പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രാസംഗികനുമായ ഇടമറ്റം രത്‌നപ്പന്‍ വിടവാങ്ങി ! അന്തരിച്ചത് മീനിച്ചില്‍ താലൂക്കിലെ സാംസ്‌ക്കാരിക മുന്നേറ്റത്തിന് അടിത്തറ പാകിയ കര്‍മയോഗി. ഓര്‍മയായത് അഴീക്കോട്, എംപി മന്മഥനടക്കമുള്ള സാംസ്‌ക്കാരിക പ്രതിഭകളുടെ സമകാലികന്‍ ! ദീര്‍ഘകാലം അസീസി മാസികയുടെ എഡിറ്ററും ക്രൈസ്തവ ദേവാലയങ്ങളിലെ പ്രഭാഷകനുമായ ഇടമറ്റം രത്‌നപ്പന്റെ വേര്‍പാട് കോട്ടയത്തിന്റെ സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

കോട്ടയം: പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രാസംഗികനുമായ ഇടമറ്റം രത്‌നപ്പന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisment

നന്നേ ചെറുപ്പത്തിലെ ഗാന്ധിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായി ആ ജീവിത രീതി പിന്തുടര്‍ന്ന രത്‌നപ്പന്‍ മികച്ച വാഗ്മിയുമായിരുന്നു. ഇടമറ്റം വരകപ്പള്ളി എന്‍എസ്എസ് ട്രയിനിങ് സ്‌കൂളില്‍ അധ്യാപകനായിരുന്നു. രണ്ടു ഡസനിലേറെ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

'ഞാനെന്ന ഭാവം', 'പ്രസംഗകലയിലെ കൈത്തിരി' തുടങ്ങിയ പുസ്തകങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഗാന്ധിയുടെ ജീവചരിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തതും ഏറെ ശ്രദ്ധേമായി.

സുകുമാര്‍ അഴീക്കോട് അടക്കമുള്ള സാഹിത്യകാരന്‍മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിന്റെ അവതാരികയെഴുതിയതും അഴീക്കോടായിരുന്നു. പ്രമുഖ ഗാന്ധിയനും വിദ്യാഭ്യാസവിചഷണനുമായിരുന്ന എംപി മന്മഥനുമായും ഇടമറ്റം രത്‌നപ്പന് അടുത്ത ബന്ധമുണ്ടായിരുന്നു.

പതിറ്റാണ്ടുകളോളം ഭരണങ്ങാനത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന കപ്പൂച്ചിന്‍ സഭാ പ്രസിദ്ധീകരണമായ അസീസിയുടെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രൈസ്തവ ദേവാലയങ്ങളിലെ ആത്മീയ പ്രഭാഷണങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് പൂവരണി അമ്പലം ജംഗ്ഷനിലുള്ള മകള്‍ ജ്യോതിയുടെ  വീട്ടില്‍ എത്തിക്കും. സംസ്‌കാരം നാളെ 2 മണിക്ക് പൂവരണിയിലെ വീട്ടുവളപ്പില്‍ (നന്ദികാട്) നടക്കും.  ഭാര്യ: രമണി പാല വൈപ്പന കുടുംബാംഗമാണ്. മക്കള്‍: ജ്യോതി, രശ്മി

Advertisment