പാലാ റിവർവ്യൂ റോഡിൽ ഒരു മീറ്റർ വിസ്തീർണത്തിൽ 'റോഡ് ' കണ്ടെത്തണമെങ്കിൽ ദൈവം തമ്പുരാൻ വിചാരിച്ചാലും നടക്കില്ല ! മഴ വന്നാൽ റോഡേത് ..? കുഴിയേത് ..? എന്ന് ദൈവത്തിനറിയാം ! റിവർ വ്യൂ റോഡിന്റെ മുനിസിപ്പൽ കോംപ്ലക്സിന്റെ മുൻപിലെ ഗർത്തം അല്പം കൂടി താഴ്ത്തിയാൽ നീന്തൽ കുളമാക്കാം. നാട്ടിലില്ലാത്ത ജനപ്രതിനിധികൾക്ക് ഇതിന്റെ ആവശ്യവുമില്ല. ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന് പറയുന്നത് ഗംഭീരം, പാലായിലത് നാട്ടുകാർ വഴിമാറട്ടെയെന്ന് തിരുത്തണമെന്ന് മാത്രം

New Update

publive-image

പാലാ: നഗരയാത്രയുടെ മുഴുവന്‍ സൗന്ദര്യവും പാലായുടെ അഭിമാനവുമായിരുന്ന റിവര്‍വ്യൂ റോഡിലൂടെ വാഹനയാത്ര കുതിരസവാരിയേക്കാള്‍ ദുരിതമയം.

Advertisment

റിവര്‍വ്യൂ റോഡിന്‍റെ ദുരിതം മുതലെടുക്കാന്‍ രാഷ്ട്രീയക്കാര്‍ മത്സരിച്ച് രംഗത്തുണ്ടെങ്കിലും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. സ്ഥലത്തെ ജനപ്രതിനിധികളുടെ ഉദാസീനതയോ അറിവില്ലായ്മയോ ആണ് പാലായിലെ റോഡുകള്‍ക്കും ഇത്തവണ വിനയാകുന്നത്.

വായിത്താരിയടിച്ച് ഇങ്ങനെയൊക്കെ അങ്ങ് പോയാല്‍ മതിയെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ ചിന്തിച്ചാല്‍ വികസനം ഈ ഗതിയാകും എന്നതാണ് പാലായിലെ സ്ഥിതി. ഒന്നും നടക്കുന്നില്ല.

ആറിന്‍റെ തീരം വഴിയുള്ള റിവര്‍വ്യൂ റോഡിന്‍റെ തുടക്കം മുനിസിപ്പല്‍ കോംപ്ലക്സിന്‍റെ ഒരറ്റത്തുനിന്നാണ്. ആ തുടങ്ങുന്നിടത്തു തന്നെ വലിയൊരു ഗര്‍ത്തമാണ്. അല്‍പംകൂടി കുഴിച്ചുകൊടുത്താല്‍ നീന്തലിന് അനുയോജ്യമായ കുളമായി മാറും ഇത്. ഗ്രൗണ്ട് ക്ലിയറന്‍സ് കുറവായ വാഹനങ്ങള്‍ ഈ കുഴിയില്‍ വീണ് വാഹനത്തിന് പരിക്ക് സ്ഥിരമാണ്.

publive-image


നിലവില്‍ ചെറിയ വാഹനങ്ങള്‍ മുനിസിപ്പല്‍ കോംപ്ലക്സിന്‍റെ പാര്‍ക്കിംങ്ങ് ഏരിയയിലേയ്ക്കു ചേര്‍ത്താണ് 'കോപ്പന്‍കുഴി' ഒഴിവാക്കി തല്‍ക്കാലം രക്ഷപെടുന്നത്. പക്ഷേ ദിവസം ചെല്ലുംതോറും കുഴിയുടെ ആഴവും വിസ്താരവും കൂടിവരുന്നുണ്ട്.


പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി ഒന്‍പതു മണി വരെയെങ്കിലും പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയം തിരക്കിലാണ്. ഇവിടെ പതിവായി നടക്കുന്ന കായിക മേളയ്ക്ക് എത്തുന്നവര്‍ക്കും ദൂരെ സ്ഥലങ്ങളില്‍ നിന്നും കായിക താരങ്ങളെയുമായി പരിശീലനത്തിനെത്തുന്നവര്‍ക്കും യാത്ര ദുരിതം തന്നെ.

publive-image

റോഡ് നിറഞ്ഞു വാഹനങ്ങള്‍ പോകുമ്പോള്‍ കുഴിയില്‍ വീണ് ചരിയുന്ന വാഹനങ്ങള്‍ സമീപത്തുകൂടി പോകുന്ന വാഹനങ്ങളില്‍ തട്ടുന്നതും പതിവുതന്നെ. ടൗണ്‍ സ്റ്റാന്‍ഡ് മുതല്‍ കുഞ്ഞമ്മ ടവര്‍ വരെയുള്ള ഭാഗത്ത് ഒരു മീറ്റര്‍ വിസ്തീര്‍ണത്തില്‍ കുഴിയില്ലാത്ത ഒരു റോഡ് ഭാഗം കണ്ടെത്തണമെന്ന് ദൈവം തമ്പുരാന്‍ വിചാരിച്ചാലും നടക്കില്ല.

