മാര്‍ ജേക്കബ് മുരിക്കന്‍ ഇന്ന് പടിയിറങ്ങിയത് കേരളത്തിലെ ഏറ്റവും സമ്പന്നമായ രൂപതയുടെ തലപ്പത്തുനിന്ന് ! ബഹുകോടികളുടെ സ്ഥാപനങ്ങളുടെയും ആസ്തികളുടെയും അധിപനായിരുന്ന മെത്രാന്‍ ഇനി കാഷായ വസ്ത്രങ്ങളണിഞ്ഞ് മണല്‍ വിരിച്ച മുറ്റമുള്ള ആഡംബരമില്ലാത്ത ഒറ്റമുറി ആശ്രമത്തില്‍ സഭയ്ക്കും സമൂഹത്തിനുമായുള്ള പ്രാര്‍ഥനയില്‍ മുഴുകും. മാനേജര്‍മാരും ഡയറക്ടര്‍മാരുമായി വിഹരിക്കുന്ന പുരോഹിതര്‍ക്കു മുമ്പില്‍ മാര്‍ മുരിക്കനൊരു ജീവിക്കുന്ന 'വേദപുസ്തക'വും പൗരോഹിത്യത്തിന്‍റെ പൂര്‍ണതയുമായി മാറും !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:മേല്‍നോട്ടക്കാരന്‍ എന്നര്‍ഥമുള്ള ഗ്രീക്ക് പദമാണ് 'എപ്പിസ്കോപ്പസ്'. ഒരു രൂപതയുടെ അധിപനായ പ്രധാന പുരോഹിതനാണ് എപ്പിസ്കോപ്പാ എന്ന് വിളിക്കപ്പെടുന്ന മെത്രാന്‍. ആത്മീയ ജീവിതമാണ് സന്യാസമെങ്കിലും പുതിയ കാലഘട്ടത്തില്‍ ഒരു മെത്രാന്‍ എന്നാല്‍ വെറുമൊരു രൂപതയുടെ മേല്‍നോട്ടക്കാരനല്ല.

Advertisment

രൂപത എന്ന പദത്തിന്‍റെ വ്യാപ്തി തന്നെ വലിയ പ്രസ്ഥാനമായി വളര്‍ന്നു കഴി‍ഞ്ഞു. അനവധി കോളജുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നു തുടങ്ങി നിരവധി വമ്പന്‍ സ്ഥാപനങ്ങളുടെ കൂടി ചോദ്യം ചെയ്യപ്പെടാത്ത അധിപനാണ് മെത്രാന്‍ അഥവാ ബിഷപ്പ്. ഒരിക്കല്‍ ചുമതലയേറ്റാല്‍ പിന്നെ പ്രായം അധികരിക്കും വരെ മിക്കവാറുമെല്ലാവരും അതേ പദവിയില്‍ തുടരും.

ആ പദവി ഒന്നാഗ്രഹിക്കാത്ത വൈദികരുണ്ടാവില്ല. അത്തരമൊരു കാലഘട്ടത്തിലാണ് പതിറ്റാണ്ടു നീളുന്ന കാലാവധി ഇനിയും കണ്‍മുമ്പിലുണ്ടായിരിക്കെ പദവിയൊഴിഞ്ഞ് മുഴുവന്‍ സമയ പ്രാര്‍ഥനയ്ക്കായി പാലാ രൂപതയുടെ മുന്‍ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആശ്രമജീവിതം തെരഞ്ഞെടുത്തിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ് മാര്‍ മുരിക്കന്‍റെ തീരുമാനം പുറത്തുവന്നപ്പോള്‍ ഞെട്ടാത്ത ബിഷപ്പുമാരില്ല. വിശ്വാസികള്‍ക്കു പോലും ആ തീരുമാനം അതിശയകരമായി തോന്നി. മേജര്‍ ആര്‍ച്ച് ബിഷപ്പു മുതല്‍ മെത്രാന്‍മാരും വൈദികരും വിശ്വാസികളുമൊക്കെ മാര്‍ ജേക്കബ് മുരിക്കനെ നേരില്‍ കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു - പക്ഷേ അദ്ദേഹം വഴങ്ങിയില്ല. തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ മറ്റുള്ളവര്‍ വഴങ്ങി.

കേരള ക്രൈസ്തവ സഭകളില്‍ തന്നെ പണം കൊണ്ടും പ്രൗഢി കൊണ്ടും എണ്ണം കൊണ്ടുമൊക്കെ ഏറ്റവും സവിശേഷ സ്ഥാനമുള്ള രൂപതയാണ് പാലാ. ബഹുകോടികളുടെ മെഡിസിറ്റിയും എന്‍ജിനീയറിങ്ങ് കോളജും സിവില്‍ സര്‍വീസ് അക്കാദമിയും ഏക്കർകണക്കിന് ഭൂസ്വത്തുക്കളുമൊക്കെ സ്വന്തമായുള്ള സമ്പന്ന രൂപതയാണ് പാലാ. പാലാ ബിഷപ്പ് എന്നൊക്കെ പറഞ്ഞാല്‍ അതൊരു പവര്‍ഫുള്‍ പദവികൂടിയാണ്.

അതൊക്കെ ഉപയോഗിച്ചുകൊണ്ടാണ് കാഷായ വസ്ത്രമണിഞ്ഞ് മണല്‍ വിരിച്ച മുറ്റമുള്ള, ആഡംബരം ലവലേശമില്ലാത്ത നല്ലതണ്ണി ശാന്തിനിലയത്തിലെ മുറിയിലെ ഏകാന്തജീവിതവും തപസും പ്രാര്‍ഥനയും മാര്‍ മുരിക്കന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

മുമ്പ് തന്‍റെ ഒരവയവം അതുവരെ പരിചയം പോലുമില്ലാതിരുന്ന ഒരു സഹോദരനായി പകുത്ത് നല്‍കിയതുപോലെ ഇപ്പോള്‍ തന്‍റെ ജീവിതം തന്നെ സഭയ്ക്കും സമൂഹത്തിനും ലോകത്തിനുമായി പൂര്‍ണമായി സമര്‍പ്പിച്ചിരിക്കുകയാണ് മാര്‍ മുരിക്കന്‍.

എന്നു കരുതി സമൂഹവുമായുള്ള സൗഹൃദവും ആശയവിനിമയവും മെത്രാന്‍ എന്ന നിലയിലുള്ള അജപാലന ദൗത്യങ്ങളുമൊന്നും മാര്‍ മുരിക്കന്‍ ഉപേക്ഷിക്കുന്നില്ല. മെത്രാന്‍ എന്ന നിലയിലുള്ള ഏത് തിരുക്കര്‍മ്മങ്ങളിലും സഭ ആവശ്യപ്പെട്ടാല്‍ അദ്ദേഹം പങ്കെടുക്കും. സന്ദര്‍ശകരെ കാണും, കേള്‍ക്കും, അനുഗ്രഹിക്കും, അവര്‍ക്കായി പ്രാര്‍ഥിക്കും.

എന്തായാലും സഭയിലെ വൈദികരൊക്കെ മാനേജര്‍മാരും ഡയറക്ടര്‍മാരും ചെയര്‍മാന്‍മാരുമൊക്കെയായി വിഹരിക്കുമ്പോള്‍ അവര്‍ക്കു മുമ്പിലൊരു വേദപുസ്തകമാണ് മാര്‍ ജേക്കബ് മുരിക്കന്‍. പൗരോഹിത്യത്തിന്‍റെ പൂര്‍ണത സഹസന്യസ്തര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് മാര്‍ മുരിക്കന്‍.

Advertisment