രാമപുരം: ''അമ്മമാരേ... ഈ സ്മാര്‍ട്ട്‌ഫോണിന്റെ ഉള്ളറകളെക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും അറിവുണ്ടോ? ഞങ്ങളെന്തൊക്കെയാണിതില്‍ കളിക്കുന്നതെന്ന് ഒരു നിമിഷമെങ്കിലും നോക്കിയിട്ടുണ്ടോ? ഫ്രീഫയര്‍, റോബ്ലോക്‌സ് മാത്രമല്ല ഒരുപാട് നിഗൂഢമായ കളികളും ഫോണിലുണ്ടെന്ന് നിങ്ങളറിയണം...''
രാമപുരം സെൻ്റ് അഗസ്റ്റ്യൻസ് ഹൈസ്കൂളിൽ ഇന്നലെ എത്തിയ അമ്മമാർ കുട്ടികളുടെ വാക്കുകള്‍കേട്ട് അമ്പരന്നു. മൊബൈല്‍ ഫോണ്‍ വെറും ഫോണല്ലെന്നും ഒരുപാട് ഗുണങ്ങള്‍ക്കൊപ്പം ഒരുപാട് ദോഷങ്ങളും മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമൊക്കെ പുതുതലമുറയ്ക്ക് സമ്മാനിക്കുന്നുണ്ടെന്നും മക്കള്‍ അമ്മമാര്‍ക്ക് പറഞ്ഞുകൊടുത്തു.
ലിറ്റില്‍ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ രാമപുരം സെന്റ് അഗസ്റ്റിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് വിദ്യര്‍ത്ഥികള്‍ അമ്മമാര്‍ക്ക് ക്ലാസെടുത്തത്.
'അമ്മ അറിയാന്‍' എന്നുപേരിട്ട ഈ സൈബര്‍ സുരക്ഷ സെമിനാറില്‍ പുതിയ കാലത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ അതിന്റെ സാങ്കേതിക വിദ്യകള്‍, സുരക്ഷാ വിവരണം, സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകളുടെ കാണാപ്പുറങ്ങള്‍, സൈബര്‍ ആക്രമണം, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍, ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ തുടങ്ങിയവയൊക്കെ വിദ്യാര്‍ത്ഥികള്‍ അമ്മമാര്‍ക്ക് പകര്‍ന്നുകൊടുത്തു. വിവിധ സെഷനുകളിലായി 150 അമ്മമാരാണ് വിദ്യാര്‍ത്ഥികള്‍ നയിച്ച സൈബര്‍ സുരക്ഷാ സെമിനാറില്‍ പങ്കെടുത്തത്.
സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ എസ്. അഭിനവ് കൃഷ്ണ, ആദര്‍ശ് ഷിബു, അഭിജിത്ത് ബിജു, അലന്‍ സജി, ജസ്റ്റിന്‍ ജോമോന്‍, അഗസ്റ്റിന്‍ ബിജു, നവീന്‍ രാജ്, അനന്തു സജീവന്‍, ആല്‍ബര്‍ട്ട് ബിജു സ്‌കറിയ, ബ്ലസന്‍ സോണി, അലന്‍ സോജന്‍ എന്നീ വിദ്യാര്‍ത്ഥികളാണ് അമ്മമാര്‍ക്കുള്ള ക്ലാസുകള്‍ നയിച്ചത്.
സ്ലൈഡ് പ്രദര്‍ശനത്തിലൂടെയായിരുന്നു ക്ലാസ് നയിച്ചത്. അമ്മയറിയാന്‍ സെമിനാര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അധ്യാപികമാരായ നിജോമി പി. ജോസ്, ജൂലി ഇഗ്നേഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.