കോട്ടയം:കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും കനത്ത തോല്‍വി ഏറ്റുവാങ്ങിയപ്പോഴും ഒരുവിധം പിടിച്ചു നിന്ന ജില്ലയാണ് കോട്ടയം. ആകെയുള്ള ഒമ്പതു സീറ്റില്‍ നാലെണ്ണം നേടാന്‍ യുഡിഎഫിന് കഴിഞ്ഞു. കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടതിന്റെ ക്ഷീണം കാര്യമായി ഏൽക്കാത്ത ജില്ലയും കോട്ടയം മാത്രമായിരുന്നു.
എന്നാല്‍ ആ കോട്ടയത്താണ് ഇപ്പോള്‍ യുഡിഎഫില്‍തന്നെ ഗ്രൂപ്പു കളി തുടങ്ങിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കം മുതിര്‍ന്ന നേതാക്കളുള്ള ജില്ലയില്‍ ഒന്നിനും കൊള്ളാത്ത നേതാക്കളെ യുഡിഎഫ് നേതൃത്വത്തില്‍ വച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഉയരുന്ന വിമര്‍ശനം.
നിയമസഭാ തെരഞ്ഞെടുപ്പ് വരെ ജില്ലയില്‍ യുഡിഎഫിനുണ്ടായിരുന്ന നേതൃത്വമല്ല അതിനു ശേഷം ഉണ്ടായത്. ജില്ലയിലെ ഒരു സീറ്റില്‍ മത്സരിക്കാനാഗ്രഹിച്ച നേതാവിന് സീറ്റ് നിഷേധിച്ചപ്പോള്‍ അഡ്ജസ്റ്റ്‌മെന്റിനായി പദവി നല്‍കേണ്ടി വന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ പ്രധാനം. പാര്‍ട്ടിയിലെ ഉന്നത നേതാവിനോട് രാഷ്ട്രീയ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് ഇയാള്‍ പദവി നേടിയെടുത്തതെന്നാണ് അന്നു സ്വന്തം പാർട്ടിയിൽ നിന്നുതന്നെ പുറത്തുവന്ന വിവരം.
ചില 'കാളവണ്ടി സമര'ങ്ങളുടെ നായകനായ ഇദ്ദേഹത്തോടൊപ്പം വേദിയില്‍ ഇരിക്കാനാവില്ലെന്ന് ഒരു പ്രധാന ഘടകകക്ഷികയുടെ നേതാവ് പറഞ്ഞതിനെ തുടര്‍ന്ന് മുമ്പ് ഇദ്ദേഹത്തിന് പദവി നല്‍കാതെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ ഒരു സമാധാനിപ്പിക്കല്‍ പദവി ഇദ്ദേഹത്തിന് നല്‍കുകയായിരുന്നു.
പദവിയിലെത്തിയതോടെ യുഡിഎഫിന്റെ സഹഭാരവാഹികളിലൊരാളുമായി ചേര്‍ന്ന് യുഡിഎഫിന് തുരങ്കം വയ്ക്കുന്ന നടപടി ഇദ്ദേഹം തുടങ്ങി. നേരത്തെ ഗ്രൂപ്പുകളി സ്ഥിരമാക്കിയ ഈ സഹഭാരവാഹിയെ ഒതുക്കാനായി നല്‍കിയതായിരുന്നു യുഡിഎഫ് പദവി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം സ്വന്തം തദ്ദേശ വാര്‍ഡില്‍ മത്സരിച്ച് മൂന്നാം സ്ഥാനത്തായ ഈ നേതാവാകട്ടെ പാര്‍ട്ടിയില്‍ ഉന്നത പദവി കിട്ടിയിട്ടും യുഡിഎഫിലെ പദവി ഉപേക്ഷിച്ചില്ല. ഇതില്‍ കടുത്ത പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്.
പ്രാദേശിക തലത്തില്‍ പോലും കൃത്യമായ പ്രവര്‍ത്തന പരിചയമില്ലാത്ത ഈ നേതാക്കളുടെ നേതൃത്വത്തില്‍ ഇനി മുന്നോട്ടുപോയാൽ ഉള്ള ആളുകൂടി മുന്നണി വിടുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അതുകൊണ്ടു ഈ നേതാക്കളെ അടിയന്തരമായി നേതൃ സ്ഥാനത്തുനിന്നും നീക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഇവരെ മാറ്റുന്ന കാര്യം പാര്‍ട്ടി നേതൃത്വങ്ങളും ആലോചിക്കുന്നുണ്ട്.