കോട്ടയത്ത് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തമ്മില്‍ കയ്യാങ്കളി ! ഡിസിസി സെക്രട്ടറിമാരായ ടി കെ സുരേഷ് കുമാറും ഷിന്‍സ് പീറ്ററും തമ്മില്‍ ഏറ്റുമുട്ടിയത് കൊടുങ്ങൂരില്‍ വച്ച്. തമ്മിലടി തുടങ്ങിയതോടെ നേതാക്കളും പ്രവര്‍ത്തകരും രണ്ടു ചേരിയായി കൂട്ടയടി ! നെടുംകുന്നത്ത് തമ്മിലടിച്ചത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും തമ്മില്‍. കോട്ടയത്തെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം ! ഒന്നുമറിയാതെ ജില്ലാ പ്രസിഡന്റും - വീഡിയോ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം:ജില്ലയില്‍ കോണ്‍ഗ്രസിന് നാണക്കേടായി ഡിസിസി ജനറല്‍ സെക്രട്ടറിമാരുടെ കയ്യാങ്കളി. കഴിഞ്ഞ ദിവസം വാഴൂര്‍ കൊടുങ്ങൂരില്‍ വെച്ചാണ് ജില്ലയിലെ രണ്ട് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ തമ്മിലടിച്ചത്. കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ സുരേഷ് കുമാറും മറ്റൊരു ജനറല്‍ സെക്രട്ടറിയായ ഷിന്‍സ് പീറ്ററും തമ്മിലാണ് ഏറ്റുമുട്ടിയത്.

Advertisment

publive-image

ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെയായിരുന്നു സംഘട്ടനം. പരസ്പരം അടിയില്‍ കലാശിച്ചെങ്കിലും ഇരുവരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇവരുടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊടുങ്ങൂരില്‍ പാര്‍ട്ടി പരിപാടി കഴിഞ്ഞ് നേതാക്കള്‍ ഓഡിറ്റോറിയത്തിന് പുറത്തേക്ക് വരുന്ന സമയത്തായിരുന്നു തമ്മിലടി. ഷിന്‍സ് പീറ്റര്‍ ആദ്യം പുറത്തേക്ക് പോയി. തുടര്‍ന്ന് തിരികെയെത്തി ടി കെ സുരേഷ് കുമാറിനോട് എന്തോ ചോദിച്ചു. പിന്നാലെ ഷിന്‍സിനെ സുരേഷ് പിടിച്ചു തള്ളുകയായിരുന്നു.

ഇതോടെ കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് വഴിമാറി. സ്ഥലത്തുണ്ടായിരുന്ന നേതാക്കളും രണ്ട് ചേരിയിലായി. മുന്‍ മണ്ഡലം പ്രസിഡന്റും, വാഴൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ജോസ് കെ ചെറിയാനും കൂട്ടരും സുരേഷ് കുമാറിന്റെ പക്ഷത്താണ് നിന്നത്.

നിലവിലെ മണ്ഡലം പ്രസിഡന്റ് എസ് എം സേതു രാജും, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഷീന്‍സ് പീറ്ററിന്റെ പക്ഷം ചേര്‍ന്നു. മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസിലെ പ്രമുഖ നേതാവുമാണ് സുരേഷ് കുമാര്‍. കഴിഞ്ഞ കുറേക്കാലമായി വാഴൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് സജീവമാണ്.

ഇരുവിഭാഗങ്ങളായി തിരിഞ്ഞ് മുമ്പ് പലതവണ കമ്മിറ്റികളില്‍ പരസ്പരം പോരടിച്ചിട്ടുണ്ട്. വാക് പോര് കയ്യാങ്കളിയിലേക്ക് നീണ്ടത് ഇതാദ്യമായാണ്.

അതിനിടെ വലിയ നേതാക്കളുടെ തമ്മിലടിക്ക് പിന്നാലെ നെടുകുന്നത്ത് ചെറിയ നേതാക്കള്‍ തമ്മിലും ഏറ്റുമുട്ടലുണ്ടായി. ആദ്യത്തെ സംഭവവുമായി ഇതിനു ബന്ധമൊന്നുമില്ല.

നെടുംകുന്നം ടൗണില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിനു സമീപമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടും, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും തമ്മിലാണ് അടിയുണ്ടായത്.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡില്‍ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച്ച വൈകിട്ട് നെടുംകുന്നം കോണ്‍ഗ്രസ് ഓഫീസില്‍ യുഡിഎഫ് യോഗം ചേര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് അടിപിടി. പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള വനിതാ ജനപ്രതിനിധികളും, മറ്റ് സ്ത്രീകളടക്കമുള്ള യു ഡി എഫ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. അടിപിടി രൂക്ഷമായതോടെ നാട്ടുകാര്‍ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇവരും പരാതി നല്‍കിയിട്ടില്ല.

Advertisment