രാമപുരത്ത് പഞ്ചായത്ത് മുറ്റത്ത് കാറിലിരുന്നൊരു രാജി !

New Update

publive-image

പാലാ: രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷും വൈസ് പ്രസിഡൻ്റ് ജോഷി ജോസഫും രാജിവെച്ചു. കോൺഗ്രസിലെ ഷൈനി 5 വർഷവും പ്രസിഡൻ്റായി തുടരാൻ ഒരു ഉപാധിയുമില്ലാതെ പിന്തുണ കൊടുക്കാൻ തയ്യാറായിരുന്നൂവെന്ന് പ്രതിപക്ഷമായ ഇടതുമുന്നണി.

Advertisment

വൈസ് പ്രസിഡൻ്റിൻ്റെ രാജി ഏറ്റുവാങ്ങാന്‍ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും കാറിനടുത്തേക്ക് ചെല്ലുകയായിരുന്നു. രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ജോസഫാണ് ഇന്നലെ രാവിലെ പഞ്ചായത്ത് മുറ്റത്ത് കാറിലിരുന്ന് തന്റെ രാജി സമര്‍പ്പിച്ചത്.
ഒരു അപകടത്തെ തുടര്‍ന്ന് ഇടതുകാല്‍ ഒടിഞ്ഞതിനാലാണ് വൈസ് പ്രസിഡന്റ് ജോഷി കാറില്‍ പഞ്ചായത്ത് മുറ്റത്തെത്തി രാജി സമര്‍പ്പിച്ചത്.

വൈസ് പ്രസിഡന്റ് രാജിവച്ച ഉടന്‍ പ്രസിഡന്റ് ഷൈനി സന്തോഷും രാജിവച്ചു. യുഡിഎഫിലെ മുന്‍ ധാരണപ്രകാരമാണ് ഭരണത്തില്‍ ഒന്നരവര്‍ഷം തികച്ച ശേഷം ഇരുവരും രാജി സമര്‍പ്പിക്കുന്നത്.

മുന്‍ധാരണപ്രകാരം ജൂണ്‍ 30ന് ഇവരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതിനിടെ വൈസ് പ്രസിഡൻ്റ് ജോഷിക്ക് ബൈക്ക് അപകടം ഉണ്ടാകുകയും തുടര്‍ന്ന് ഇടതുകാല്‍ ഒടിയുകയുമായിരുന്നു. ആശുപത്രിയിലായിരുന്ന വൈസ് പ്രസിഡന്റ് ശനിയാഴ്ചയാണ് വീട്ടില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ എത്തി രാജി സമര്‍പ്പിച്ചു.

പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്ജ് വൈസ് പ്രസിഡന്റിന്റെയും പ്രസിഡന്റിന്റെയും രാജി സ്വീകരിച്ചു. ഷൈനി സന്തോഷ് കോണ്‍ഗ്രസിന്റെ പ്രതിനിധിയും ജോഷി ജോസഫ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയുമായിരുന്നു.

ആഘോഷമായി 'ഒരു ഉദ്ഘാടനം' പോലും നടത്തിക്കാതെയുള്ള "രാജി "

മൂന്ന് ടേമില്‍ വിജയിക്കുകയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ ഇത്തവണ പ്രസിഡന്റാക്കാതിരിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശക്തമായ ചരടുവലികള്‍ നടത്തിയിരുന്നു. ഷൈനിയെ തഴഞ്ഞ് ആദ്യമായി ജയിച്ചുകയറിയ സൗമ്യ സേവ്യറിനെ പ്രസിഡന്റാക്കാനായിരുന്നു കോണ്‍ഗ്രസിലെ ഒരു വിഭാഗം അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്.

ഇതിനെതിരെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ നിൽക്കക്കള്ളിയില്ലാതായ നേതാക്കളില്‍ ചിലര്‍ ഷൈനി സന്തോഷിനെ പ്രസിഡന്റാക്കാന്‍ ഒടുവില്‍ സമ്മതം മൂളുകയായിരുന്നു. മാധ്യമങ്ങളില്‍ വാർത്ത വന്നതിൻ്റെ പേരിലും ചിലർ ഷൈനിയെ ക്രൂശിക്കാനൊരുങ്ങി.

പ്രസിഡൻ്റായതിന് ശേഷവും ഷൈനിയോട് പഞ്ചായത്ത് ഭരണസമിതിയിൽ ഭരണപക്ഷത്തെ പലരും കടുത്ത നിസ്സഹകരണമാണ് കാട്ടിയത്. വികസനപരമായ ഒരു ഉദ്ഘാടന പരിപാടി പോലും നടത്തിക്കാതിരിക്കാന്‍ ഭരണപക്ഷത്തുതന്നെയുള്ള പലരും ഒളിഞ്ഞും തെളിഞ്ഞും നീക്കം നടത്തി.

ഇതേ സമയം പഞ്ചായത്തിലെ പ്രതിപക്ഷമായ ഇടതുമുന്നണിയുടെ മെമ്പര്‍മാര്‍ ശക്തമായ പിന്തുണയും ഷൈനിക്ക് നല്‍കിയിരുന്നു. ''അഞ്ച് വര്‍ഷവും ഷൈനി സന്തോഷ് പ്രസിഡന്റായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഷൈനി സ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്നും പരിപൂര്‍ണ്ണ പിന്തുണ അഞ്ചുവര്‍ഷവും തങ്ങള്‍ നല്‍കാമെന്ന് പലവട്ടം ഉറപ്പുനല്‍കിയതാണ്''

പഞ്ചായത്ത് സമിതിയിലെ പ്രതിപക്ഷ നേതാവും കേരളാ കോൺഗ്രസ് എം പ്രതിനിധിയുമായ സണ്ണി പൊരുന്നക്കോട്ട് പറഞ്ഞു. എന്നാൽ യുഡിഎഫിലെ മുൻ ധാരണയുടെ ധാർമ്മികത ഉയർത്തിപ്പിടിച്ച് താൻ രാജിവെയ്ക്കുകയാണെന്ന് ഷൈനി സന്തോഷ് പ്രതിപക്ഷ നേതാവിനെ അറിയിക്കുകയായിരുന്നു.

ഷൈനി സന്തോഷിൻ്റെ കാലത്ത് ഒരു വികസന പദ്ധതി പോലും നടത്തരുതെന്ന് ഭരണപക്ഷ മെമ്പർമാരിൽ ചിലരും ചില യുഡിഎഫ് നേതാക്കളും വാശി പിടിച്ചെങ്കിലും വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനും പലതും പൂർത്തിയാക്കാനും ഷൈനിയുടെ നേതൃത്വത്തിന് കഴിഞ്ഞു.

Advertisment