കോട്ടയം: മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്‍റെ പതനം അനിവാര്യമായ തിരക്കഥയുടെ അന്ത്യമോ എന്ന വിലയിരുത്തല്‍ പ്രസക്തമാണ്. കേരള രാഷ്ട്രീയത്തെ ദുരാരോപണങ്ങളും സ്ത്രീവിഷയങ്ങളുമൊക്കെ കൂട്ടികലര്‍ത്തി ഇത്രയേറെ അപഹാസ്യമാക്കി മാറ്റിയതില്‍ പിസി ജോര്‍ജിനുള്ള പങ്ക് ചെറുതല്ല. മാത്രമല്ല, അത്തരമൊരു ഇടപെടലിനായുള്ള രഹസ്യ സമാഗമത്തിനിടെയായിരുന്നു പുതിയ പീഡന പരാതിക്കാസ്പദമായ സംഭവം നടക്കുന്നതും.
സോളാര്‍ കേസിന്‍റെ തുടക്കം മുതല്‍ അതിലെ പ്രതിക്കു പിന്നില്‍ നിഴലായി പിസി ജോര്‍ജിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. സോളാര്‍ പ്രതി തന്‍റെ സ്വാധീനത്തിലാണെന്നും അവര്‍ ചില രഹസ്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് പരാതിയായി മാറാനിടയുണ്ടെന്നുമൊക്കെ രഹസ്യമായും പരസ്യമായും നേതാക്കളോട് പറഞ്ഞ് തന്‍റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുകയായിരുന്നു ജോര്‍ജിന്‍റെ ഉദ്ദേശ്യം.
സോളാര്‍ പ്രതിക്ക് പിന്നില്‍ നിഴലായ്... ?
സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ട് പ്രധാന നേതാക്കള്‍ക്കെതിരെ സോളാര്‍ പ്രതിയുടെ ആദ്യ കത്തില്‍ ഇല്ലാതിരുന്ന ആരോപണങ്ങള്‍ അട്ടക്കുളങ്ങര ജയിലില്‍ വച്ച് എഴുതി ചേര്‍ത്തതിനു പിന്നില്‍ പിസി ജോര്‍ജായിരുന്നെന്ന ആരോപണം അന്നു മുതല്‍ ഉള്ളതാണ്. അതിലൊന്ന് ഉമ്മന്‍ ചാണ്ടിക്ക് എതിരെയായിരുന്നു.
അന്ന് സോളാര്‍ പ്രതിയുടെ പരാതിയില്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉയര്‍ന്നു വരികയും സംഭവം വിവാദമാകുകയും ചെയ്തു. അന്നത്തെ വിവാദകാല ചാനല്‍ ചര്‍ച്ചകളില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിലും ശൈലിയിലും ഘോരഘോരം വാദിച്ചയാളാണ് ജോര്‍ജ്.
അന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ സാക്ഷി, ഇന്ന്...
അതേ പിസി ജോര്‍ജ് ഇന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്തു പുറത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ പറഞ്ഞത് മറ്റൊന്നാണ്. സോളാര്‍ പ്രതി ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐക്ക് കൊടുത്ത പരാതിയില്‍ മൊഴി നല്‍കിയപ്പോള്‍ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞിരിക്കുന്നതൊക്കെ നുണയാണന്ന് താന്‍ പറഞ്ഞതിലുള്ള വൈരാഗ്യമാണ് പുതിയ പീഡന പരാതിക്ക് പിന്നെലെന്നാണ്. അതും മറ്റൊരു നുണ തന്നെ.
ഉമ്മന്‍ ചാണ്ടി സോളാര്‍ പ്രതി പരാതിയില്‍ പറയുന്ന പ്രകാരം പ്രവര്‍ത്തിച്ചതിന് താന്‍ സാക്ഷിയാണെന്ന് പരസ്യമായി ചാനലുകളില്‍ പറഞ്ഞ ആളാണ് ജോര്‍ജ്. എന്നിട്ടിപ്പോള്‍ തിരുത്തി പറയുന്നത് പുതിയ അറസ്റ്റില്‍ യുഡിഎഫിന്‍റെ പിന്തുണ നേടാന്‍ തന്നെ.
എന്തിന് ചക്കരപ്പെണ്ണ് ?
കേരളത്തിലെ വിവാദ നായികമാരായി മാറിയ സോളാര്‍, ഡോളര്‍ കേസ് പ്രതികളെ പിസി ജോര്‍ജ് നിരന്തരം പിന്തുടര്‍ന്നത് എന്ത് ഉദ്ദേശ്യത്തോടെ ആയിരുന്നു എന്നതിന് ജോര്‍ജിന് ഉത്തരമുണ്ടാകില്ല. എന്തായാലും ദുരുദ്ദേശ പരമായിരുന്നു അതെന്ന് പിന്നീട് ഈ സ്ത്രീകള്‍ തന്നെ തുറന്നു പറഞ്ഞു.
