വസ്ത്രധാരണത്തിലെ 'പാലാ സ്റ്റൈല്‍' കച്ചവടമാക്കാനുള്ള പറപ്പാടിനൊരുങ്ങി പുളിമൂട്ടില്‍ സില്‍ക്സ് പാലായിലേയ്ക്കും ! കരിക്കിനേത്ത് തോറ്റോടുകയും റിലയന്‍സും മാക്സുമൊക്കെ പൊരുതി നില്‍ക്കുകയും ചെയ്യുന്ന പാലായില്‍ ഇടപ്പറമ്പിലിന് വെല്ലുവിളിയാകുമോ പുളിമൂട്ടില്‍. വമ്പന്‍മാരെത്തിയിട്ടും നാട്ടിലെ സ്ഥാപനങ്ങളെ ചേര്‍ത്തു നിര്‍ത്തിയ പാലാക്കാര്‍ അയല്‍ക്കാരായ തൊടുപുഴക്കാരുടെ പുളിമൂട്ടിലിനെ പുണരുമോ തഴയുമോ ?

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: വെടിപ്പിലും വെണ്മയിലും അലക്കി തേച്ചു മിനുക്കിയ വസ്ത്രങ്ങള്‍ ധരിച്ച് തനി പാലാക്കാരന്‍ സ്റ്റൈലിലുള്ള പാലാക്കാരുടെ നടപ്പ് മലയാളി ഉള്ളിടത്തെല്ലാം പ്രസിദ്ധമാണ്. ഒടുവിലിറങ്ങിയ 'കടുവ' സിനിമയില്‍ പോലും കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിലെ പാലാ സ്റ്റൈല്‍ എടുത്തു കാണിക്കുന്നുണ്ട്.

പാലാക്കാരുടെ ഈ വസ്ത്ര അഴക് കച്ചവടമാക്കാനുള്ള പുറപ്പാടിലാണ്, ഏറ്റവും അവസാനം ഈ ലക്ഷ്യം പരീക്ഷിച്ച് പരാജയമടങ്ങിയ കരിക്കിനേത്ത് സില്‍ക്സിനു പിന്നാലെ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്സ്.

പുളിമൂട്ടിലിന്‍റെ ഏറ്റവും പുതിയ ഷോറൂമാണ് പാലാ മഹാറാണി ജംഗ്ഷനില്‍ കെഎസ്ആര്‍ടിസിക്ക് എതിര്‍വശത്തായി 17-ന് ഉത്ഘാടനം ചെയ്യപ്പെടുന്നത്. പുതിയ ഷോറൂമിന്‍റെ വെഞ്ചരിപ്പ് ഞായറാഴ്ച വൈകിട്ട് നടന്നു. തൊടുപുഴയില്‍ തുടങ്ങി തൃശൂരും കൊല്ലവും കോട്ടയവുമൊക്കെയായി കേരളത്തില്‍ വിപുലമായ വ്യാപാര ശ്രംഘലയുള്ള പുളിമൂട്ടിലിന്‍റെ പുതിയ പരീക്ഷണ കേന്ദ്രമാണ് പാലാ. മറ്റ് ഷോറൂമുകളിലെ വിജയം പാലായിലും ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസവും അവര്‍ക്കുണ്ട്.

വമ്പന്‍ ബ്രാന്‍ഡുകള്‍ക്ക് കാലിടറിയ മണ്ണ് !

കച്ചവടത്തിന്‍റെ കാര്യത്തില്‍ വേറിട്ട വ്യാപാര സംസ്കാരമാണ് പാലായുടേത്. അതറിയാതെ പാലായില്‍ പണം എറിഞ്ഞവര്‍ക്കൊക്കെ പൊള്ളിയിട്ടുണ്ട്. വസ്ത്രധാരണത്തിലെ തറവാടിത്തം പോലെതന്നെയാണ് കച്ചവടത്തിലും പാലായുടെ മനസ്.

publive-image

അതറിയാതെയാണ് പാലാ വെള്ളാപ്പാടുള്ള ബഹുനില മന്ദിരത്തില്‍ പതിറ്റാണ്ടിലേറെ മുന്‍പ് കരിക്കിനേത്ത് സില്‍ക്സ് വിത്തെറിഞ്ഞത്. പക്ഷേ വിതച്ചത് പാറപ്പുറത്തായിപ്പോയെന്നതിന് ചരിത്രം സാക്ഷി. അന്നത്തെ കരിക്കിനേത്തിന്‍റെ ശോഭ നശിച്ച ആ പഴയ കെട്ടിടത്തിന്‍റെ വേലികെട്ടി തിരിച്ച ഉമ്മറത്ത് ഇപ്പോള്‍ കസേരയിട്ടിരിക്കുന്ന സെക്യൂരിറ്റിക്കാര്‍ അത് ജപ്തി ചെയ്ത ബാങ്കിന്‍റെ ശമ്പളക്കാരാണ്.

