പാലാ:ഉപാസനാ സിദ്ധിയിലൂടെ സൂര്യഭഗവാനെയും മഹാഗണപതിയെയും പ്രത്യക്ഷമാക്കിയ, ഉഗ്രയക്ഷിയെ തളച്ച പാരമ്പര്യമുള്ള സൂര്യകാലടി മനയിലെ ഇപ്പോഴത്തെ നേതൃസ്ഥാനീയനും മാന്ത്രിക - താന്ത്രിക കുലപതിയുമായ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അത്യപൂർവ്വമായ "ഇരട്ട മഹാലക്ഷാർച്ചനയ്ക്കായി " പാലാ ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെത്തുന്നു. സമസ്ത ജീവ ജാലങ്ങൾക്കും ഐശ്വര്യം ചൊരിയുന്ന ഇരട്ട മഹാലക്ഷാർച്ചന മെയ് 21, 22 തീയതികളിലാണ് കാവിൻ പുറം ക്ഷേത്രസന്നിധിയിൽ നടക്കുന്നത്.
സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിനെപ്പറ്റി; സൂര്യകാലടി മനയിലെ ഓരോ കാലത്തേയും പ്രധാനികളും, തലമുറകളിലെ ആൺ പ്രജകളും 'സൂര്യൻ' എന്ന പേര് നേടുന്നു. പണ്ട് പ്രത്യക്ഷനായ സൂര്യഭഗവാൻ്റെ അനുഗ്രഹ- ഉപദേശപ്രകാരമാണിതെന്നാണ് വായ്മൊഴി പകർച്ച.
സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടാണ് ഇന്നത്തെ തലമുറയിൽ സൂര്യകാലടി മനയിലെ പ്രധാന താന്ത്രിക - മാന്ത്രിക ആചാര്യൻ.
സൂര്യൻ സുബ്രഹ്മണ്യൻ വളരെ ചെറുപ്പത്തിൽ തന്നെ തന്റെ 'ദീക്ഷ' നേടി. 23 വയസ്സുള്ളപ്പോൾ അദ്ദേഹം "അധി ദീക്ഷ"( പാരമ്പര്യ പ്രോക്തമായ മാന്ത്രിക - താന്ത്രിക വിധികൾ ഉപദേശമായി കിട്ടുന്ന പദ്ധതി ) നേടി. സൂര്യകാലടി മനയിൽ, "അധി ദീക്ഷ' നേടുന്നത് ഒരു പൈതൃകമാണ്, ഇത് അപൂർവ്വവുമാണ്.
നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതിലും സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
കേരളത്തിലെ ഇന്നത്തെ പ്രധാന നമ്പൂതിരിമാരിൽ വിപ്ലവകാരിയാണ് ഇദ്ദേഹം; തന്റെ വീടായ സൂര്യകാലടി മനയിൽ നടക്കുന്ന പൂജകളിൽ എല്ലാ ജാതിക്കാരെയും പങ്കെടുപ്പിക്കുന്നതിനുള്ള നടപടി ഇദ്ദേഹം സ്ഥിരമായി സ്വീകരിച്ചു വരുന്നു. ഈശ്വരനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന വ്യക്തമായ കാഴ്ചപ്പാടും ഇദ്ദേഹത്തിനുണ്ട്.
ഇന്ത്യൻ സേനയുടെ ആഗ്രഹപ്രകാരം ചൈനയും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും അതിർത്തി പങ്കിടുന്ന തന്ത്രപ്രധാനമായ ലഡാക്ക് ഘാർ തുംഗ് ലാ പാസ്സിൽ "വീര ഗണപതിയെ" പ്രതിഷ്ഠിച്ചത് സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടാണ്. ഇവിടെയുള്ള സൈനികർ നിത്യവും ഈ വീരഗണപതിയെ വണങ്ങുന്നു.
ദോഷകരമായ രാശി ക്രമീകരണത്തിന്റെ പിൻബലമുള്ള ഒരു അശുഭസൂചനയെ തുടർന്ന്, അണക്കെട്ട് സംരക്ഷിക്കാൻ ദൈവാനുഗ്രഹം തേടി ഭട്ടതിരിപ്പാട് രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇടുക്കിയിലെ മുല്ലപ്പെരിയാറിനടുത്തുള്ള ചപ്പാത്തിൽ കാർത്യവീര്യാർജ്ജുന യജ്ഞം നടത്തിയിരുന്നു. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുരോഹിതന്മാർ പങ്കെടുത്ത ശ്രദ്ധേയമായ ഒരു ചടങ്ങായിരുന്നു അത്.
ഇപ്പോൾ ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ നടക്കാൻ പോകുന്ന ഇരട്ട മഹാലക്ഷാർച്ചനയും അത്യപൂർവ്വമായ ചടങ്ങാണ്. 21-ന് രാവിലെ അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് ഈ മഹാ അർച്ചനയ്ക്ക് തുടക്കം കുറിക്കും.
ഇരട്ട ലക്ഷാർച്ചന മണ്ഡപത്തിൽ ഉമാ മഹേശ്വരന്മാർക്കൊപ്പം മുപ്പത്തിമുക്കോടി ദേവതകളുടെയും സാന്നിധ്യമുണ്ടാകുമെന്നാണ് സങ്കൽപ്പം.
നാമമന്ത്രങ്ങൾ തുടരെ ഉയരുന്ന ഇരട്ട മഹാ ലക്ഷാർച്ചനാ സന്നിധിയിൽ പങ്കെടുക്കുമ്പോൾ മനസ്സിനും ശരീരത്തിനും പുത്തനുണർവ്വുണ്ടാകു (വളരെ ഉയർന്ന പോസിറ്റീവ് എനർജി) ന്ന ഒട്ടേറെ അത്ഭുത സിദ്ധിവിശേഷങ്ങൾ നടക്കാറുണ്ട്.
ഭക്തജനങ്ങൾക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയുന്നതു കൂടിയാണ് ഈ ഇരട്ട ലക്ഷാർച്ചന എന്ന സവിശേഷതയുമുണ്ട്. പുഷ്പങ്ങൾ, എണ്ണ, അരി തുടങ്ങിയവ ഭക്തർക്ക് ലക്ഷാർച്ചന വേദിയിൽ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 9745 260 444, 9446 579399, 9400 961005, 9447 309361 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.