കോട്ടയം: ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയോടെ സംസ്ഥാന നേതൃത്വം. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം പങ്കെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് നേതാക്കള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്.
ഡിസിസി പ്രസിഡന്റിനെയും പ്രവര്‍ത്തകരെയും സാക്ഷിയാക്കിയാണ് കെപിസിസി നേതൃത്വം ഡിസിസിക്കെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഡിസിസി പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോള്‍ അവരുടെ പ്രകടനം കൃത്യമായി വിലയിരുത്തി മാത്രമെ തുടരാന്‍ അനുവദിക്കുകയുള്ളൂവെന്ന അന്നത്തെ ധാരണ സുധാകരന്‍ ഇന്നും ഓര്‍മ്മപ്പെടുത്തി.
പ്രവര്‍ത്തിക്കാത്ത നേതാക്കളെ മാറ്റുമെന്നും കോട്ടയത്തെ പ്രവര്‍ത്തനം കുറച്ചു നാള്‍ കൂടി നിരീക്ഷിക്കുകയാണെന്നുമുള്ള മുന്നറിയിപ്പ് കെപിസിസി പ്രസിഡന്റ് നല്‍കി. കോട്ടയത്ത് പാര്‍ട്ടി പ്രവര്‍ത്തനം ശരാശരിക്കും താഴെയാണെന്ന വിമര്‍ശനമാണ് അദ്ദേഹം ഉയര്‍ത്തിയത്.
നേരത്തെ മെമ്പര്‍ഷിപ്പ്, സിയുസി രൂപീകരണം തുടങ്ങിയ മേഖലകളില്‍ കോട്ടയം ജില്ല ഏറെ പിന്നിലായിരുന്നു. അതിനിടെ യോഗത്തിനെത്തിയ പ്രതിപക്ഷ നേതാവിന്റെ വക ഡിസിസി പ്രസിഡന്‍റിന് ഒരു കൊട്ടും കിട്ടി. താനും കെപിസിസി പ്രസിഡന്റും ഒരുമിച്ച് കോട്ടയത്ത് വന്നത് ഏതെങ്കിലും പ്രശ്‌നം പരിഹരിക്കാനല്ലെന്നും അതിന് അത്രവലിയ ആളുകള്‍ ഇവിടെയില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.
എല്ലാ ജില്ലയിലെയും പോലെ മാത്രമെ ഇവിടെയും വന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് കെ-റെയില്‍ വിരുദ്ധ സമരത്തിനെത്തിയപ്പോള്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിട്ടു നിന്നിരുന്നു. ഇതേ തുടര്‍ന്ന് നാട്ടകം സുരേഷിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.
അതിനിടെ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തിലും പാര്‍ട്ടിക്കും യുഡിഎഫ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തുനിന്നും ജോസി സെബാസ്റ്റിയനെ നീക്കിയേക്കും. ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫിന്റെ പ്രവര്‍ത്തനവും സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായും കോണ്‍ഗ്രസ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.
നിലവില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍. അതിനാല്‍ തന്നെ ചെയര്‍മാനെ മാറ്റണമെങ്കില്‍ കേരള കോണ്‍ഗ്രസിനേക്കൂടി വിശ്വാസത്തിലെടുക്കണം. അതിനായി പിജെ ജോസഫ്, മോന്‍സ് ജോസഫ് എന്നിവരുമായും ചര്‍ച്ച ഉണ്ടാകും.