/sathyam/media/post_attachments/gqva0CNgIufUebdJvukP.jpg)
പാലാ:നഗരസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ പുതിയ ചെയര്‍മാനെ സംബന്ധിച്ച തീരുമാനം സിപിഎം ചില്ലാ കമ്മറ്റിക്ക്. നഗരസഭാ ചെയര്‍മാന്‍ പദവിക്കായി സിപിഎമ്മില്‍ ചരടുവലികള്‍ ശക്തമായതോടെ തീരുമാനം ജില്ലാ കമ്മിറ്റിക്ക് വിടാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. പാര്‍ട്ടി പാരമ്പര്യവും കമ്മ്യണിസ്റ്റ് രീതികളും അനുശാസിക്കുന്ന വിധം പുതിയ ചെയര്‍മാനെ തീരുമാനിക്കണമെന്നാണ് പാര്‍ട്ടി നിര്‍ദേശം എന്നാണ സൂചന.
ഇപ്രകാരം നിലവില്‍ ആക്ടിംങ്ങ് ചെയര്‍പേഴ്സണായ വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ് പുതിയ നഗരസഭാധ്യക്ഷയാകുമെന്നാണ് സൂചന. നഗരസഭയിലെ ഏക പുരുഷ കൗണ്‍സിലറായ ബിനു പുളിക്കക്കണ്ടത്തിനായി രണ്ട് കൗണ്‍സിലര്‍മാര്‍ ശക്തമായി രംഗത്തുണ്ടെങ്കിലും പാര്‍ട്ടി പാരമ്പര്യത്തിന് പ്രഥമ പരിഗണന നല്‍കാനായിരിക്കും സിപിഎം തീരുമാനം എന്നാണറിവ്.
കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേയ്ക്കും പിന്നീട് 3 വര്‍ഷം മുമ്പ് മാത്രം ബിജെപിയില്‍ നിന്നും സിപിഎമ്മിലേയ്ക്കും എത്തിയ ബിനു പുളിക്കക്കണ്ടത്തിലിന് പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമില്ലാതെ പദവികള്‍ നല്‍കുന്നത് അണികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷാഭിപ്രായം.
പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി സിപിഎമ്മിന് ലഭിക്കുന്ന നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാഷ്ട്രീയ നിലപാടുകളില്‍ അസ്ഥിരത പ്രകടിപ്പിക്കുന്ന ഒരാള്‍ക്ക് നല്‍കുന്നത് അനുചിതമായിരിക്കുമെന്ന അഭിപ്രായമാണ് സിപിഎമ്മിന്‍റെ പ്രാദേശിക ഘടകങ്ങളില്‍ ഭൂരിപക്ഷത്തിനുമുള്ളത്.
മാത്രമല്ല, ബലവേദി മുതല്‍ സംഘടനാ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ട്ടി സഖാക്കള്‍ കൗണ്‍സിലര്‍മാരായിരിക്കെ അവരെ മാറ്റിനിര്‍ത്തി പാര്‍ട്ടി ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാല്‍ അത് സംഘടനാ തലത്തില്‍ ദോഷം ചെയ്യുമെന്ന വാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. മാത്രമല്ല, സിപിഎം വിരുദ്ധമായ ചില രാഷ്ട്രീയ ആരോപണങ്ങളും ഇവര്‍ ബിനു പുളിക്കക്കണ്ടത്തിലിനെതിരെ ചൂണ്ടിക്കാട്ടുന്നുമുണ്ട്.
ഈ സാഹചര്യത്തില്‍ നിലവിലെ അവസരത്തിലേയ്ക്ക് സിജി പ്രസാദിനെ തെരഞ്ഞെടുക്കാനാണ് സാധ്യത. അതേസമയം നഗസരഭാ കൗണ്‍സിലില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഏക കൗണ്‍സിലറെന്നതാണ് ബിനുവിന്‍റെ പ്രതീക്ഷ. ഏതു മുന്നണിയില്‍ നിന്നാലും വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെന്നതും ബിനുവിന്‍റെ യോഗ്യതയായി ഒപ്പമുള്ള രണ്ട് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
കേരള കോണ്‍ഗ്രസ് - എമ്മും സിപിഎമ്മും സിപിഐയുമാണ് നഗരസഭയില്‍ ഇടതുമുന്നണിയിലെ കക്ഷികള്‍. നഗരഭരണത്തില്‍ ആദ്യത്തെയും അവസാനത്തെയും രണ്ട് വര്‍ഷങ്ങള്‍ കേരള കോണ്‍ഗ്രസിനും ഇടയ്ക്കുള്ള ഒരു വര്‍ഷം സിപിഎമ്മിനും എന്നതാണ് ധാരണ. സിപിഎം ചെയര്‍മാന്‍ പദവി ഏറ്റെടുക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് - എമ്മിന് വൈസ് ചെയര്‍മാന്‍ പദവി കൈവരും. എന്നാല്‍ സിപിഐയും വൈസ് ചെയര്‍മാന്‍ പദവി ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ മുന്നണി തീരുമാനത്തിന് അവരും വഴങ്ങിയേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us