രാമപുരത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 'കൈ പൊള്ളിയ' കാര്യം യുഡിഎഫ് നേതാക്കളറിഞ്ഞത് തങ്ങളുടേതല്ലാത്ത മാലപ്പടക്കം പൊട്ടിയപ്പോള്‍ മാത്രം ! ലഡു പായ്ക്കറ്റുകളുമായി വന്ന നേതാവ് പാതി വിലയ്ക്കാണെങ്കില്‍ എടുത്തോളാമെന്ന് ഇടതു നേതാവ് പറഞ്ഞിട്ടും നിന്ന നില്‍പ്പില്‍ അപ്രത്യക്ഷനായി. കോട്ടയം ജില്ലയിലെ ആദ്യ കേരള കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്‍റിനെ മാലയണിയിക്കാന്‍ വന്ന നേതാക്കള്‍ പാതി വഴിയില്‍ വണ്ടി തിരിച്ചു. രാമപുരത്ത് പഞ്ചായത്ത് ഭരണം നഷ്ടമായതിനെചൊല്ലി യുഡിഎഫില്‍ വിവാദം

New Update

publive-image

പാലാ: രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടി യുഡിഎഫില്‍ വിവാദമാകുന്നു. കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലയില്‍ ലഭിക്കുമായിരുന്ന ആദ്യ ഗ്രാമപഞ്ചായത്ത് അധ്യക്ഷ പദവിയാണ് കോണ്‍ഗ്രസ് അംഗം കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ ഇല്ലാതായത്.

Advertisment

രാമപുരത്തെ പ്രാദേശിക കേരള കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ക്കിടയില്‍ ഇന്നലത്തെ കേരള കോണ്‍ഗ്രസ് - എം വിജയത്തിന് പ്രസക്തി ഏറുകയാണ്. അതേസമയം കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച് കൂറുമാറി എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന പ്രസിഡന്‍റ് ഷൈനി സന്തോഷിനെ അയോഗ്യയാക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫ് ക്യാമ്പും ആരംഭിച്ചു.

പാതിവഴിയില്‍ വണ്ടിതിരിച്ച് ജോസഫും മോന്‍സും !

കോട്ടയം ജില്ലയില്‍ ജോസഫ് വിഭാഗത്തിന് ആദ്യമായി ലഭിക്കുന്ന ഗ്രാമപഞ്ചായത്ത് അധ്യക്ഷ പദവി ആഘോഷമാക്കി മാറ്റാനായിരുന്നു കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തിന്‍റെ നീക്കം. പാലാ നിയോജകമണ്ഡലത്തില്‍ പാലാ നഗരസഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ പഞ്ചായത്താണ് രാമപുരം.

കേരള കോണ്‍ഗ്രസ് എമ്മിന് പാലാ കഴിഞ്ഞാല്‍ ഏറ്റവും ശക്തിയുള്ളതും രാമപുരത്തു തന്നെ. അവിടെ കേരള കോണ്‍ഗ്രസ് - എമ്മിനെ നോക്കുകുത്തിയാക്കി രണ്ടംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗം പഞ്ചായത്ത് പ്രസിഡന്‍റ് അധികാരമേല്‍ക്കുമ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു.

publive-image

ഇതുപ്രകാരം 'നിയുക്ത പ്രസിഡന്‍റിനെ' പഞ്ചായത്ത് ഹാളിലേയ്ക്ക് കടത്തി വിട്ട് വിജയശ്രീലാളിതയായി പ്രസിഡന്‍റ് പുറത്തേയ്ക്ക് വരുമ്പോള്‍ ചെയര്‍മാന്‍ പി.ജെ ജോസഫിന്‍റെയും എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫിന്‍റെയും സാന്നിധ്യത്തില്‍ മാലപ്പടക്കം പൊട്ടിച്ച് സ്വീകരിക്കാനായി എല്ലാ ഒരുക്കങ്ങളും റെഡിയായിരുന്നു.

