പാലാ കെഎസ്ആര്‍ടിസിക്കു മുന്‍പിലെ തകര്‍ന്ന ഓട അശാസ്ത്രീയമായി നികത്തിയത് വീണ്ടും പൊളിച്ചു നീക്കാന്‍ തീരുമാനം. മഴ മാറിയാല്‍ ഓട പഴയപടി പുനസ്ഥാപിക്കും. ഓടയും ടൈല്‍സ് പാകിയ ഫുട് പാത്തും തകര്‍ത്ത വ്യാപാരിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാതെ എല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിച്ചേക്കും ?

New Update

publive-image

പാലാ: സ്വകാര്യ വ്യക്തിയുടെ കെട്ടിട നിര്‍മ്മാണത്തിനിടെ തകര്‍ന്ന പാലാ കെഎസ്ആര്‍ടിസിയുടെ മുന്‍ ഭാഗത്തെ ഓടകള്‍ വീണ്ടും തുറന്ന് മികച്ച രീതിയില്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഉറപ്പ്.

Advertisment

നിലവില്‍ അശാസ്ത്രീയമായ രീതിയില്‍ 18 ഇഞ്ച് പൈപ്പുകള്‍ ഇറക്കി പുനസ്ഥാപിച്ച ഓടയുടെ പുനര്‍ നിര്‍മ്മാണം പിന്നീട് റീടെന്‍ഡര്‍ നടത്തി വീണ്ടും ഓട പൊളിച്ച് മുന്‍പത്തെ അവസ്ഥയില്‍ പുനര്‍നിര്‍മ്മിക്കാനാണ് തീരുമാനം.

അതേസമയം സമീപത്തെ കെട്ടിട നിര്‍മ്മാണത്തിനിടെ തകര്‍ന്ന ഓടയുടെ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ നഷ്ടപരിഹാരം കെട്ടിട ഉടമയില്‍ നിന്നും ഈടാക്കാനുള്ള നടപടികള്‍ ഇതുവരെ പിഡബ്ല്യുഡി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

publive-image

ഏതെങ്കിലും പാവപ്പെട്ടവന്‍ വിട്ടിലേയ്ക്ക് വാഹനം കയറ്റാന്‍ റോഡില്‍ കോണ്‍ക്രീറ്റ് ഇടുന്നതിനിടെ പൊതുമരാമത്ത് വകുപ്പ് റോഡ് വശത്തെവിടെയെങ്കിലും ഇളക്കം തട്ടിയാല്‍ ഉടന്‍ നോട്ടീസ് നല്‍കുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് പാലാ നഗരത്തില്‍ വിവാദ വ്യാപാരി തകര്‍ത്ത ഓടയുടെ കാര്യത്തില്‍ നിസംഗത തുടരുകയാണ്.

നല്ല നിലയില്‍ ടൈല്‍സ് പാകി ഓട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന ഭാഗത്താണ് സമീപത്തെ കെട്ടിട നിര്‍മ്മാണത്തിനായി സാമഗ്രികള്‍ ഇറക്കി ഓട തകര്‍ത്തത്. വ്യാപാര സമുച്ചയത്തിലേയ്ക്കുള്ള പ്രധാന കവാടത്തിലൂടെ ഭാരവണ്ടികള്‍ ഇറക്കേണ്ടതിനു പകരം കെട്ടിടത്തിന്‍റെ നീളത്തോടു നീളത്തില്‍ തലങ്ങും വിലങ്ങും ലോഡ് ലോറികള്‍ കയറ്റിയിറക്കിയതാണ് ഫുട് പാത്തും ഓടയും തകരാന്‍ കാരണമായത്.

ഇതിന്‍റെ പേരില്‍ നഷ്ടപരിഹാരം ഉണ്ടാകുന്നത് തടയാന്‍ വിവാദ വ്യാപാരി സ്ഥലത്തെ പ്രധാന ജനപ്രതിനിധിയുടെ സഹായവും തേടിയിരുന്നതായാണ് റിപ്പോര്‍ട്ട്.

publive-image

കനത്ത മഴ പെയ്താല്‍ 5 മിനിട്ടിനുള്ളില്‍ വെള്ളക്കെട്ടായി മാറുന്നതാണ് ഈ പ്രദേശം. പാലാ നഗരത്തിലെ ഏറ്റവും താഴ്ന്ന പ്രദേശവുമാണിത്. ഏറെ നേരം നീണ്ടു നില്‍ക്കുന്ന മഴ പെയ്താല്‍ ഇവിടെ മുട്ടിനു മുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുന്നത് പതിവാണ്.

നേരത്തെ ആറടിയോളം ഉയരത്തില്‍ രണ്ടരയടി വീതിയില്‍ ഓടയുണ്ടായിരുന്നതാണ് കെട്ടിട ഉടമയുടെ അനാസ്ഥ മൂലം തകര്‍ന്നത്. ഇത് പരിഹരിക്കാനായിരുന്നു 18 ഇഞ്ച് കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ചുള്ള പുനര്‍ നിര്‍മ്മാണം.

അശാസ്ത്രീയമായ പുനര്‍ നിര്‍മ്മാണം വിവാദമായതോടെ വീണ്ടും പഴയ ഓട അതേപടി പുനസ്ഥാപിക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ഇതിനായി ലക്ഷങ്ങള്‍ ചിലവാകുമെന്നിരിക്കെയാണ് കെട്ടിട ഉടമയില്‍ നിന്നും നഷ്ടം ഈടാക്കാന്‍ ശ്രമിക്കാതെയുള്ള അധികൃതരുടെ നിസംഗത.

publive-image

മുന്‍പ് മരിയാ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചു നീക്കി ഇവിടെ ബഹുനില വ്യാപാര സമുച്ചയമാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിന്‍റെ നിര്‍മ്മാണത്തിനിടെയാണ് ഓട തകര്‍ന്നത്.

വ്യവസായം തകര്‍ന്നപ്പോള്‍ മരിയാ ഉടമ സ്വകാര്യ ധനകാര്യ പണമിടപാടുകാര്‍ക്ക് ഈടു നല്‍കിയ ഹോട്ടല്‍ പിന്നീട് അദ്ദേഹത്തിനു നഷ്ടപ്പെടുകയായിരുന്നു. അവിടെയാണ് പുതിയ വ്യാപാര സമുച്ചയം ഉയരുന്നത്. ഒരു ജ്വല്ലറിയും പ്രമുഖ വസ്ത്രവ്യാപാര ശാലയുമാണ് ഇവിടെ ആരംഭിക്കാന്‍ ഒരുങ്ങുന്നത്.

Advertisment