ഫയല്‍ ചിത്രം
പാലാ:ഓണമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണപ്പായസം തന്നെ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ഒരു ക്ഷേത്രത്തില്‍ നിന്ന് ഓണപ്പായസം ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഒരനുഷ്ഠാനം ഉണ്ടെന്ന് കേള്‍ക്കുമ്പോള്‍ നമ്മള്‍ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടേക്കാം.
പാലായ്ക്കടുത്ത് രാമപുരം ഏഴാച്ചേരിയിലുള്ള പുണ്യപ്രസിദ്ധമായ കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഓണനാളില്‍ നടക്കുന്ന ഒരു വഴിപാടും അനുഷ്ഠാനവുമാണ് ഓണപ്പായസ നിർമ്മാണവും പ്രസാദമായുള്ള വിതരണവും. വിഷുവിനും മൂന്നുകൂട്ടം വിഷുപ്പായസ വിതരണവുമുണ്ട്.
ഓണനാളിലും വിഷുനാളിലുമുള്ള ഈ പായസം വഴിപാടില്‍ പങ്കെടുക്കാനും പായസം പ്രസാദമായി ഏറ്റുവാങ്ങാനും ദുരെദിക്കുകളില്‍ നിന്നുപോലും നൂറുകണക്കിന് ഭക്തരാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്.
പൂരാടം നാളില്‍ തുടങ്ങും പായസവിതരണം. പാലട, ശര്‍ക്കര അടപ്രഥമന്‍, പരിപ്പ് പായസം എന്നിവയാണ് ഇവിടെ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഇതില്‍ ഭക്തജനങ്ങള്‍ കൂടുതലായും വഴിപാട് പ്രസാദമായി ഏറ്റവാങ്ങുന്നത് അടപ്രഥമനാണ്. ക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തോട് ചേര്‍ന്നുള്ള ഊട്ടുപുരയിലാണ് ഈ വിശേഷാല്‍ വഴിപാട് ഓണപ്പായസം തയ്യാറാക്കുന്നത്.
പൂരാടത്തലേനാള്‍ ദീപാരാധനയ്ക്ക് ശേഷം പായസ നിര്‍മ്മാണത്തിനുള്ള ഒരുക്കള്‍ ആരംഭിക്കും. പൂരാടനാളില്‍ പുലര്‍ച്ചെ തയ്യാറാക്കുന്ന പായസം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ആദ്യം ഉമാമഹേശ്വരന്‍മാര്‍ക്ക് നിവേദിക്കും. തുടര്‍ന്നാണ് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തൃപ്പൂണിത്തുറ മരട് കൊടിപ്പറമ്പില്‍ മഠത്തിലെ മുരളിസ്വാമിയുടെ നേതൃത്വത്തിലാണ് ഓണ-വിഷുപ്പായസങ്ങള്‍ തയ്യാറാക്കുന്നത്. വഴിപാട് എന്നതിന് അപ്പുറം അമ്പലപ്പുഴ പാല്‍പ്പായസം പോലെ രുചിയുടെ സവിശേഷത തന്നെയാണ് കാവിന്‍പുറം ഓണപ്പായസത്തേയും ശ്രദ്ധേയമാക്കുന്നത്.
ചില പ്രത്യേക കൂട്ടുകളാണ് കാവിന്‍പുറം പായസത്തിന്റെ രുചിമഹത്വം. ഭക്തജനങ്ങള്‍ ഓണനാളില്‍ തങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ഓണസമ്മാനമായി വിതരണം ചെയ്യാനും ഇവിടെ നിന്ന് ഓണപ്പായസം വാങ്ങുന്നു. വിദേശത്തു നിന്നു പോലും മലയാളികൾ ഓണപ്പായസ വഴിപാടു നടത്താറുണ്ട്.
ഇവിടെ പായസ നിര്‍മ്മാണത്തിന് പ്രത്യേകമായ അളവുമുണ്ട്. പൂരാടം, ഉത്രാടം, തിരുവോണം നാളുകളില്‍ അയ്യായിരം ലിറ്ററോളം പായസം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഓണപ്പായസം ലഭിക്കുകയുള്ളൂ. ഓരോ ദിവസവും 5000 ലിറ്ററിന് മുകളിലായാല്‍ പിന്നീട് വഴിപാട് ബുക്കിംഗ് സ്വീകരിക്കുകയില്ല. ഓണപ്പായസ വഴിപാട് ബുക്ക് ചെയ്യാന്‍ ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 9745 260444.