പാലാ റിവര്‍വ്യൂ റോഡില്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡ് പരിസരം വാഹനയാത്രക്കാർക്ക് പേടിസ്വപ്നമായി മാറുന്നു !

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: സ്ഥിരം അപകട മേഖല ! പാലാ റിവര്‍വ്യൂ റോഡില്‍ നിന്നുള്ള ടൗണ്‍ ബസ് സ്റ്റാന്‍ഡ് കവാടം വാഹനയാത്രക്കാർക്ക് എന്നും പേടി സ്വപ്നമാണ്. ഇന്നലെ ബൈക്കില്‍ കാറിടിച്ചതാണ് ഒടുവിലുത്തെ അപകടം.

Advertisment

ബൈക്ക് യാത്രികനായ കോട്ടയം സ്വദേശി ആതില്‍ (26) റോഡില്‍ തലയിടിച്ച് വീണെങ്കിലും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. റിവര്‍ വ്യൂറോഡില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡിലേക്ക് പെട്ടെന്ന് തിരിഞ്ഞു കയറുന്നതാണ് അപകടകങ്ങള്‍ക്ക് പ്രധാന കാരണം.

ഇന്നലെ വൈകിട്ട് യുവാവ് ബൈക്കില്‍ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു. ഈ സമയമാണ് പിന്നാലെയെത്തിയ കാര്‍ ബൈക്കിലിടിച്ചത്. ഇത്തരത്തില്‍ നിരവധി അപകടങ്ങളാണ് ബസ് സ്റ്റാന്‍ഡിന്റെ റിവര്‍വ്യൂ റോഡ് ഭാഗത്ത് നിത്യവും ഉണ്ടാകുന്നത്.

റിവര്‍വ്യൂ റോഡിലൂടെ വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ പൊടുന്നനെ ബസ് സ്റ്റാന്‍ഡിലേക്ക് തിരിക്കുമ്പോള്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ ഇടിച്ചാണ് അപകടങ്ങളിലേറെയും ഉണ്ടാകുന്നത്. ഇവിടെ ഒരു വശത്ത് കോട്ടയം റൂട്ടിലേക്കുള്ള ബസുകളുടെ പാര്‍ക്കിംഗ് ആയതിനാല്‍ മിക്ക വാഹനങ്ങളും വലതുവശം ചേര്‍ന്നാണ് വരുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്.

കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ റിവര്‍വ്യൂ റോഡില്‍ അധികനേരം പാര്‍ക്ക് ചെയ്യിക്കാതിരിക്കുക, റിവര്‍വ്യൂ റോഡിലൂടെയുള്ള വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുക തുടങ്ങിയവ നടപ്പിലാക്കയാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും.

അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം

പാലാ റിവര്‍വ്യൂ റോഡിന്റെ ടൗണ്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തുകൂടി അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്കെതിരെ നിയമപാലകര്‍ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് പാലാ പൗരാവകാശ സമതി പ്രസിഡന്റ് ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.

റിവര്‍വ്യൂ റോഡ് ഭാഗത്തെ ടൗണ്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ തുടരെ അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ വേഗത നിയന്ത്രണം അത്യാവശ്യമാണെന്നും പാലാ പൗരാവകാശ സമിതി ചൂണ്ടിക്കാട്ടുന്നു.

Advertisment