/sathyam/media/post_attachments/OA1lvDV6MWWEcAqU253c.jpg)
പ്രതീകാത്മക ചിത്രം
പാലാ: പാലായിലെ പല ഹോട്ടലുകളും ശുചിത്വവും ഗുണനിലവാരവും പുലർത്തുന്നവ അല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച്, ഭക്ഷ്യ വിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തിന് ശേഷം സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു പാലായിലെ ഹോട്ടലുകളിലെ റെയ്ഡ്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹോട്ടലുകൾ മുതൽ അടുത്തകാലത്ത് മുളച്ച ഹോട്ടലുകളും തട്ടുകടകളും ഉൾപ്പെടെ ആറ് ഭക്ഷണശാലകൾക്കാണ് നോട്ടീസ് നൽകിയത്. പരിശോധിച്ചതിൽ വച്ച് തീർത്തും മോശമായ അന്തരീക്ഷത്തിൽ ഭക്ഷണം തയ്യാറാക്കി വിളമ്പുന്നവയ്ക്ക് ആണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി എടുത്തത്.
പാലായിലെ സൺസ്റ്റാർ റസിഡൻസി എൻ ഹോട്ടൽ, ഹോം ഫ്ലേവേഴ്സ്, തറവാട് ഫാസ്റ്റ് ഫുഡ്, റിയൽ റസ്റ്റോറന്റ്, ഹോട്ടൽ ഹിമാലയ പാലാ, വിളക്കുമരുതിലെ ഏയ്ഞ്ചൽ റസ്റ്റോറന്റ് (ഹോട്ടൽ തൃപ്തി ആര്യാസ്) എന്നിവയ്ക്കാണ് ഫുഡ് സേഫ്റ്റി ഓഫീസർ നോട്ടീസ് നൽകിയത്. ഇവരിൽ നിന്ന് പിഴ ഈടാക്കാനുള്ള നടപടികളും ഉടനെ സ്വീകരിയ്ക്കുമെന്ന് പാലാ ഫുഡ് സേഫ്റ്റി ഓഫീസർ സന്തോഷ് കുമാർ സത്യം ഓൺലൈനിനോട് പറഞ്ഞു. നിലവിൽ ഈ ഹോട്ടലുകൾ അടഞ്ഞുതന്നെ കിടക്കുകയാണ്.
പരിശോധനകൾക്ക് ശേഷം ഏതാനും ദിവസങ്ങൾ ഒരു വിധം വലിയ കുഴപ്പമില്ലാതെ ഹോട്ടലുകൾ പ്രവർത്തിപ്പിച്ചാലും പിന്നെയും ശുചിത്വമൊക്കെ മറക്കും. മനുഷ്യർക്ക് കഴിയ്ക്കാനാണ് ഭക്ഷണം എന്ന വിചാരവും ഇല്ല. എന്തെങ്കിലും കാട്ടിക്കൂട്ടി ലാഭം കൊയ്യുന്ന മേഖല ആയി മാറിയിരിക്കുന്നു ഭക്ഷണവ്യവസായം.
ഭക്ഷണം കേടുകൂടാതെ സൂക്ഷിയ്ക്കുന്ന ഡീപ്പ് ഫ്രീസറുകൾ ആണ് മനുഷ്യരുടെ ജീവനെടുക്കുന്ന വില്ലൻ എന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകളിൽ പാചകം ചെയ്ത മാംസവും പാചകം ചെയ്യാത്ത മാംസവും, വെജിറ്റേറിയൻ ഭക്ഷണവും ഡീപ്പ് ഫ്രീസറിൽ ഒന്നിച്ച് ആണ് സൂക്ഷിയ്ക്കുന്നത്. ഭക്ഷണം വിഷലിപ്തമാക്കുന്ന ഈ പ്രവൃത്തികൾ പാലായിൽ മാത്രമല്ല, സംസ്ഥാനമൊട്ടാകെ അനുവർത്തിയ്ക്കുന്നു.
ഓരോ ഭക്ഷണവും ഡീപ്പ് ഫ്രീസറിൽ സൂക്ഷിയ്ക്കുമ്പോൾ അവ കൃത്യമായി രേഖപ്പെടുത്തണം. പാചകം ചെയ്ത തിയതി, ഫ്രീസറിൽ വയ്ക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ പാത്രങ്ങളുടെ പുറത്ത് ലേബൽ ചെയ്യണം.
സസ്യവും സസ്യേതരവുമായ ഭക്ഷണം ഒന്നിച്ച് ഡീപ്പ് ഫ്രീസറിൽ സൂക്ഷിയ്ക്കുന്നത് അഭികാമ്യമല്ല. അതുപോലെ, ഭക്ഷണം സൂക്ഷിയ്ക്കുന്ന പാത്രങ്ങൾ നല്ലവണ്ണം അടച്ച് വേണം ഫ്രീസറിൽ സൂക്ഷിയ്ക്കാൻ. ഇരുപത്തി നാല് മണിക്കൂറും വൈദ്യുതി ഫ്രീസറിൽ ലഭിയ്ക്കുണ്ടന്ന് ഉറപ്പാക്കണം.
ഹോട്ടലുകളുടെ വർക്ക് ഏരിയകൾ അതീവ ശുചിത്വം പാലിക്കേണ്ട ഇടമാണ്. കാല് കുത്താൻ പറ്റത്തില്ലാത്ത വിധം നനഞ്ഞും ചെളിഞ്ഞും കിടക്കുന്ന വർക്ക് ഏരിയകൾ, വർക്ക് ഏരിയയോട് ചേർന്നുള്ള ടൊയ്ലറ്റുകൾ, അതിൽ നിന്നും വർക്ക് ഏരിയയിലേയ്ക്ക് ഒലിച്ച് വരുന്ന വെള്ളം. ഇവിടെയാണ് ചിലർ പച്ചക്കറിയും മറ്റും സൂക്ഷിയ്ക്കുന്നത്.