പിന്നീട് പാലായിലേയ്ക്ക് വന്നത് റിലയന്‍സ് ട്രെൻഡ്‌സും മാക്സുമൊക്കെയാണ്. ലോക്ക്ഡൗണിനു ശേഷം പ്രത്യേകിച്ചും അവരുടെ സ്ഥിതി അവിടം സന്ദര്‍ശിച്ചാല്‍ വ്യക്തം. അതേസമയം, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം കുരിശുപള്ളിക്കവലയില്‍ ആരംഭിച്ച സുപ്രിയ ടെക്സ്റ്റൈല്‍സ് ഇതിനോടകം പാലായില്‍ കളം പിടിച്ചു. പാലായില്‍ പാവപ്പെട്ടവന്‍റെ ശീമാട്ടിയായി അതു മാറി.

publive-image

ഒരു പരിധിവരെ ഇടപ്പറമ്പിലെ ചെറു കച്ചവടങ്ങളും ചെറുപുഷ്പത്തെയും മുഞ്ഞനാട്ടെയുമൊക്കെ കച്ചവടങ്ങളും അവര്‍ ഏറ്റു പിടിച്ചു. വിസ്താരം കുറവെങ്കിലും ഏതു സമയത്തും തിരക്കുതന്നെ.

ഇനി പുളിമൂട്ടിലിനോട് ചേര്‍ന്ന് അതേ കെട്ടിടത്തില്‍ തന്നെ വമ്പന്‍ വസ്ത്ര വ്യാപാര ബ്രാന്‍ഡായ ഈസി ബൈ കൂടി എത്തുകയാണ്. ഒരേ കെട്ടിടത്തില്‍ സാധാരണ ഒരേ സ്വഭാവമുള്ള രണ്ട് സ്ഥാപനങ്ങള്‍ അനുവദിക്കുക പതിവില്ലെങ്കിലും അതൊക്കെ പരിചയുള്ള കെട്ടിട ഉടമ എന്തായാലും ആ പണിയും ഒപ്പിച്ചു വച്ചിട്ടുണ്ട്.

പഴമയാണ് പ്രിയം..., പിന്നെ കൊള്ളാമെങ്കില്‍ നോക്കും !

മേല്‍പറഞ്ഞ വമ്പന്‍ ബ്രാന്‍ഡുകളൊക്കെ വന്നിട്ടുണ്ടെങ്കിലും പാലാക്കാര്‍ക്ക് നാട്ടുകാരായ കച്ചവടക്കാരോടുള്ള പ്രിയം അടിവരയിടുന്നതാണ് ഇടപ്പറമ്പില്‍ ടെക്സ്റ്റൈല്‍സ്, ചെറുപുഷ്പം എന്നു തുടങ്ങി മുഞ്ഞനാട്ട് സ്റ്റോഴ്സ് വരെയുള്ള തുണിക്കടകള്‍.

publive-image

പാലായില്‍ കരിക്കിനേത്തും റിലയന്‍സും മാക്സുമെല്ലാം മാറ്റുരച്ചപ്പോഴും ഇടപ്പറമ്പില്‍ ടെക്സ്റ്റൈല്‍സിന്‍റെ കച്ചവടം കൂടിയതല്ലാതെ കുറഞ്ഞില്ല. ഇടപ്പറമ്പിലിന് കച്ചവടത്തില്‍ പ്രൊഫഷണലിസം തീരെയില്ലെങ്കിലും പാലാക്കാരുടെ മനസറിയാം എന്നതാണ് പ്രത്യേകത.

publive-image

കരിക്കിനേത്തിനും അതിനും മുമ്പേ പാലായില്‍ തമ്പടിച്ച ഐശ്വര്യ സില്‍ക്സിനുമൊക്കെ അതറിയാതെ പോയതായിരുന്നു തിരിച്ചടി. എന്നിട്ടും ഐശ്വര്യ പാലായില്‍ പിടിച്ചു നില്‍ക്കുന്നുണ്ട്. പക്ഷേ ഇടപ്പറമ്പില്‍ വച്ചടി ഉയരങ്ങള്‍ താണ്ടുന്നുമുണ്ട്.

എന്നാല്‍ വല്ലയിടത്തുനിന്നും വന്ന കരിക്കിനേത്തും ഐശ്വര്യയുമൊക്കെ പോലെയായിരിക്കില്ല തൊട്ടടുത്ത തൊടുപുഴയില്‍ നിന്നും വരുന്ന പുളിമൂട്ടില്‍ എന്നത് ഇത്തവണ ഇടപ്പറമ്പിലിന്‍റെ ഉറക്കം കെടുത്തും എന്നുറപ്പാണ്.

publive-image

കാരണം പാലായിലെ യാഥാര്‍ഥ്യം മനസിലാക്കി തന്നെയാണ് പുളിമൂട്ടിലിന്‍റെ പുറപ്പാട്. പാലായില്‍ കട തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ആദ്യം ഇടപ്പറമ്പിലില്‍ പതിവായി ആളെ വിട്ട് വസ്ത്രങ്ങള്‍ വാങ്ങിയും പാലാക്കാര്‍ വാങ്ങുന്നത് കണ്ടു പഠിച്ചും, ഇവിടുത്തെ കച്ചവടം നിരീക്ഷിച്ചും കളം പഠിച്ചായിരുന്നു ഇവരുടെ തുടക്കം. അതിനാല്‍ തന്നെ പുളിമൂട്ടില്‍ ഒന്നൊന്നര അങ്കത്തിനു തന്നെയുള്ള പുറപ്പാടിലാണ്. ബാക്കിയൊക്കെ കാത്തിരുന്നു കാണേണ്ടതുതന്നെ.

Advertisment