പാലാ ബൈപ്പാസിന്‍റെ രണ്ട് കുപ്പിക്കഴുത്തുകള്‍ നിവര്‍ന്നപ്പോള്‍ തെളിഞ്ഞത് കെഎം മാണി എന്ന തന്ത്രശാലിയുടെ ദീര്‍ഘ (സൂത്ര) വീക്ഷണം തന്നെ ! തനിക്കിട്ട് പണിയാന്‍ ബൈപ്പാസിനു കുരുക്കിട്ടവര്‍ക്ക് അന്ന് മാണിസാര്‍ കൊടുത്ത പണി ഏറ്റത് ഇപ്പോള്‍ ! ആ കുപ്പിക്കഴുത്തുകള്‍ക്ക് ചരിത്രം കൊടുത്ത പണിയിങ്ങനെ !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: ഏറെക്കാലം നാട്ടുകാരെ വട്ടം കറക്കിയ പാലാ ബൈപ്പാസിന്‍റെ കുപ്പിക്കഴുത്തുകള്‍ നിവര്‍ന്നു അതുവഴി വാഹനങ്ങള്‍ ഓടിത്തുടങ്ങിയപ്പോള്‍ വ്യക്തമാകുന്നത് കെഎം മാണി എന്ന അതികായന്‍റെ കൂര്‍മ്മ ബുദ്ധി !

Advertisment

മൂന്നു ഘട്ടങ്ങളായി നിര്‍മ്മിച്ച 4 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലാ ബൈപ്പാസിന് 3 സ്ഥലങ്ങളിലായിരുന്നു തടസം; സിവില്‍ സ്റ്റേഷന്‍, ആര്‍.വി ജംഗ്ഷന്‍, മരിയന്‍ ജംഗ്ഷന്‍. മറ്റു ഭാഗങ്ങളിലെ വസ്തു ഉടമകളുമായുള്ള തര്‍ക്കങ്ങളൊക്കെ പരിഹരിച്ചു കഴിഞ്ഞപ്പോഴും ഈ മൂന്നു ഭാഗങ്ങളില്‍ തര്‍ക്കം ബാക്കിയായി.

publive-image

അതില്‍ രണ്ട് ഭാഗങ്ങളിലും എതിര്‍ കക്ഷികള്‍ കടുത്ത മാണി വിരോധികള്‍. ഒന്ന് മാണി സാറിന്‍റെ സ്ഥിരം എതിര്‍ സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ അടുത്ത ബന്ധുക്കള്‍. ഇതോടെ എതിര്‍പ്പുകാരുടെ ലക്ഷ്യം മനസിലായ കെ.എം മാണി എന്ന തന്ത്രശാലി കരുക്കള്‍ നീക്കി.


ബൈപ്പാസിന് വീതി കൂട്ടാന്‍ സ്ഥലം വിട്ടുതരാത്തവരുടെ മുമ്പില്‍കൂടി തന്നെ ബൈപ്പാസ് കടന്നുപോകട്ടെയെന്നായിരുന്നു മാണിയന്‍ തന്ത്രം ! മറ്റ് സ്ഥലങ്ങളിലൂടെ രാജകീയ പാതയായി ബൈപ്പാസ് പണി തീര്‍ക്കണം, അവരുടെ പടിക്കല്‍ കുപ്പിക്കഴുത്തുകള്‍ കിടക്കട്ടെ, അവര്‍ക്ക് തനിയെ സ്ഥലം വിട്ടുനല്‍കേണ്ടിവരും - ഇതായിരുന്നു മാണി സാറി‍ന്‍റെ തീരുമാനം.


അങ്ങനെയാണ് ചരിത്രത്തിലാദ്യമായി ഒരു സുപ്രധാന റോഡ്, മുഴുവന്‍ ഭൂ ഉടമകളും സമ്മതം നല്‍കാതെ തന്നെ നിര്‍മ്മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്. ആ ചരിത്രം ശരിയെന്ന് തെളിഞ്ഞത് ഞായറാഴ്ച അവര്‍ പൂട്ടിക്കെട്ടിയ ഭാഗത്തുകൂടി വാഹനങ്ങള്‍ കടന്നുപോയപ്പോഴാണ്. അതാണ് ഒരു ഭരണാധികാരിയുടെ നശ്ചയദാര്‍ഢ്യം.

publive-image

പക്ഷേ പാലായില്‍ അവിടംകൊണ്ടും ബൈപ്പാസിന്‍റെ പ്രശ്നങ്ങള്‍ അകലുന്നില്ല. വീതികൂട്ടാന്‍ കോടതി ഇടപെടല്‍ കാരണമായെങ്കിലും സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലും ആര്‍.വി ജംഗ്ഷനിലും റോഡിന് വേണ്ടത്ര വീതിയില്ല.


സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ ഭൂ ഉടമകളും ജനപ്രതിനിധിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ചപ്പോള്‍ റോഡിന്‍റെ വീതി കൂട്ടിയ ഭാഗം ഗര്‍ഭിണിയുടെ വയര്‍ പോലെ ബൈപ്പാസിലേയ്ക്ക് 'വീര്‍ത്ത്' നില്‍ക്കുന്നു. മറുവശത്ത് നേരത്തേ മാണി സി കാപ്പന്‍റെ സ്വന്തം സഹോദരന്‍റെ ഉടമസ്ഥതയിലായിരുന്ന സൂര്യാ ലോഡ്ജിന്‍റെ ഭാഗങ്ങള്‍ ഇപ്പോഴും പൊളിച്ചുമാറ്റാന്‍ തയ്യാറായിട്ടില്ല.


ആര്‍.വി ജംഗ്ഷനിലും വീതി കുറെയൊക്കെ കൂട്ടിയെങ്കിലും റോഡിന്‍റെ ശോഷിപ്പ് ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു. മാത്രമല്ല, റോഡിന്‍റെ വീതി കൂട്ടിയ ഭാഗത്ത് ഓട നിര്‍മ്മാണം തടസപ്പെട്ടിരിക്കുകയാണ്. ഓട പാതി വഴിയില്‍ അവസാനിപ്പിച്ചാണ് അതുവഴി ബൈപ്പാസ് നിലവില്‍ കടന്നുപോകുന്നത്. ആധുനിക നിലവാരത്തില്‍ പണി കഴിപ്പിച്ച ബൈപ്പാസിന് വെള്ളം ഒഴുക്കിവിടാന്‍ ഓട അനിവാര്യമാണ്.

നിലവിലെ സാഹചര്യത്തില്‍ കുത്തിറക്കമായ ഇവിടെ ഓട പൂര്‍ത്തിയായില്ലെങ്കില്‍ ആര്‍.വി ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങും.

മാത്രമല്ല, ബൈപ്പാസിന് മറ്റ് ജംഗ്ഷനുകളിലുള്ള വീതി ഇവിടെയും ഉണ്ടായില്ലെങ്കില്‍ ഗതാഗത കുരുക്കിനും കാരണമാകും. ആ പ്രശ്നം സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലുമുണ്ട്. ഇനിയും പാലായിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കുള്ള ഭാഗമായി സിവില്‍ സ്റ്റേഷന്‍ തുടരും.

Advertisment