അതിലൊരു സ്ത്രീയുമായുള്ള ബന്ധം ഫോണെടുത്താലുടന്‍ 'എന്‍റെ ചക്കരപ്പെണ്ണേ' എന്നു വിളിക്കാന്‍ തക്ക വിധം വളരുകയും ചെയ്തിരുന്നു. അതും ഓഡിയോ ക്ലിപ്പില്‍ ജനം കേട്ടതാണ്. അതിന്‍റെ ബാക്കിയുള്ളതിന്‍റെ വിഡിയോ തെളിവുകള്‍ പ്രതിയുടെ പക്കലുണ്ടെന്നാണ്ഏറ്റവും പുതിയ വിവരം.
ചക്കരപ്പെണ്ണിന്‍റെ പക്കല്‍ ദൃശ്യ തെളിവും !
എന്തായാലും പുതിയ പീഡന പരാതി പിസി ജോര്‍ജിനെ സംബന്ധിച്ച് അത്ര ചെറിയ കുരുക്കല്ല. അത് അതിബുദ്ധിമാന്‍മാര്‍ക്ക് സംഭവിക്കുന്ന വീഴ്ച തന്നെയാണ്. സംഭവം നടന്ന ദിവസം എറണാകുളം ഗസ്റ്റ് ഹൗസില്‍ വന്ന് തന്നെ കാണാന്‍ ആവശ്യപ്പെട്ട് അദ്ദേഹം സോളാര്‍ പ്രതിയെ വിളിക്കുന്ന ഓഡിയോ നേരത്തെ പുറത്തുവന്നതാണ്.
ആ വിളിയിലാണ് 'ചക്കരപ്പെണ്ണേ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ശബ്ദരേഖയുള്ളത്. ആ ശബ്ദരേഖയില്‍ തന്നെ താന്‍ ഒറ്റയ്ക്ക് വരാമെന്നും വേറാരും മുറിയിലില്ലെന്നുമൊക്കെയുള്ള ഇരുവരുടെയും സംസാരങ്ങളുമുണ്ട്.
ആ കുടിക്കാഴ്ചയില്‍ നടന്ന സംഭവങ്ങളാണ് പരാതിയിലുള്ളത്. അതിനാല്‍ തന്നെ പ്രതിയെ ജോര്‍ജ് അഭിസംബോധന ചെയ്ത മൂഡും ഒറ്റയ്ക്ക് കാണാം എന്നു പറഞ്ഞതുമൊക്കെ പരാതിയിലെ ആക്ഷേപങ്ങളെ സാധൂകരിക്കുന്നതാണെന്ന് പോലീസ് വാദിച്ചാല്‍ തെറ്റു പറയാനാകില്ല. മാത്രമല്ല, തെളിവുകളും പുറത്തുവരാനുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാലം കണക്കു തീര്‍ത്തു, ജോര്‍ജിനോട്
കേരള രാഷ്ട്രീയത്തില്‍ ഇത്രയും മലീമസമായ ആരോപണങ്ങള്‍ പൊതുവേദിയില്‍ ഉന്നയിച്ചുകൊണ്ട് നടന്ന മറ്റൊരു പൊതു പ്രവര്‍ത്തകനില്ല. ആരേക്കുറിച്ചും എന്തും പറയുമെന്നായിരുന്നു അവസ്ഥ. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ ആകെ സല്‍പ്പേര് നശിക്കാന്‍ ഇടയാക്കിയതായിരുന്നു അതിലെ പല ആരോപണങ്ങളും. അതില്‍ തെറ്റുകാരായിരുന്നവരുണ്ടായിരുന്നിരിക്കാം.
പക്ഷേ ഈ ആരോപണങ്ങളുമായി മനസാ, വാചാ, കര്‍മ്മണാ അറിവില്ലാത്തവരുമുണ്ടായിരുന്നു. അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരോട് യാതൊരു ദയയും കാണിക്കാതെയായിരുന്നു ജോര്‍ജിന്‍റെ പെരുമാറ്റം. എന്തായാലും അവസാനം ജോര്‍ജ് അന്ന് പ്രയോഗിച്ച അതേ അസ്ത്രങ്ങളാല്‍ ഇന്നിപ്പോള്‍ അദ്ദേഹത്തിനും അടിതെറ്റിയിരിക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ ഒരതികായനായി മാറാന്‍ എല്ലാ കഴിവും ശേഷിയുമുണ്ടായിരുന്ന ജോര്‍ജിന്‍റെ പതനമാണിത്.