/sathyam/media/post_attachments/q065aqNQwbLpP4X0JaP0.jpg)
പാലാ: കേരളം കണ്ട എക്കാലത്തെയും സ്റ്റാര്‍ അബ്കാരിയും വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും പ്ലാന്‍ററുമായിരുന്ന ജോസഫ് മൈക്കിള്‍ എന്ന മണര്‍കാട്ട് പാപ്പന്‍റെ ഓര്‍മ്മകള്‍ക്ക് കാല്‍ നൂറ്റാണ്ട്; കൃത്യമായി പറഞ്ഞാല്‍ പാപ്പന്‍ ചേട്ടനേറ്റവും പ്രിയപ്പെട്ട പാലാ ജൂബിലികൂടി കഴിഞ്ഞ് പിറ്റേ ദിവസമാണ് അദ്ദേഹത്തിന്‍റെ മരണം - ഡിസം - 9.
അബ്കാരി വ്യവസായി എന്ന നിലയിലാണ് തുടക്കമെങ്കിലും നാനാ മേഖലകളിലേയ്ക്ക് പിന്നീട് വ്യാപിക്കുകയായിരുന്നു മണര്‍കാട്ട് പാപ്പന്‍റെ പ്രവര്‍ത്തന ശൃംഖല. ടീ ഫാക്ടറിയും തേയിലതോട്ടവും എസ്റ്റേറ്റുകളും ഹോട്ടല്‍ വ്യവസായവുമൊക്കെ ഏറെയുണ്ടായി. രാഷ്ട്രീയത്തില്‍ കെപിസിസി ട്രഷറര്‍ വരെയെത്തി. ലോക്സഭയിലേയ്ക്കും നിയമസഭയിലേയ്ക്കും മല്‍സരിച്ചു.
/sathyam/media/post_attachments/gQp5p67HfMKMbToWB1Z6.jpg)
പാലായിലേറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കിയ വ്യക്തിയും മണര്‍കാട്ട് പാപ്പനായിരുന്നു. അത് അന്നും ഇന്നും ആ റിക്കാര്‍ഡ് ഭേദിക്കാന്‍ ആര്‍ക്കുമായിട്ടില്ല.
ഇപ്പോഴത്തെ പാലാ എംഎല്‍എ മാണി സി കാപ്പന്‍ മുതല്‍ മുന്‍ ഇടുക്കി എംപി പാലാ കെ.എം മാത്യു വരെ നീളുന്നു പാപ്പന്‍റെ തൊഴിലാളികളുടെ നിര - മുന്‍ ഗവര്‍ണര്‍ കെ.എം ചാണ്ടിയുടെ മകനും ആ ലിസ്റ്റിലുണ്ട്. മാണി സി കാപ്പന്‍ പാലാ മഹാറാണി ഹോട്ടലിലെ സ്റ്റാഫായിട്ടായിരുന്നു തുടക്കം. കോഴിക്കോട് മഹാറാണിയുടെ മാനേജരായിരുന്നു പാലാ കെ.എം മാത്യു.
/sathyam/media/post_attachments/uXAV79AXNnP1Rq4wRDRJ.jpg)
എന്തായാലും മണര്‍കാട്ട് പാപ്പന്‍ വിടപറഞ്ഞ് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിലെ മുന്‍ ജീവനക്കാര്‍ വാട്സാപ്പ് ഗ്രൂപ്പിലൂടെ വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. 'എംഎംജെ ഓള്‍ഡ് ഫ്രണ്ട്സ്' എന്ന പേരിലാണ് പുതിയ ഗ്രൂപ്പ്. പാപ്പന്‍ ചേട്ടന്‍റെ കീഴില്‍ ജോലി തുടങ്ങി സമൂഹത്തിന്‍റെ നാനാ തുറകളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും നല്ല നിലയില്‍ ജീവിക്കുന്ന ആയിരക്കണക്കിനാളുകളുണ്ട്. ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഗ്രൂപ്പിന്‍റെ ലക്ഷ്യം. പതിനായിരത്തിലധികം പേര്‍ക്ക് ജോലി നല്‍കിയ വ്യക്തിയായിരുന്നു മണര്‍കാട്ട് പാപ്പന്‍.
കേരളം കണ്ട ഏറ്റവും പ്രഗല്‍ഭനായിരുന്ന അബ്കാരി മുതലാളിയായിരുന്നെങ്കിലും ഒരു തുള്ളി മദ്യം രുചിച്ചുനോക്കാത്ത വ്യക്തിയായിരുന്നു പാപ്പന്‍ ചേട്ടന്‍.
/sathyam/media/post_attachments/FWzeylggaRRpf5tVlJVd.jpg)
തന്‍റെ ജീവനക്കാര്‍ക്ക് മികച്ച ശമ്പളം നല്‍കുകയായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ബന്ധം. മറ്റൊരു നിര്‍ബന്ധബുദ്ധി ജീവനക്കാരുടെ സ്വഭാവരീതി ശ്രദ്ധിക്കുന്നതിലാണ്. ജീവനക്കാര്‍ മദ്യപിച്ചാല്‍ പാപ്പന്‍ ചേട്ടന്‍ വച്ചുപൊറുപ്പിക്കില്ല. അവനു ജോലിയും കാണില്ല.
ഒരു ജീവനക്കാരന്‍ പാപ്പന്‍ ചേട്ടന്‍റെ മുമ്പില്‍ പെട്ടാല്‍ അവന് നിലവാരമുണ്ടോ എന്ന് അദ്ദേഹം ശ്രദ്ധിക്കും. അതില്ലെങ്കില്‍ അവന്‍ കാശ് കള്ളുകുടിച്ചു നശിപ്പിക്കുകയാണെന്നാണ് പാപ്പന്‍ ചേട്ടന്‍റെ നിരീക്ഷണം. അവന് സ്ഥലം മാറ്റവും ഉറപ്പ്.
/sathyam/media/post_attachments/kvwh7rRxTdDfWnDVARzr.jpg)
സഹോദരന്മാരും സ്വന്തം മക്കളും ബന്ധുക്കളുമെല്ലാം പാപ്പന്‍ ചേട്ടന്‍റെ കമ്പനികളില്‍ ജീവനക്കാരായിരുന്നു. മക്കളായാലും സഹോദരന്മാരായാലും ജോലിയുടെ കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ താഴെ നിര്‍ത്തും (സസ്പെന്‍ഷന്‍) 'താഴത്തെ മുല്ലപ്പന്തലില്‍' നിര്‍ത്തി ശിക്ഷിക്കുന്നതും അദ്ദേഹത്തിന്‍റെ അച്ചടക്ക നടപടി തന്നെ. ഗ്രൂപ്പില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ 7736135014, 9447599802, 9447915302, 9745136928 എന്നീ നമ്പരുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ബന്ധപ്പെടണമെന്ന് അഡ്മിന്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us