രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും വൈസ് പ്രസിഡന്റ് ജോഷി ജോസഫും രാജിവയ്ക്കുന്നു

New Update

publive-image

രാമപുരം: രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും വൈസ് പ്രസിഡന്റ് ജോഷി ജോസഫും രാജിവയ്ക്കുന്നു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് സമിതിയിലെ മുന്‍ധാരണ പ്രകാരമാണ് ഇരുവരും രാജിവയ്ക്കുന്നത്. ഷൈനി കോൺഗ്രസ് പ്രതിനിധിയും ജോഷി കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പംഗവുമാണ്.

Advertisment

ജൂണ്‍ 30 വരെയായിരുന്നു ഇരുവരുടെയും കാലാവധി. എന്നാല്‍ ഒരു അപകടത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജോഷി ജോസഫ് ആശുപത്രിയില്‍ ആയതിനാലാണ് രാജി നീളുന്നത്. അടുത്തയാഴ്ച ഇദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടന്‍ ഇരുവരും ഒരേ ദിവസം രാജി സമര്‍പ്പിക്കും.

കഴിഞ്ഞ ഒന്നരവര്‍ഷക്കാലം വിവിധങ്ങളായ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കിയതിന് ശേഷമാണ് ഇരുവരും രാജിവയ്ക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് എന്ന നിലയിൽ ഷൈനി സന്തോഷിൻ്റെ മൂന്നാം ഊഴമായിരുന്നു ഇത്.

ഇരുവരുടെയും രാജി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. യു.ഡി.എഫിലെ മുന്‍ ധാരണപ്രകാരം ഇനി കേരളാ കോണ്‍ഗ്രസ് ജോസഫിലെ ലിസമ്മ മത്തച്ചനാണ് പ്രസിഡൻ്റ് പദവി. കോണ്‍ഗ്രസിലെ ഏഴാച്ചേരി കെ.കെ. ശാന്താറാം വൈസ് പ്രസിഡന്റുമാകാനാണ് ധാരണ.

ഇതേ സമയം ഏതുവിധേനയും ഭരണം പിടിച്ചെടുക്കാന്‍ പഞ്ചായത്ത് സമിതിയിലെ പ്രതിപക്ഷമായ ഇടതുമുന്നണി നീക്കം നടത്തുന്നുണ്ട്. രണ്ട് സ്വതന്ത്രരും ബിജെപിയിലെ മൂന്ന് അംഗങ്ങളുംകൂടി ഇടതു മുന്നണിയെ പിന്തുണച്ചെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ.

സ്വതന്ത്രരായി വിജയിച്ചവര്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാമപുരം പഞ്ചായത്ത് സമിതിയില്‍ ഇടതുമുന്നണിയെ നയിക്കുന്ന കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ ഇതിനോട് ബിജെപിക്ക് യോജിപ്പില്ല. തങ്ങള്‍ക്കും കൂടി ഭരണനേതൃതത്തില്‍ പങ്കാളിത്തം വേണമെന്ന ബിജെപിയുടെ ആവശ്യത്തോട് പച്ചക്കൊടി കാട്ടാന്‍ ഇടതുമുന്നണി തയ്യാറായിട്ടുമില്ല. എങ്കിലും ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.

Advertisment