ഒപ്പം ഒരു ഡസനിലേറെ ഷാളുകള്‍ പ്രസിഡന്‍റിനെ അണിയിക്കാനായും റെഡിയാക്കി. 10 കവറുകളിലാക്കി 500 ഓളം ലഡു ടൗണിലെ ബേക്കറിയില്‍ നിന്നും കാറില്‍ പഞ്ചായത്ത് പരിസരത്തെത്തിച്ചു.

11 മണിക്ക് പ്രസിഡന്‍റിനെ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിക്കാനായി പുറപ്പുഴയില്‍ നിന്നും പി.ജെ ജോസഫും കടുത്തുരുത്തിയില്‍ നിന്നും മോന്‍സ് ജോസഫും രാമപുരം ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു.

പണി കിട്ടിയതറിഞ്ഞത് പടക്കത്തിലൂടെ

അതിനിടയിലാണ് 11.05 -ന് പഞ്ചായത്തിന്‍റെ ഒരു വശത്തു നിന്നും തങ്ങളുടേതല്ലാത്ത ഒരു മാലപ്പടക്കം പൊട്ടുന്നത് യുഡിഎഫ് നേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇനി തങ്ങളറിയാതെ ആരെങ്കിലും മാലപ്പടക്കത്തിന് തീ കൊളുത്തിയതാണോയെന്ന സംശയത്തില്‍ നോക്കിയപ്പോള്‍ യുഡിഎഫ് മാലപ്പടക്കം നിര്‍നിമേഷവികാരത്തോടെ അവിടെത്തന്നെയുണ്ട്.

അതിനിടെ എല്‍ഡിഎഫ് ക്യാമ്പില്‍ ആര്‍പ്പുവിളികള്‍ കൂടി ഉയര്‍ന്നതോടെ എന്താണ് സംഭവിച്ചത് എന്ന് ആദ്യം മനസിലായില്ലെങ്കിലും എന്തോ പണി കിട്ടിയെന്ന് നേതാക്കള്‍ക്ക് ഉറപ്പായി.

ഇതോടെ പുറപ്പുഴ വഴി രാമപുരത്തിന് പുറപ്പെട്ട മുതിര്‍ന്ന നേതാവ് കുണിഞ്ഞി പള്ളിയുടെ സമീപത്തെ വീതി കൂടിയ ഭാഗത്ത് ഇടതു വശം ചേര്‍ത്ത് വണ്ടി ഒതുക്കി തിരിച്ചു വിട്ടോളാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി.

കുറവിലങ്ങാട് വഴി രാമപുരം ടൗണില്‍ വരെയിത്തിയ നേതാവിന് പരിസരത്ത് ധാരാളം വിസ്തൃതി ഉണ്ടായിരുന്നതിനാല്‍ വണ്ടി തിരിക്കാന്‍ ബുദ്ധിമുട്ടുണ്ടായതുമില്ല. തൊടുപുഴയ്ക്ക് മടങ്ങിയ നേതാവ് കുറവിലങ്ങാടിനു മടങ്ങിയ നേതാവിനെ വിളിച്ചപ്പോള്‍ ഞാന്‍ തിരിച്ചു എന്നായിരുന്നുവത്രെ ഫോണെടുത്ത ഉടന്‍ മറുപടി.

publive-image

ഇതിനിടെ പഞ്ചായത്ത് പരിസരത്തെ ആള്‍ക്കൂട്ടത്തിനിടയിലുണ്ടായിരുന്ന പാലാ ഭാഗത്തു നിന്നും പറന്നു വന്ന ഒരു 'വെള്ളി മൂങ്ങാ' നിന്ന നില്‍പ്പില്‍ അപ്രത്യക്ഷനായി. പ്രസിഡന്‍റിനെ സ്വീകരിച്ചുകൊണ്ടുള്ള ഘോഷയാത്രക്കിടെ ജോസ്മോനെതിരെ വിളിക്കാനുള്ള മുദ്രാവാക്യങ്ങളെഴുതിയ കുറിപ്പടിയും അതിനൊപ്പം ആവിയായി.

