കോട്ടയം: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ 25ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമായതോടെ പോലീസുമായി ഏറ്റുമുട്ടലുമുണ്ടായി. സംഭവത്തില്‍ ഡിവൈഎസ്പിയുള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും പരുക്കേറ്റിരുന്നു.
തുടര്‍ന്ന് പോലീസ് കണ്ടാലറിയുന്നവരുള്‍പ്പെടെ 100 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. സംഘര്‍ഷത്തില്‍ പരുക്കേറ്റ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലാണ്. ഇവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസുള്ളത്.
ഇതിനിടെ കേസില്‍ നാലു കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. കോണ്‍ഗ്രസിലെ മൂന്നാം നിരയിലെ നേതാക്കളാണ് ഇവര്‍. ആദ്യ ദിവസങ്ങളില്‍ പ്രതികള്‍ കീഴടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു പോലീസ്.
എന്നാല്‍ ഇതിനിടെയാണ് സംഭവത്തില്‍ ട്വിസ്റ്റുണ്ടാകുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെ പോലീസ് ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞുവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിചാരിച്ചത്. എന്നാല്‍ ഇതിനു പിന്നില്‍ ജില്ലയില്‍ നിന്നുള്ള രണ്ട് സംസ്ഥാന നേതാക്കളാണെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ ഈ നേതാവടക്കമുള്ളവരുണ്ടായിരുന്നു. എന്നാല്‍ നേതാവ് ഇതിനിടെയില്‍ പോലീസ് സ്‌റ്റേഷനില്‍ എത്തുകയും ഫോട്ടോ തിരിച്ചറിഞ്ഞ് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകരെ മേല്‍വിലാസം സഹിതം പറഞ്ഞുകൊടുത്തുമെന്നുമാണ് ആക്ഷേപം. മറ്റൊരു സംസ്ഥാന നേതാവും ഇതില്‍ പങ്കാളിയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
പോലീസ് പ്രതിയാക്കിയ 30ലേറെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലാണ്. പോലീസ് പുലര്‍ച്ചെ മൂന്നുമണിക്കുപോലും ഇവരുടെ വീട്ടില്‍ അന്വേഷിച്ച് വരുന്നുണ്ട്. ഒളിവില്‍ കഴിയുന്ന പ്രവര്‍ത്തകര്‍ സ്വന്തം കയ്യില്‍ നിന്നും പണം ചിലവാക്കിയാണ് കഴിയുന്നതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
അതിനിടെ പ്രതിഷേധം അക്രമത്തിലേക്ക് പോയത് മറ്റൊരു യുവ നേതാവിന്റെ അതി ബുദ്ധി കാരണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ആരും സഹായിക്കാനില്ലാതാതോടെ കീഴടങ്ങാനാണ് പ്രവർത്തകരുടെ തീരുമാനം.
ഇന്ന് 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ കീഴടങ്ങുമെന്നാണ് സൂചന.