കൊഴുവനാലിൽ അര്‍ദ്ധരാത്രി കാറ്ററിംഗ് സ്ഥാപനത്തിന്റെ മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനം അടിച്ചുതകര്‍ത്തു രക്ഷപ്പെട്ട അക്രമിസംഘത്തെ പാലാ പോലീസ് പിടികൂടി

author-image
സുനില്‍ പാലാ
Updated On
New Update

publive-image

കോട്ടയം: കൊഴുവനാലിൽ അര്‍ദ്ധരാത്രി കാറ്ററിംഗ് സ്ഥാപനത്തിന്റെ മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനം അടിച്ചുതകര്‍ത്തു രക്ഷപ്പെട്ട അക്രമിസംഘത്തെ പാലാ പോലീസ് പിടികൂടി. അടൂര്‍ കടമ്പനാട് നോര്‍ത്ത് വിഷ്ണുഭവനില്‍ വിഷ്ണുരാജന്‍ (29), തൃക്കുന്നപ്പുഴ പതിയാങ്കര കല്ലന്റെ തറയില്‍ അനന്ദു (21), കടമ്പനാട് കാഞ്ഞിരവിളവടക്കേതില്‍ ശ്യാംരാജ് (30) എന്നിവരെയാണ് പാലാ സി.ഐ. കെ.പി. ടോംസണും സംഘവും ചേര്‍ന്ന് പിടികൂടിയത്.

Advertisment

പാലാ കൊഴുവനാലുള്ള കേറ്ററിംഗ് സ്ഥാപനത്തിന് മുന്നില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടുകൂടി മാരകായുധങ്ങളുമായി മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ഇന്നോവയില്‍ എത്തിയ പ്രതികള്‍ അടിച്ചു തകര്‍ത്തത്.

സിസിടിവിയില്‍ നിന്നും അക്രമികളുടെ ചിത്രം കണ്ടെത്തിയിരുന്നു. വാഹന ഉടയുടെ പരാതിപ്രകാരം പാലാ പോലീസ് കേസെടുത്ത് ഉടന്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രതികളെക്കുറിച്ച് പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ വാഹന പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്നും പ്രതികളെയും ഇവര്‍ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനവും പിടികൂടുകയായിരുന്നു.

സംഭവ ദിവസം വൈകിട്ട് വാഹനം സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് കാറ്ററിംഗ് സ്ഥാപനത്തിലെ ഡ്രൈവറും പ്രതികളുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രകോപിതരായ പ്രതികള്‍ തൊടുപുഴയില്‍ എത്തിയതിനുശേഷം തിരികെ അടൂരിലേക്ക് പോകുംവഴിയാണ് അക്രമം നടത്തിയത്.

സി.ഐ. കെ.പി. ടോംസണൊപ്പം പോലീസുകാരായ ജസ്റ്റിന്‍, മഹേഷ്, രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ പാലാ കോടതിയില്‍ ഹാജരാക്കി.

Advertisment