പാലാ-പൊന്‍കുന്നം റോഡ് ജില്ലയിലെ ഏറ്റവും മികച്ചതെങ്കിലും ആളെക്കൊല്ലി അപകടങ്ങള്‍ പരമ്പരപോലെ. പൂവരണിയില്‍ മാത്രം തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ 3 അപകടങ്ങളും ഒരു മരണവും. ഡ്രൈവിങ്ങിലെ അശ്രദ്ധ വില്ലനാകുമ്പോള്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

പാലാ: അപകടക്കെണിയൊരുക്കി പാലാ-പൊന്‍കുന്നം റോഡ്. മാസത്തില്‍ നാലോ അഞ്ചോ അപകടങ്ങളും അതിലൊരു മരണവും എന്ന നിലവാരത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ജില്ലയിലെ ഏറ്റവും മനോഹരമായ റോഡുകളിലൊന്നായ പി-പി റോഡ്.

കഴിഞ്ഞ 3 ദിവസത്തിനുള്ളില്‍ മൂന്ന് അപകടങ്ങളാണ് പഴയ പി-പി റോഡ‍ില്‍ പൂവരണിയില്‍ മാത്രം ഉണ്ടായിരിക്കുന്നത്. അതിലൊരാള്‍ മരിക്കുകയും ചെയ്തു. ഒരാളുടെ നില അതീവ ഗുരുതരവുമാണ്.

publive-image

വിളക്കുംമരുതില്‍ സ്വാതന്ത്ര്യദിന ദിവസം ഉച്ചക്കുണ്ടായ അപകടത്തില്‍ മീനച്ചില്‍ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം അസി. എന്‍ജിനീയറായ ഷാജന്‍ ജോണ്‍ (48) ആണ് മരിച്ചത്. ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഷാജന്‍റെ മകളും ബൈക്കില്‍ ഒപ്പമുണ്ടായിരുന്നെങ്കിലും കുട്ടിയുടെ പരിക്ക് ഗുരുതരമായിരുന്നില്ല.

ഇതിനു പിറ്റേദിവസം 16-ന് രാത്രി 10 മണിയോടെ ചരള ഭാഗത്തു വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് പാലാ ഗവണ്‍മെന്‍റ് സ്കൂള്‍ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ചരള പെരുമണ്ണില്‍ പി.എം ജോസഫി (75) ന് പരിക്കേറ്റത്.

ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് സുഹൃത്തിന്‍റെ വാഹനത്തില്‍ വന്നിറങ്ങി റോഡിന് മറുവശത്തുള്ള സ്വന്തം വീട്ടിലേയ്ക്ക് കയറാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അമിതവേഗതയില്‍ വന്ന ഒരു കാര്‍ ജോസഫ് സാറിനെ ഇടിച്ചു വീഴ്ത്തിത്. മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള പി.എം ജോസഫിന്‍റെ ആരോഗ്യനില അപകടനില തരണം ചെയ്തെങ്കില്‍ പോലും അതീവ ഗുരുതരമാണ്.

publive-image

വീണ്ടും 17 -ാം തീയതി ചരളയില്‍ തന്നെ ഇതേ സ്ഥലത്ത് കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പൂവരണി സ്വദേശി സുധീഷ് എന്ന യുവാവിന് സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹമിപ്പോള്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തലേദിവസം അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ജോസഫ് സാറിന്‍റെ സഹോദരന്‍ ഓടിച്ച വാഹനം ഇടിച്ചായിരുന്നു ബൈക്ക് യാത്രികന് പരിക്കേറ്റ പിറ്റേദിവസത്തെ അപകടം.

മാസങ്ങള്‍ക്ക് മുമ്പാണ് ഇതിന് ഒരു കിലോമീറ്റര്‍ മാത്രം അകലെ പൂവരണി പള്ളിക്ക് സമീപം വച്ച് ഇതേ യുവാവിന്‍റെ മാതാവ് റോഡില്‍കൂടി നടന്നുപോകവേ വാഹനം ഇടിച്ച് മരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ചരളയില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ റിട്ട. അധ്യാപകന് പരിക്കേറ്റ അതേ സ്ഥലത്തുവച്ച് അപകടത്തില്‍ മറ്റൊരു റിട്ട. അധ്യാപകനും മരിച്ചിരുന്നു.

ഇത്തരത്തില്‍ എണ്ണമെടുത്താല്‍ പി-പി റോഡില്‍ പന്ത്രണ്ടാം മൈലിനും പൊന്‍കുന്നം അട്ടിക്കല്‍ കവലയ്ക്കും ഇടയിലെ ഓരോ കിലോമീറ്ററുകളും ഒറ്റയ്ക്കൊറ്റയ്ക്ക് പരിശോധിച്ചാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി അപകടങ്ങള്‍ ഓരോ സ്ഥലത്തും സംഭവിച്ചിട്ടുണ്ട്.

അപകടങ്ങള്‍ക്ക് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയെയാണ് സ്ഥിരമായി ജനം പഴിക്കാറുള്ളത്. പക്ഷേ മിക്ക അപകടങ്ങള്‍ക്കും കാരണം ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും തന്നെയാണ്.

ഈ റോഡിലും പതിവുപോലെ മുട്ടിനു മുട്ടിന് പോലീസ് നിന്ന് സീറ്റ് ബെല്‍റ്റ്-ഹെല്‍മറ്റ് പിരിവ് നടത്തുന്നുണ്ടെങ്കിലും അമിതവേഗത നിയന്ത്രിക്കാന്‍ നടപടിയില്ല. ഇത് നിയന്ത്രിക്കാന്‍ നടപടി ഉണ്ടാകുകയാണ് വേണ്ടത്. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ റോഡുകളിലൊന്നാണ് മൂവാറ്റുപുഴ-പുനലൂര്‍ ഹൈവേയുടെ ഭാഗമായ പഴയ പി-പി റോഡ്.

Advertisment