പാലാ:ഇടനാട് കോലത്തെ അക്ഷരത്തറവാടിന്റെ പടി കടന്ന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം വീണ്ടുമെത്തി. കോലത്ത് വീട്ടിലെ ഇളമുറക്കാരി അനഘ ജെ. കോലത്ത് രചിച്ച ''മെഴുകിതിരിക്ക് സ്വന്തം തീപ്പെട്ടി'' എന്ന കവിതാ സമാഹാരത്തിനാണ് ഇത്തവണ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം കിട്ടിയത്.
കോലത്ത് കെ.എന്‍. ജയചന്ദ്രന്റെയും (റിട്ട. ഡപ്യൂട്ടി ജനറല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക് കോട്ടയം) റ്റി.ജി. ശ്യാമളാദേവിയുടെയും (റിട്ട. അധ്യാപിക കിടങ്ങൂര്‍ എന്‍.എസ്.എസ്. ഹൈസ്‌കൂള്‍) ഇളയ മകളാണ് അനഘ.
2015 ല്‍ അനഘയുടെ വല്യച്ഛന്‍ (കെ.എന്‍. ജയചന്ദ്രന്റെ ജേഷ്ഠസഹോദരന്‍) അക്ഷരശ്ലോകാചാര്യന്‍ കെ.എന്‍. വിശ്വന്‍നാഥന്‍ നായരുടെ മകള്‍ ആര്യാംബികയ്ക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലും എം.എ. ബിരുദധാരിയായ അനഘ ജെ. കോലത്ത് ഇപ്പോള്‍ വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിലാണ്. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരത്തില്‍ 36 കവിതകളാണുള്ളത്. പ്ലസ്ടുവിന് ശേഷം എഴുതിയ കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രണ്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കാലയളവില്‍ എഴുതിയ ''ഞാനറിഞ്ഞ കടല്‍'' എന്ന കവിതാ സമാഹാരവും അനഘയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇടനാട് കൈരളീ ശ്ലോക രംഗത്തിലെ അക്ഷരാചാര്യന്‍ ഇടനാട് കെ.എന്‍. വിശ്വനാഥന്‍ നായരുടെ കീഴില്‍ അക്ഷരശ്ലോക അഭ്യസനം തുടങ്ങിയ അനഘ രണ്ടാം ക്ലാസ് മുതല്‍ കൊച്ചുകൊച്ചു കവിതകളും എഴുതി തുടങ്ങി.
കാവ്യാലാപനത്തിലും മുന്നില്‍ നിന്ന ഈ കവയത്രിക്ക് വിവിധ കവിതാപാരായണ മത്സരങ്ങളിലും അക്ഷരശ്ലോക മത്സരങ്ങളിലും നൂറുകണക്കിന് ഒന്നാം സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോലത്ത് വീട്ടിലെ ഷോകെയ്‌സില്‍ അറുനൂറോളം കാവ്യപുരസ്‌കാരങ്ങളും അതിനടുത്തുള്ള സാക്ഷ്യപത്രങ്ങളും ഈ 27-കാരിയുടെ കാവ്യജീവിതത്തിലെ സുവര്‍ണ്ണ നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയാണ്.
മറ്റക്കര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ അഞ്ജന, അര്‍ച്ചന എന്നിവരാണ് അനഘയുടെ ചേച്ചിമാര്‍. ഇന്നലെ വൈകിട്ടാണ് പുരസ്‌കാര പ്രഖ്യാപനം ഉണ്ടായത്. തുടര്‍ന്ന് അനഘയുടെ ഫോണിലേക്ക് അഭിനന്ദന പ്രവാഹമായിരുന്നു.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്‌കാരം നേടിയ അനഘ ജെ. കോലത്തിനെ എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടന്‍. മാണി സി. കാപ്പന്‍ എം.എല്‍.എ., എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍, കേരളാ ബാങ്ക് ഡയറക്ടര്‍ ഫിലിപ്പ് കുഴികുളം തുടങ്ങിയവര്‍ അഭിനന്ദിച്ചു.