കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച് മുഖ്യമന്ത്രിക്ക് സുരക്ഷ ! മാമ്മോദീസ കഴിഞ്ഞ് കൈക്കുഞ്ഞുമായി വീട്ടിലേക്ക് പോകാനെത്തിയ കുടുംബം നടുറോട്ടില്‍ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂര്‍ ! കറുത്ത മാസ്‌ക് ധരിച്ചെത്തിയ വഴിയാത്രക്കാരെ പോലും തടഞ്ഞു. യാത്ര ചെയ്യണമെങ്കില്‍ മറ്റു കളര്‍ മാസ്‌ക് വയ്ക്കണമെന്ന് പോലീസ് ! കോട്ടയം നഗരത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ച് പോലീസ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: കെജിഒഎയുടെ സംസ്ഥാന സമ്മേളനമടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരത്തിലെത്തിയതോടെ ജനജീവിതം സ്തംഭിച്ചു. മുഖ്യമന്ത്രി വരുന്നതിനും പോകുന്നതിനും ഒന്നരമണിക്കൂര്‍ മുമ്പ് ഗതാഗതം പോലീസ് തടഞ്ഞതോടെ സാധാരണക്കാരടക്കം വലഞ്ഞു.

നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള ഹാളിലേക്കുള്ള റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഒരു വാഹനം പോലും കടത്തിവിട്ടില്ല. നാട്ടകം ഭാഗത്തേക്ക് കൈക്കുഞ്ഞുമായി മാമ്മോദീസ കഴിഞ്ഞ് പോകാനെത്തിയ കുടുംബം നടുറോട്ടില്‍ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറോളമാണ്.

ഒടുവില്‍ ഒരു ഡിവൈഎസ്പി സ്ഥലത്ത് എത്തിയ ശേഷമാണ് ഈ കുടുംബത്തെ പൊലീസ് വിട്ടത്. തങ്ങള്‍ മുഖ്യമന്ത്രിയെ ഒന്നും ചെയ്യാനല്ല സ്വന്തം വീട്ടിലേക്ക് പോകാന്‍ വന്നതാണെന്നു പറഞ്ഞിട്ടു കൂടി പോലീസ് കടത്തി വിടാന്‍ തയ്യാറായിരുന്നില്ല.

മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്ന് മാമ്മന്‍ മാപ്പിള മെമ്മോറിയല്‍ ഹാളിലേക്ക് അദ്ദേഹത്തിന്റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂര്‍ മുമ്പേ പൊതുജനത്തിന്റെ വാഹനങ്ങള്‍ തടഞ്ഞു. ഇതോടെ നഗരത്തില്‍ വഴിയാത്രക്കാരും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

publive-image

കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും ഈ വഴി കടന്ന് പോകരുതെന്നാണ് പൊലീസ് നല്‍കിയ നിര്‍ദേശം. കറുത്ത മാസ്‌ക് ധരിച്ചെത്തിയ ചിലരെ അത് ഊരിമാറ്റിച്ചു. പുതിയ മാസ്‌ക് വച്ചാണ് പലരും പിന്നീട് യാത്ര ചെയ്തത്.

കോട്ടയം നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാല്‍ മണിക്കൂര്‍ മുമ്പേയായിരുന്നു റോഡുകള്‍ അടച്ചത്. ബസേലിയോസ് ജംഗ്ഷന്‍, കളക്ടറേറ്റ് ജംഗ്ഷന്‍, ചന്തക്ക കവല, ഈരയില്‍ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചു.

കെജിഒഎ സമ്മേളനനഗരിയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന എല്ലാ വാഹനങ്ങളും പ്രത്യേക ഉപകരണം കൊണ്ട് വന്ന് എടുത്ത് മാറ്റി. സമീപത്ത് ബസ്സ് കാത്ത് നിന്നിരുന്ന എല്ലാവരോടും മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.

Advertisment