ധവള ഗിരിയിലെ 'സൗഹൃദ സാനു'വിൽ മായയും മകനും....

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ:മകന്റെ മധുരപതിനേഴാം പിറന്നാള്‍ ദിനത്തില്‍ അമ്മയൊരു അടിപൊളി മലകയറ്റം പ്ലാന്‍ ചെയ്തു; കേരളത്തിലെ ഏതെങ്കിലും ചെറിയ മലയല്ല, അങ്ങ് ഹിമാചല്‍ പ്രദേശിലെ മണാലിയെ തൊട്ടുരുമ്മി നില്‍ക്കുന്ന ചെങ്കുത്തായ ധവളഗിരി മലനിരകളിലേക്കൊരു ട്രക്കിംഗ് !

Advertisment

പാലാ മുനിസിപ്പല്‍ കൗണ്‍സിലര്‍ മായ രാഹുലും മകന്‍ നകുല്‍ നായരുമാണ് ധവളഗിരി മലനിരകളിലെ ഏറ്റവും ചെങ്കുത്തായ "ഫ്രണ്ട്ഷിപ്പ് പര്‍വ്വതം " കയറിയത്.

കഴിഞ്ഞ 13-നായിരുന്നു യാത്രയുടെ തുടക്കം. അന്ന് നകുലിന് 17-ാം പിറന്നാൾ.
രാവിലെ മകന് പിറന്നാൾ മധുരം നല്‍കിയ ശേഷം ഗൈഡുമൊത്ത് ഇരുവരും മഞ്ഞ് മൂടിയ മലനിരകള്‍ കയറാന്‍ തുടങ്ങി. ഇതേവരെ ഇങ്ങനെയൊരു സാഹസിക ട്രക്കിംഗിന് ഇരുവരും പോയിട്ടേയില്ല.

പാലായില്‍ ജിമ്മിലൊക്കെ പോയി അത്യാവശ്യം ശാരീരികക്ഷമത ഉണ്ടാക്കിയിരുന്നെങ്കിലും മായ മഞ്ഞുമല കാണുന്നതുപോലും ആദ്യമായിട്ടായിരുന്നു. എങ്കിലും മല കയറുവാൻ തന്നെ ഇരുവരും തീരുമാനിച്ചു.

17500 അടി ഉയരമുണ്ട് ഫ്രണ്ട്ഷിപ്പ് പര്‍വ്വതത്തിന്. ആദ്യദിവസം കിലോമീറ്ററുകളോളം നടന്ന് ബേസിക് ക്യാമ്പിലെത്തി. പിറ്റേന്ന് അവിടെ നിന്ന് കൈക്കോടാലികൊണ്ട് മഞ്ഞുകട്ടകള്‍ വെട്ടിയരിഞ്ഞ് അമ്മയും മകനും മുകളിലേക്ക് കയറിത്തുടങ്ങി. ഇടുങ്ങിയ പാത. ഒരുവശത്ത് കൊടും കൊക്ക. മറു സൈഡില്‍ അങ്ങ് താഴെ ചെറിയൊരു നദി ഒഴുകുന്നു. ഈ ഭയനാകമായ കാഴ്ചകളൊന്നും 40-കാരിയായ മായയുടെയും മകന്‍ നകുലിന്റെയും മനസ്സിളക്കിയില്ല. സാവധാനം അവര്‍ മുകളിലേക്ക് കയറിത്തുടങ്ങി.

മഞ്ഞില്‍ കൈകാലുകള്‍ കോച്ചിവലിച്ചിട്ടും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയിട്ടും സാവധാനം അവര്‍ മുകളിലേക്ക് കയറി. കൂട്ടിന് പരിചയ സമ്പന്നയായ ഗൈഡ് പ്രീതം മാത്രം. മൂന്നാം ദിവസം 15000 അടി ഉയരത്തിലെത്തിയപ്പോഴാണ് നിനച്ചിരിക്കാതെ അപകടമുണ്ടായത്. ഒരു മഞ്ഞുപാളിയില്‍ തട്ടി മായ വീണു.

''ആകെ ഭയന്നുപോയി. ഇതോടെ കാലിലും കയ്യിലും മസിലുകള്‍ കയറി ഒരടി മുമ്പോട്ട് വയ്ക്കാനാവാത്ത അവസ്ഥയായി. ഇതൊന്നുമറിയാതെ നകുല്‍ പക്ഷേ മുകളിലേക്ക് കയറിക്കൊണ്ടേയിരുന്നു'' മായ പറഞ്ഞു. അങ്ങിനെ ഗൈഡിന്റെ നിര്‍ദ്ദേശപ്രകാരം 2500 അടി താഴെ വെച്ച് മനസ്സില്ലാമനസ്സോടെ മായ യാത്ര അവസാനിപ്പിച്ചു.

പിന്നേയും ഏറെ ദൂരം മുന്നേറിയെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം പർവ്വതാഗ്രത്തിനു തൊട്ടു മുന്നേ 200 അടി ബാക്കി നിൽക്കെ നകുലിനും പിന്തിരിയേണ്ടിവന്നു. എങ്കിലും മുൻ പരിചയമില്ലാതെ ഇത്രയും കയറുക എന്നത് അസാധാരണമെന്നാണ് ഗൈഡ് പ്രീതം സാക്ഷ്യപ്പെടുത്തുന്നത്.

പാലാ പുളിക്കല്‍ രാഹുലിന്റെ ഭാര്യയാണ് മായ. പാലാ നഗരസഭാ 19-ാം വാർഡിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി ജയിച്ചു. ഭർത്താവ് രാഹുലും മറ്റു മക്കളായ നരേനും നമനും ചേര്‍ന്നാണ് മണാലിയിലേക്ക് പോയതെങ്കിലും അവർ ട്രക്കിംഗിന് ഒരുമ്പെട്ടില്ല.

Advertisment