മിനിമം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം; ഒരു സ്റ്റേറ്റ് കാറും ! ഇടതുപക്ഷത്തേക്ക് വരാന്‍ കേരളാ കോണ്‍ഗ്രസ് എം നേതാവിനോട് നിബന്ധന വച്ച ജോസഫ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ന്യൂനപക്ഷ ചെയര്‍മാന്‍ പദവിയടക്കം നാലു പദവികള്‍ ബിജെപി ഓഫര്‍ ചെയ്‌തെന്നും ജോണി നെല്ലൂര്‍ ! ഒരു മുന്‍ എംഎല്‍എകൂടി ബിജെപിയില്‍ പോകുമെന്നും ജോണി നെല്ലൂരിന്റെ വെളിപ്പെടുത്തല്‍. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവോ ? നിഷേധിച്ച് ജോണി നെല്ലൂര്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: നിയമസഭാ സീറ്റ് കിട്ടാതെ വന്നതോടെ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും അകന്നു നില്‍ക്കുന്ന പാര്‍ട്ടി ഡപ്യൂട്ടി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ ജോണി നെല്ലൂര്‍ പദവിയും സ്റ്റേറ്റ് കാറും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് പറയുന്ന ഓഡിയോ പുറത്ത്. ഇടതു പ്രവേശനത്തിനായാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ നേതാവായ എച്ച് ഹഫീസിനോട് ജോണി നെല്ലൂര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്.

തനിക്ക് ബിജെപിയില്‍ നിന്ന് നാലിലേറെ പദവികള്‍ ഓഫര്‍ വന്നിട്ടുണ്ടെന്ന് പറയുന്ന ഭാഗമാണ് പുറത്തുവന്ന സംഭാഷണത്തില്‍ തുടങ്ങുന്നത്. ന്യൂനപക്ഷ ചെയര്‍മാന്‍, കോഫി ബോര്‍ഡ് ചെയര്‍മാന്‍, സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍, കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ ബിജെപി ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്.

തനിക്ക് ബിജെപിയിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഇടതു മുന്നണി പ്രവേശന സാധ്യത പരിഗണിക്കുന്നതെന്നും ജോണി നെല്ലൂര്‍ പറയുന്നു. മുന്‍ എംഎല്‍എ മാത്യൂ സ്റ്റീഫന്‍ അടക്കമുള്ളവര്‍ ബിജെപിയിലേക്ക് പോകുമെന്നും ജോണി നെല്ലൂര്‍ പറയുന്നുണ്ട്.

നേരത്തെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ചില മുന്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങള്‍ സത്യം ഓണ്‍ലൈന്‍ പുറത്തുവിട്ടിരുന്നു. പദവികള്‍ ഇവര്‍ ചോദിച്ചെങ്കിലും ശക്തി തെളിയിക്കാതെ ഒരു പദവിയും നല്‍കില്ലെന്ന് ബിജെപി നേതൃത്വം ഇവരെ അറിയിച്ചിരുന്നു.

ഇതിനു പിന്നാലെ ആണ് ഇവര്‍ ഇടതുപക്ഷവുമായി ചര്‍ച്ച നടത്താന്‍ നീക്കം തുടങ്ങിയത്. പക്ഷേ ഇവരെ കേരളാ കോണ്‍ഗ്രസ് എമ്മിലേക്ക് സ്വീകരിക്കാന്‍ ആ പാര്‍ട്ടി നേതൃത്വം തയ്യാറല്ലെന്നാണ് സൂചന.

ജോണി നെല്ലൂരും എച്ച് ഹാഫീസും തമ്മില്‍ നടന്ന പുറത്തുവന്ന സംഭാഷണം

ജോണി നെല്ലൂര്‍-നാലോളം പദവി അവര്‍ എനിക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്.

എച്ച് ഹാഫീസ്- ആര് ബിജെപിക്കാരോ

ജോണി നെല്ലൂര്‍-ന്യൂനപക്ഷ ചെയര്‍മാന്‍, അല്ലെങ്കില്‍ കോഫി ബോര്‍ഡ് ചെയര്‍മാന്‍, അതും അല്ലെങ്കില്‍ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍. കേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍. ഇത്രയും കാര്യങ്ങളാണ് അവര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്.

എച്ച് ഹാഫീസ്- ഷിപ്പ് യാര്‍ഡ് ഓഫര്‍ ചെയതില്ലല്ലോ സാറേ...

ജോണി നെല്ലൂര്‍-അതാന്നും ഇല്ല. അതിനൊക്കെ വേറെ ആളുകളുണ്ട്.

എച്ച് ഹാഫീസ്- അത് നമ്മുടെ കൂട്ടത്തിലെയോ, യുഡിഎഫിലെയോ എല്‍ഡിഎഫിലെയോ ആളുകള്‍ ഒന്നും അല്ലല്ലോ

ജോണി നെല്ലൂര്‍-ഏതായാലും മാത്യൂ സ്റ്റീഫനൊക്കെ പോവുകയാ കൂടെ.

എച്ച് ഹാഫീസ്- അയ്യയ്യയ്യോ.. അവരെയൊക്കെ ക്രോഡീകരിച്ച് ഒരു സംവിധാനം ഉണ്ടാക്കിക്കൂടെ

ജോണി നെല്ലൂര്‍-അത് ഉണ്ടാക്കി ബിജെപിയില്‍ പോകാന്‍ എനിക്ക് ഇഷ്ടമില്ലെന്ന്

എച്ച് ഹാഫീസ്- ബിജെപിയില്‍ പോകാനല്ല സാറെ, ഇടതുപക്ഷത്തേക്ക്.

ജോണി നെല്ലൂര്‍- അതല്ലാതെ നടക്കത്തില്ല, നടക്കത്തില്ല

ജോണി നെല്ലൂര്‍- നീ ഒരു കാര്യം ചെയ്യ്, നിന്റെ ഇപ്പോഴത്തെ സ്വാധീനം വെച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ നോക്ക്. എന്നിട്ട് പറയ്. എന്തുകൊണ്ട് നിങ്ങള്‍ പോയി എന്ന് ചോദിച്ചാല്‍ പറയാന്‍ മിനിമം ഒരു കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനമെങ്കിലും വേണം. ഒരു സ്റ്റേറ്റ് കാര്‍ വേണം. അത് നീ ആലോചിച്ചോ

എച്ച് ഹാഫീസ്- ശരി സാറേ

Advertisment