ഹോട്ടലുകളുടെ ലൈസൻസിന് അപേക്ഷിയ്ക്കുമ്പോൾ ഈ നിബന്ധനകളും മാർഗ്ഗനിർദ്ദേശങ്ങളും രേഖാമൂലം ഉടമകൾക്ക് കൊടുക്കും. അത് പാലിയ്ക്കപ്പെടാറില്ല എന്നതാണ് ദൗർഭാഗ്യകരം. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നുവരാവുന്ന ഹോട്ടൽ വ്യവസായമേഖലയിൽ ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്നവർ വിരളമാണ്.
വാഷ് ബേസിനുകൾ ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ്, വെള്ളം കെട്ടി കിടന്ന് അറപ്പുളവാക്കുന്നു. ഭക്ഷണം കഴിക്കാൻ പോകുന്നവരും ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാൻ പോകുന്നവരും ഒരു പോലെ ഓക്കാനിയ്ക്കും ഇവിടെ ചെല്ലുമ്പോൾ.
ജനങ്ങളുടെ ഭക്ഷണതാത്പര്യങ്ങളെ മുതലെടുക്കാൻ നാടുനീളെ വഴിയോര ഭക്ഷണശാലകൾ ഒരു നിയന്ത്രണവും ഇല്ലാതെ ആണ് തുറക്കുന്നത്. ലൈസൻസ് ഉള്ളതും ഇല്ലാത്തതും ഉണ്ട്.
ഭക്ഷണത്തിന് രുചി കൂട്ടാൻ കൃത്രിമ നിറങ്ങളും രുചിക്കൂട്ടുകളും വളരെ വ്യാപകമായി ഉപയോഗിക്കുന്നു. ആരോഗ്യത്തിന് ഹാനികരമാണ് ഈ കൃത്രിമ രുചികൾ എന്ന് അറിഞ്ഞ് കൊണ്ട് തന്നെ ആളുകൾ വാങ്ങി കഴിയ്ക്കും. മയോണൈസ് ചെയ്യുന്ന ഭക്ഷണം ഒരു മണിക്കൂർ കഴിഞ്ഞാൽ ഭക്ഷ്യയോഗ്യമല്ലാതാകും.
അതേസമയം പാലായിൽ ഉൾപ്പെടെ ഭൂരിപക്ഷം ഹോട്ടലുകളും ഒട്ടുമിക്ക മാനദണ്ഡങ്ങളും പാലിച്ചു തന്നെ നടത്തുന്നു എന്ന യാഥാർഥ്യവും അംഗീകരിക്കേണ്ടതുണ്ട്. പക്ഷെ അവർക്കും കൂടി നാണക്കേട് ഉണ്ടാക്കുന്ന രീതിയിലാണ് മറ്റുള്ളവരുടെ ഉദാസീന നിലപാട്. വിമർശനം വരുമ്പോൾ ഒരു മേഖലയെ അപ്പാടെ അടച്ച് ആക്ഷേപിക്കുന്നു എന്ന സ്ഥിതിയാണുള്ളത്.
ഓൺലൈൻ വഴി വരുത്തുന്ന ഭക്ഷണം പലപ്പോഴും അപകടകരമാകുന്നത് ഈ സമയ പരിധിക്കുള്ളിൽ കഴിയ്ക്കാത്തതുകൊണ്ടാണ്. പ്രത്യേകിച്ച്, പാർട്ടികളിൽ പലപ്പോഴും ഓൺലൈൻ വഴി വരുത്തുന്ന ഭക്ഷണം എത്രയോ സമയമെടുത്താണ് കഴിയ്ക്കുന്നത്. അപ്പോഴാണ് കൂട്ടത്തോടെ ആളുകൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.
എല്ലാ ഹോട്ടലുകളിലും മറുനാടൻ തൊഴിലാളികളുടെ ബാഹുല്യമാണ്. ക്ലീനിംഗ് മുതൽ പാചകം വരെ ഇവർ ചെയ്യും. വേണ്ടത്ര വ്യക്തിശുചിത്വം പുലർത്താത്തവരാണ് ഇവർ. സ്ഥിരമായി ഒരു ജോലിയിലും ഉറച്ചുനിൽക്കാത്ത ഇവർക്ക് ലേബർകാർഡ് കൊടുത്തത് കൊണ്ട് പ്രയോജനവും ഇല്ല.
ഹോട്ടലുകളിൽ പരിശോധന നടത്തി നടപടികൾ എടുത്താൽ തന്നെ കാര്യമായ പിഴകളോ, ശിക്ഷാ നടപടികളോ ഉണ്ടാകാറില്ല എന്നത് കൊണ്ട് ആണ് പൊതുജനങ്ങളുടെ ആരോഗ്യത്തെയും ആയുസ്സിനെയും ദോഷകരമായി ബാധിക്കുന്ന ഈ പ്രവണതകൾ നിസ്സാരവൽക്കരിച്ച് തുടർന്ന് പോകുന്നത്. ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങി, വൃത്തിഹീനമായ ഹോട്ടലുകളെ ബഹിഷ്കരിച്ചങ്കിലേ ഇവരൊക്കെ നന്നാകൂ എന്ന് ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us