പാലാ ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ; കോണ്‍ഗ്രസിന്റെ ''അത്യാസന്ന'' സമരം; സമരത്തിന് വന്നിട്ടാണെങ്കിലും ആശുപത്രി പരിസരം കണ്ടല്ലോയെന്ന് നഗരസഭ ചെയര്‍മാന്റെ ട്രോള്‍ ട്രീറ്റുമെന്റ് !!!

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പാലാ: ജനറല്‍ ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ അത്യാസന്ന സമരത്തിന് പാലാ നഗരസഭ ചെയര്‍മാന്റെ ട്രോള്‍ കൊണ്ടുള്ള ട്രീറ്റുമെന്റ് !

ജനറല്‍ ആശുപത്രിയെ അധികാരികള്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പൊടുന്നനേയുള്ള സമരം കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റി നടത്തിയത്. ആശുപത്രിയുടെ പുതിയ കാഷ്വാലിറ്റിയില്‍ വാഹനം വരുന്നതിനും പോകുന്നതിനും അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുക. ഇതിന് പരിഹാരം പഴയ കാഷ്വാലിറ്റിയുടെ മുന്‍വശത്തു നിന്നും കാരുണ്യ മെഡിക്കല്‍ സ്റ്റോറിന്റെ സമീപത്തുകൂടി ഫ്‌ലൈഓവര്‍ പണിത് കാഷ്വാലിറ്റിയില്‍ എത്തിക്കുക.ഇത് വണ്‍വേ ആക്കുക, ഹൃദ്രോഗം, കണ്ണ്, ഫിസിയോ തെറാപ്പി, ത്വക്ക്, ഫോറന്‍സിക് മെഡിസിന്‍ തുടങ്ങിയ വിഭാഗത്തില്‍ അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കുക.ഫാര്‍മസിയില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനു വേണ്ടി അടിയന്തിരമായി പുതിയ ആളുകളെ നിയമിക്കുക. 24 മണിക്കൂറും ഫാര്‍മസിയുടെ പ്രവര്‍ത്തനം നടത്തുന്നതിനു വേണ്ട ക്രമീകരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ധര്‍ണ നടത്തിയത്.

നാഥനില്ലാ കളരിയായിരിക്കുന്ന ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുന്നത് രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ പിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.

മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഷോജി ഗോപി, പ്രിന്‍സ് വി സി ,പി.ജെ ജോസഫ് പുളിക്കന്‍, തോമസുകുട്ടി മുകാല, അജയ് നെടുമ്പാറയില്‍, സുരേഷ് കൈപ്പട,ടോണി ചക്കാല, ജോയിമഠം, അര്‍ജുന്‍ സാബു,വേണു ചാമക്കാല, ബിജു തോമസ്,ജിമ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇതേസമയം സമരം നടത്താനായിട്ടാണെങ്കിലും ചിലര്‍ക്കൊക്കെ ആശുപത്രി പരിസരത്ത് എത്താനെങ്കിലും കഴിഞ്ഞല്ലോയെന്നായിരുന്നു നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസിന്റെ പരിഹാസം. ആശുപത്രിക്കായി ചെറുവിരല്‍ അനക്കാത്ത കക്ഷികള്‍ സമരവുമായി എത്തുന്നത് അപലപനീയമാണ്.

സമരത്തിന് മാത്രമായി ആശുപത്രി മുറ്റത്ത് വരുമ്പവര്‍ ഒരിക്കലെങ്കിലും ആശുപത്രി സന്ദര്‍ശിക്കാന്‍കൂടി തയ്യാറാകണമെന്നും ചെയര്‍മാന്‍ തിരിച്ചടിക്കുന്നു. രോഗികളെ ബുദ്ധിമുട്ടിക്കുന്ന മുതലെടുപ്പ് സമരം ആരും നടത്താതിരിക്കുക. ജനറല്‍ ആശുപത്രിയില്‍ നിന്നും സ്ഥലം മാറി പോയ നേത്രചികിത്സാ ഡോക്ടറെ ഉടന്‍ തിരികെ എത്തിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഡോക്ടര്‍മാരുടെ സൗകര്യത്തിനനുസരിച്ചുള്ള സ്ഥലംമാറ്റം അംഗീകരിക്കില്ലെന്ന് കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസറെ നേരിട്ടറിയിച്ചതായും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

Advertisment