഗ്രസിലെ പടല പിണക്കത്തിന് പിന്നാലെ തര്‍ക്കം യുഡിഎഫിലേക്ക് കൂടി നീണ്ടതോടെ കോട്ടയത്ത് യുഡിഎഫ് കടുത്ത പ്രതിസന്ധിയില്‍.
യുഡിഎഫിന്റെ ജില്ലാ നേതാക്കള്‍ക്കെതിരെ പരാതി പ്രവാഹമാണ്. സ്വന്തം നിലയറിഞ്ഞല്ല ജില്ലാ ചെയര്‍മാനും കണ്‍വീനറും ഡിസിസി പ്രസിഡന്റും പ്രവര്‍ത്തിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
കെ-റെയില്‍ വിരുദ്ധ സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയിട്ടും ഡിസിസി പ്രസിഡന്റ് പരിപാടിയില്‍ പങ്കെടുക്കാതെ വന്നതോടെയാണ് ജില്ലയിലെ യുഡിഎഫ് സംവീധാനത്തിനെതിരെ പരാതി ഉയര്‍ന്നത്.
ഡിസിസി പ്രസിഡന്റിന്റെ പേരും പടവും ബാനറില്‍ ഇല്ലാതിരുന്നതും പരിപാടി ഔദ്യോഗികമായി അറിയിക്കാത്തതുമാണ് നാട്ടകം സുരേഷിനെ ചൊടിപ്പിച്ചത്.
ഡിസിസിയിലെ യോഗവും പ്രസിഡന്റിനെ ഒളിച്ച് !
നേരത്തെ സമരത്തെ കുറിച്ച് ആലോചിക്കാന്‍ ഡിസിസിയില്‍ ചേര്‍ന്ന യോഗവും ഡിസിസി പ്രസിഡന്റിനെ അറിയിച്ചില്ലെന്നാണ് ആക്ഷേപം. ഇത് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കത്തെ തുടര്‍ന്നാണെന്നാണ് സൂചന.
യുഡിഎഫിന്റെ ജില്ലാ ഭാരവാഹികളും ഡിസിസി പ്രസിഡന്റും തമ്മില്‍ കടുത്ത ഭിന്നതയാണുള്ളത്. കെപിസിസി ജനറല്‍ സെക്രട്ടറിയായിട്ടും യുഡിഎഫിന്റെ ജില്ലാ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു നല്‍കാന്‍ ജോസി സെബാസ്റ്റിയന്‍ തയ്യാറായിട്ടില്ല.
ഇതാണ് ഡിസിസി പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഇതിനു പുറമെ ജില്ലയിലെ പല പരിപാടികളിലും ജനറല്‍ സെക്രട്ടറി അനാവശ്യ ഇടപെടല്‍ നടത്തുന്നുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നേതാക്കള്‍ ഒരുപാടുണ്ടായിട്ടും ഒരാള്‍ രണ്ടു പദവി വഹിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ എതിരഭിപ്രായമുണ്ട്.
ഇതോ ചെയർമാൻ .. ?
ഇതിനു പുറമെ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന സജി മഞ്ഞക്കടമ്പനെതിരെയും ഡിസിസിക്ക് പരാതിയുണ്ട്. ഒരു പരിപാടികളും കൃത്യമായി അറിയിക്കാതെ നടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്നും പലതും മുന്നണിയുടെ അന്തസിന് യോജിക്കാത്ത വിധമുള്ളതാണെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു.
ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പോലെ മുതിർന്ന നേതാക്കളുള്ള ജില്ലയിൽ 100 പ്രവർത്തകർ തികച്ചില്ലാത്ത പാർട്ടിയുടെ പ്രാദേശിക നേതാവിനെ ചെയർമാനാക്കിയതും ഏകോപനത്തെ ബാധിക്കുന്നുണ്ട്.
മോൻസോ ലാലിയോ വരട്ടെ ..
കേരളാ കോൺഗ്രസിന് തന്നെ ചെയർമാൻ സ്ഥാനം നൽകണമെങ്കിൽ മോൻസ് ജോസഫോ വിജെ ലാലിയോ പോലുള്ള പക്വതയുള്ള നേതാക്കളെ ഈ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നു.
ഇത്തരം പ്രശ്നങ്ങൾ കാരണം ജില്ലയിൽ യു ഡി എഫിന്റെ മൂന്നു പ്രധാന ഭാരവാഹികളും മൂന്നു തട്ടിലാണ്. അതിനാൽ തന്നെ യു ഡി എഫ് പരിപാടികൾക്ക് യാതൊരു ഏകോപനവും ഉണ്ടാകുന്നുമില്ല .
പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ജില്ലാ ഭാരവാഹികൾ ഡി സിസി അധ്യക്ഷനെ അറിയിക്കാൻ വിട്ടുപോയതും ഈ ഏകോപനമില്ലായ്മയുടെ പ്രശ്നം തന്നെയാണ്. ഇതോടെ യുഡിഎഫ് ജില്ലയിൽ ആകമാനം അപമാനിതമാക്കപ്പെട്ട സാഹചര്യമാണ് ഉണ്ടായത്.
നാട്ടകം നടക്കണം ..
അതേസമയം എന്തിന്റെ പേരിലായാലും പ്രതിപക്ഷ നേതാവ് പങ്കെടുത്ത പരിപാടിയില്‍ നിന്നും ഡിസിസി പ്രസിഡന്റ് വിട്ടു നിന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കും ഇക്കാര്യത്തിൽ എതിരഭിപ്രായമില്ല. ഇതോടെ സംഭവത്തില്‍ ഡിസിസി പ്രസിഡന്റിനോട് കെപിസിസി വിശദീകരണം തേടിയിട്ടുണ്ട്. ഇന്ദിരാ ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകാനാണ് നിർദേശം എന്നാണ് റിപ്പോർട്ട് .