പാലാ: പാലായില്‍ ഡിവൈഎസ്‌പിമാർ വാഴുന്നില്ല. അടിക്കടിയുള്ള സ്ഥലംമാറ്റത്തിലൂടെ ഡിവൈഎസ്‌പിമാരെ പാലായില്‍ മാറിമാറി പരീക്ഷിക്കുകയാണ്. നിലവിലെ ഡിവൈഎസ്‌പി ഷാജു ജോസ് ഇന്ന് സ്ഥലം മാറുകയാണ്. പകരം നിഥിന്‍രാജ് ഐപിഎസ് പാലാ എഎസ്‌പിയായി ചുമതലയേല്‍ക്കും.
2018-ന് ശേഷം പാലായില്‍ ഒരു വര്‍ഷം തികച്ച് ഡിവൈഎസ്‌പിമാരാരും കസേരയില്‍ ഉറച്ചിരുന്നിട്ടില്ല. 2016-ല്‍ ചുമതലയേറ്റ വി.ജി. വിനോദ് കുമാര്‍ (ഇപ്പോഴത്തെ കിഴക്കന്‍മേഖല വിജിലന്‍സ് എസ്‌പി) ആണ് രണ്ട് വര്‍ഷം തികച്ച അവസാനത്തെ ഡിവൈഎസ്‌പി.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 ഡിവൈഎസ്‌പിമാരാണ് പാലായുടെ ചുമതലയേറ്റത്. എല്ലാവരേയും മാസങ്ങള്‍ക്കുള്ളില്‍തന്നെ സ്ഥലം മാറ്റി. ഗിരീഷ് പി. സാരഥി, ഷാജുമോന്‍ ജോസഫ്, ബിജുമോന്‍, സുഭാഷ്, ബൈജുകുമാര്‍, സാജു വര്‍ഗീസ്, ഷാജു ജോസ് തുടങ്ങിയവരൊക്കെ ഈ കാലയളവില്‍ പാലായില്‍ ഡിവൈഎസ്‌പിമാരായിരുന്നവരാണ്. ഇതില്‍ ഗിരീഷ് പി. സാരഥിയും ഷാജുമോന്‍ ജോസഫും പലതവണയായി ഇവിടെ മാസങ്ങളോളം ഡിവൈഎസ്‌പിമാരായിരുന്നു.
ഇപ്പോഴത്തെ ഡിവൈഎസ്‌പി ഷാജു ജോസ് ക്രമസമാധാനപാലനത്തിനൊപ്പം നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും ഇടപെട്ട് ശ്രദ്ധേയനായിരിക്കവെയാണ് സ്ഥലംമാറ്റം. പാലായില്‍ ചുമതലയേറ്റ് എട്ട് മാസം തികയാന്‍ നാല് ദിവസംകൂടി ഉള്ളപ്പോഴാണ് ഇദ്ദേഹത്തിന്റെ സ്ഥലംമാറ്റം. പകരം കാസര്‍കോഡ് സ്വദേശിയായ നിഥിന്‍ രാജ് ഐപിഎസ് ആണ് ഇന്ന് പാലായില്‍ ചുമതലയേല്‍ക്കുന്നത്.
തുടര്‍ച്ചയായുള്ള മേലുദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പാലാ സബ്ഡിവിഷന്റെ പ്രവര്‍ത്തനങ്ങളെ തന്നെ ദോഷകരമായി ബാധിക്കും. ഒരു ഉദ്യോഗസ്ഥന്‍ വന്ന് എല്ലാ കാര്യങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിച്ച് തുടങ്ങുമ്പോഴേക്കും സ്ഥലം മാറ്റുന്നുവെന്ന സ്ഥിതിവിശേഷം ഓഫീസ് കാര്യങ്ങളിലുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് കീഴുദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.