മാണി സി കാപ്പന്‍ ഉറപ്പു നല്‍കിയിട്ടും ഇത്തവണ മിക്സഡായില്ല ! പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അടുത്ത വര്‍ഷം മുതല്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ പ്രവേശനത്തിന് ഉത്തരവായി ! അടുത്ത വര്‍ഷം എല്ലാ സ്കൂളുകളും മിക്സഡാകും

New Update

publive-image

പാലാ: മാണി സി കാപ്പന്‍ എംഎല്‍എ വാക്കുനല്‍കിയിട്ടും കഴിഞ്ഞ വര്‍ഷം നടക്കാതെ പോയ മിക്സഡ് സ്കൂള്‍ അനുമതി പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും മിക്സഡ് ആക്കാനുള്ള സര്‍ക്കാര്‍ നയത്തിന്‍റെ അടിസ്ഥാനത്തില്‍ പാലാ സെന്‍റ് തോമസും മുത്തോലി സ്കൂളും ഉള്‍പ്പെടെയുള്ളവ മിക്സഡായി മാറും.

Advertisment

പാലാ സെന്‍റ് തോമസിന് ഈ അധ്യയന വര്‍ഷം തന്നെ മിക്സഡ് അനുമതി നല്‍കുമെന്നും പെണ്‍കുട്ടികള്‍ക്ക് ഈ വര്‍ഷം തന്നെ ഇവിടെ പ്രവേശനം നേടാമെന്നും എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നതാണ്. എല്ലാ അനുമതിയും റെഡിയാണെന്നും അടുത്ത ദിവസം തിരുവനന്തപുരം പോയി മടങ്ങുമ്പോള്‍ അനുമതി ഉത്തരവ് നേരിട്ട് സ്കൂളില്‍ എത്തിക്കുമെന്നുമായിരുന്നു സെന്‍റ് തോമസിന്‍റെ പുതിയ ഹയര്‍ സെക്കണ്ടറി മന്ദിരത്തിന്‍റെ ഉദ്ഘാടന വേളയില്‍ മാണി സി കാപ്പന്‍ പരസ്യമായി പ്രഖ്യാപിച്ചത്.

ഇതും പ്രതീക്ഷിച്ച് നിരവധി കുട്ടികളാണ് സെന്‍റ് തോമസില്‍ പ്രവേശനത്തിനായി കാത്തിരുന്നത്. മൂന്നാം അലോട്ട്മെന്‍റിന് മുമ്പ് ഉത്തരവ് വരുമെന്നും എംഎല്‍എ ഉറപ്പു നല്‍കിയതാണെന്നും സ്കൂള്‍ അധികൃതരും രക്ഷിതാക്കളോട് പറഞ്ഞിരുന്നു.


പിന്നീട് എംഎല്‍എയുടെ ഭാഗത്തുനിന്നുള്ള ഫോളോ അപ്പ് ഉണ്ടായതുമില്ല, അനുമതിയും ലഭിച്ചില്ല.


ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും അതിനു പാലാ സ്കൂളുകള്‍ക്കു മാത്രമായൊരു പ്രത്യേകതയുമില്ലെന്നതാണ് വാസ്തവം. കാരണം ബാലാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും അടുത്ത വര്‍ഷം മുതല്‍ മിക്സഡ് ആക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടിരുന്നു.

അതിനാല്‍ ഇപ്പോള്‍ പ്രത്യേകാനുമതി ലഭിച്ചില്ലായിരുന്നെങ്കിലും പാലാ, മുത്തോലി സ്കൂളുകളെല്ലാം അടുത്ത വര്‍ഷം മുതല്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മിക്സഡായി മാറും. എന്നാല്‍ നേരത്തെ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ പ്രകാരമാണ് പാലായിലെ സ്കൂളുകള്‍ക്കായി ഇപ്പോള്‍ ഉത്തരവ് പുറത്തിറങ്ങിയത്.

എല്ലാം നടക്കുമെന്ന് പറഞ്ഞ് വീമ്പിളക്കുന്നതും, ഒന്നും നടക്കാതിരിക്കുന്നതും, അതു കഴിയുമ്പോള്‍ ആരോ തടഞ്ഞതുകൊണ്ടാണ് നടക്കാതിരുന്നതെന്ന് ഓരിയിടുന്നതുമെല്ലാം ഇപ്പോള്‍ പാലായിലെ പുതിയ പതിവുകളാണ്. പണി അറിയില്ലെങ്കില്‍ അത് സമ്മതിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഒരുക്കമല്ലെന്നതാണ് സത്യം !

Advertisment