സ്ഥലത്തെ പ്രധാന നേതാവ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് എഞ്ചിനീയറെ വിളിച്ച് പാലായില്‍ അടുത്ത പ്രതിവര്‍ഷ മെയിന്‍റനന്‍സ് എന്നു തുടങ്ങുമെന്ന് ആരാഞ്ഞിരുന്നു. അവര്‍ ഒരു തീയതിയും പറഞ്ഞുകൊടുത്തു.


പിറ്റേ ദിവസം നാട്ടിലെ ഏറ്റവും വലിയ ഭാഷാദിനപത്രത്തിന്‍റെ ലോക്കല്‍ പേജില്‍ 'ആ പറഞ്ഞ' തിയതിക്കകം റോഡ് നന്നാക്കാനായില്ലെങ്കില്‍ സത്യാഗ്രഹം എന്നൊരു വാര്‍ത്തയും കൊടുത്തു. അന്ത്യശാസനം കൊടുത്തു എന്നൊക്കെയായിരുന്നു വായ്‌ത്താരി. എന്തായാലും പിന്നെ ആ മഹാന്‍ പൊങ്ങിയത് മുംബൈയിലാണ്. 


ഈ വിദ്വാന് പാലായിലെ നഗരറോഡുകള്‍ അത്ര അത്യാവശ്യമുള്ള കാര്യമല്ല. കാരണം, വല്ലപ്പോഴുമേ നാട്ടിലുള്ളൂ... കക്ഷിയുടെ യാത്രകള്‍ അധികവും ഫ്ലൈറ്റിലാണ്. അവർക്കെന്ത് കുണ്ടും കുഴിയും. പക്ഷേ പാതി മറച്ച ബോര്‍ഡുമായൊരു കാറില്‍ സഞ്ചരിക്കുന്ന നല്ലപാതിക്ക് ഈ റോഡുതന്നെയല്ലേ ശരണം എന്നുപോലുമദ്ദേഹം ചിന്തിക്കുന്നുമില്ല.


മഴകൂടി വന്നാല്‍ പാലാ നഗരത്തിലൂടെയുള്ള യാത്ര ക്ലേശകരമാണ്. റോഡേത്... കുഴിയേത്...എന്ന് മനസിലാകില്ല.


publive-image

കെഎസ്ആര്‍ടിസിക്ക് മുന്‍വശത്തെ വെള്ളക്കെട്ട് കണ്ടാല്‍ തോടാണെന്നേ തോന്നൂ. സമീപത്തെ വ്യാപാര സമുച്ചയത്തിന്‍റെ ഉദ്ഘാടനത്തിനായി വണ്ണം കുറഞ്ഞ പൈപ്പിട്ട് ഓട മൂടിയതാണ്. പിന്നെ നന്നാക്കല്‍ ഉണ്ടായില്ല. കെ എം മാണി പൂർത്തിയാക്കി പോയ ബൈപ്പാസിനു ഇനി 100 മീറ്റർ ഭാഗംകൂടി നന്നാക്കിയാൽ റോഡ് സൂപ്പറാകും. അതിന്റെ വിളംബരം കേൾക്കാൻ തുടങ്ങിയിട്ട് വർഷം നാലായി. ഒരു ചുക്കും സംഭവിച്ചില്ല.

കഴിഞ്ഞ ആഴ്ചയിലാണ് ഉദ്യോഗസ്ഥർ മുൻകൈ എടുത്ത് ചെറിയ പണികൾ തുടങ്ങിയത്. അതിനി എന്ന് തീരുമെന്നും കണ്ടറിയണം. ചുരുക്കത്തില്‍ വികസനം തൊട്ടുതീണ്ടാത്ത നാടായി പാലാ മാറുകയാണ്.


ചിലര്‍ വിചാരിച്ചാല്‍ ചരിത്രം വഴിമാറുമെന്ന് പറഞ്ഞത് പാലായുടെ കാര്യത്തിലിപ്പോള്‍ അച്ചട്ടാണ്. അതിത്രയും ഗംഭീരമാകുമെന്ന് വിചാരിച്ചിരുന്നില്ല. നാട്ടുകാർ വഴി മാറിയാൽ മതിയെന്ന് മാത്രം.


അതിനി 'മറ്റേ പുള്ളിക്കാരൻ ' സമ്മതിക്കാഞ്ഞിട്ടാണെന്ന മട്ടിലുള്ള രണ്ടാം ക്ലാസുകാരന്‍റെ നിലവാരത്തിലുള്ള വിശദീകരണവും കൂടി ഉടന്‍ പ്രതീക്ഷിക്കാം. ഇരിക്കുന്ന പദവിയുടെ ഉത്തരവാദിത്വവും അന്തസും മനസിലാകാത്തവര്‍ നാടു ഭരിച്ചാല്‍ ജനം മുട്ടിലിഴയുമെന്ന് പാലാ തെളിയിക്കുകയാണ്.

Advertisment