ഇതിനൊക്കെ ഇടയിലൂടെ 10 പായ്ക്കറ്റുകളിലാക്കി വിതരണത്തിനൊരുക്കി വച്ചിരുന്ന ലഡു പായ്ക്കറ്റുകളുമായി മുങ്ങിയ വിരുതന് വരുന്ന ഓണാഘോഷ പരിപാടിയില്‍ മികച്ച കാല്‍പന്തു കളിക്കുള്ള സമ്മാനം ഉറപ്പ്.

ലഡുവുമായി മുങ്ങിയ വിരുതനോട് ചങ്കില്‍ കുത്തുമാറ് പകുതി വിലയ്ക്കാണെങ്കില്‍ എടുത്തോളാം എന്ന് മാണി ഗ്രൂപ്പ് നേതാവ് വിളിച്ചു പറയുന്നതും കേള്‍ക്കാമായിരുന്നു. 'സമയമില്ലെ'ന്നു മാത്രമായിരുന്നു മറുപടിയത്രെ.

സംഭവം കേട്ടാല്‍ 'വെള്ളിമൂങ്ങാ' സിനിമയുടെ കഥയാണെന്നു തോന്നുമെങ്കിലും കഴിഞ്ഞ ദിവസം രാമപുരത്ത് സംഭവിച്ച ഈ നാടകം അക്ഷരം പ്രതി ശരിയാണത്രെ.

പണി എവിടുന്നു വന്നു ?

യുഡിഎഫ് ക്യാമ്പ് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. പ്രസിഡന്‍റ് പദം വേണമെന്ന രണ്ടംഗങ്ങള്‍ മാത്രമുള്ള ജോസഫ് ഗ്രൂപ്പിന്‍റെ വാശിയാണ് എല്ലാത്തിനും കാരണമായി കോണ്‍ഗ്രസ് പറയുന്നത്.

രാമപുരത്ത് ആളും വോട്ടുമില്ലാത്ത ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസിന്‍റെ പിന്തുണയിലാണ് രണ്ടംഗങ്ങള്‍ വിജയിച്ചത്. അവരെ തങ്ങളുടെ ചിലവില്‍ പ്രസിഡന്‍റാക്കണമെന്ന വാശിയാണ് ഷൈനി സന്തോഷ് അടക്കമുള്ളവരെ പ്രകോപിപ്പിച്ചത്. യുഡിഎഫിലെ മറ്റ് തര്‍ക്കങ്ങളും അതിനു കാരണമായി.

6 അംഗങ്ങളുള്ള കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ചു കയറിയ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറുമെന്ന് അവസാന നിമിഷം വരെ ആരും ചിന്തിച്ചില്ല. ഒടുവില്‍ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തങ്ങളുടെ സ്ഥാനാര്‍ഥി ലിസമ്മ മാത്യുവിനെതിരെ എല്‍ഡിഎഫ് നേതാവ് കോണ്‍ഗ്രസ് അംഗം ഷൈനി സന്തോഷിന്‍റെ പേര് നിര്‍ദേശിച്ചപ്പോഴാണ് ചിന്തന്‍ ശിബിര് പാളി സര്‍ജിക്കല്‍ സ്ട്രൈക്കാണ് കിട്ടിയതെന്ന് യുഡിഎഫിന് പിടികിട്ടിയത്.

അപ്പോഴും പുറത്തുള്ള നേതാക്കള്‍ ലഡുവും പടക്കവും ത്രിവര്‍ണ പൊന്നാടകളുമായി നടക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ് - എമ്മിലെ സണ്ണി പൊരുന്നക്കോട്ട് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കും വിജയിച്ചു.

Advertisment