പാലാ:കലയുഗവരദനെ കൊട്ടിയുണര്‍ത്തിയ, ദീപാരാധനയ്ക്കും മകരവിളക്കിനും മലമുകളില്‍ മുഴങ്ങിയ കൂറ്റൻ മണി ഇനി പയപ്പാറില്‍ വാഴുന്ന അയ്യപ്പസ്വാമിക്ക് തുയിലുണര്‍ത്താകും. ശബരിമലയിലെ മണി നാളെ പയപ്പാര്‍ ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ സ്ഥാപിക്കും.
മലയില്‍ പുതിയ മണികെട്ടിയപ്പോള്‍ ദേവസ്വം ഭണ്ഡാരസൂക്ഷിപ്പിലേക്ക് മാറ്റിയ പഴയ വലിയ മണിയാണ് നാളെ പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വ്വം കൊണ്ടുവരുന്നത്.
ശബരിമലയില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മുഴങ്ങിയ മണി കഴിഞ്ഞവര്‍ഷം മുതലാണ് നാവടക്കി മൗനപ്രാര്‍ത്ഥനയോടെ ഭണ്ഡാരം സൂക്ഷിപ്പ് കേന്ദ്രത്തില്‍ വിശ്രമിച്ചിരുന്നത്.
അടുത്തിടെ പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എ. അനന്തഗോപന്‍, മെമ്പര്‍ പി.എം. തങ്കപ്പന്‍ എന്നിവര്‍ക്ക് മുമ്പാകെ തങ്ങള്‍ക്ക് പുതിയ മണി വേണമെന്ന് ആവശ്യപ്പെട്ട് പയപ്പാര്‍ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ നിവേദനം നല്‍കിയിരുന്നു.
ഓടില്‍ തീര്‍ത്ത മണിക്ക് 18 കിലോയോളം തൂക്കമുണ്ട്. 12 വട്ടം വ്യാസവും ഒരടി ഉയരവുമുള്ള മണിയാണ് പയപ്പാര്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നത്.
നാളെ (ശനിയാഴ്ച) രാവിലെ 8.30 ന് പയപ്പാർ ക്ഷേത്രം ജംഗ്ഷനില്‍ നിന്ന് താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ കൂറ്റന്‍ മണി ആഘോഷപൂര്‍വ്വം ക്ഷേത്ര ശ്രീകോവിലിലേക്ക് ആനയിച്ച് കൊണ്ടുവരും. തുടര്‍ന്ന് ശ്രീകോവിലിന് മുന്നില്‍ തൂക്കുന്ന മണിയില്‍ ആദ്യനാദം പൊഴിച്ചുകൊണ്ട് മണിയുടെ ഉദ്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി. നായര്‍ നിര്‍വ്വഹിക്കും.