/sathyam/media/post_attachments/eVHib1xCC26QJAfA4apY.jpg)
പാലാ:പാലാ രാഷ്ട്രീയത്തില്‍ ചെറുതെങ്കിലും ഒരിടം സ്വന്തമായുണ്ടായിരുന്ന നേതാവായിരുന്നു ബിനു പുളിക്കക്കണ്ടം. കെഎസ്‌യുവിൽ തുടങ്ങി യൂത്ത് കോണ്‍ഗ്രലിലൂടെ വളര്‍ന്നു മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇഷ്ടക്കാരനായി മാറിയ ബിനുവില്‍ പ്രതീക്ഷവച്ച രാഷ്ട്രീയക്കാരേറെയാണ്.
പക്ഷേ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനാകാതെ വന്നതാണ് ബിനുവിന് തിരിച്ചടിയായത്. ആദ്യം കോണ്‍ഗ്രസില്‍, പിന്നെ ഡിഐസിയില്‍, അവിടുന്ന് ബിജെപിയില്‍, ഒടുവില്‍ മൂന്ന് വര്‍ഷം മുമ്പ് മാത്രം സിപിഎമ്മില്‍. എങ്കിലും ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകന്‍ എന്ന പ്രത്യേകതയിലാണ് സിപിഎം, പാലാ നഗരസഭയില്‍ ചരിത്രത്തിലാദ്യമായി തങ്ങള്‍ക്കു ലഭിച്ച ചെയര്‍മാന്‍ പദവിയിലേയ്ക്ക് ബിനുവിനെ പരിഗണിച്ചത്. ഒടുവില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ബിനുവിന് ചെയര്‍മാന്‍ പദവി നഷ്ടമായി.
വിനയായത് ജോസ് കെ മാണി വിരുദ്ധത !
കേരള കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാലായിലെ പുരാതന കുടംബമാണ് പുളിക്കക്കണ്ടം കുടുംബം. ബിനുവിന്‍റെ പിതാവും സഹോദരനും മുന്‍ കേരള കോണ്‍ഗ്രസുകാര്‍. ഇപ്പോഴും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും കേരള കോണ്‍ഗ്രസുകാരുണ്ട്.
പക്ഷേ ആദ്യം കോണ്‍ഗ്രസിന്‍റെ വഴിയേ സഞ്ചരിച്ച ബിനു എന്നാല്‍ കേരള കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയ ചേരിയിലായിരുന്നു. ബിനുവിന്‍റെ സൗഹൃദങ്ങളും ആ വഴിക്കായിരുന്നു. ഒടുവില്‍ പാലായിലെ രാഷ്ട്രീയം കേരള കോണ്‍ഗ്രസിന്‍റെ ഇടതുമുന്നണി രാഷ്ട്രീയത്തോടെ കീഴ്മേല്‍ മറിഞ്ഞപ്പോള്‍ സിപിഎമ്മിന്‍റെ ഭാഗമായി മാറിയ ബിനുവിന് അതെത്രത്തോളം ഉള്‍ക്കൊള്ളാന്‍ തയ്യാറായി എന്നതില്‍ സംശയമുണ്ടായിരുന്നു.
ഒരേ മുന്നണിയിലും നഗരസഭയില്‍ ഒരേ പാര്‍ലമെന്‍ററി പാര്‍ട്ടിയിലുമായിരുന്നിട്ടും കേരള കോണ്‍ഗ്രസ് - എമ്മുമായി സമരസപ്പെടാന്‍ ബിനുവിന് കഴിഞ്ഞില്ലെന്നതാണ് ഇപ്പോള്‍ കൈയ്യെത്തും ദൂരത്തുവന്ന ചെയര്‍മാന്‍ പദവി നഷ്ടപ്പെടാന്‍ ഇടയാക്കിയതും. അതില്‍ പലതും കേരള കോണ്‍ഗ്രസിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും സിപിഎം നേതൃത്വത്തിന് ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായിരുന്നു.
കൗണ്‍സിലര്‍ക്കിട്ട് അടി, ജോസ് കെ മാണിക്കെതിരെ പോസ്റ്റ് !
ബിനുവിന്‍റെ പെരുമാറ്റങ്ങളില്‍ പ്രധാനമായും കേരള കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത് രണ്ട് സംഭവങ്ങളാണ്. ഒന്ന്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി മല്‍സരിക്കുന്ന സമയത്ത് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ വച്ച് കേരള കോണ്‍ഗ്രസ് - എം കൗണ്‍സിലറുടെ കരണത്തടിച്ചത്. പ്രചാരണത്തിനിടെ കേരള കോണ്‍ഗ്രസ് - എമ്മും സിപിഎമ്മും തമ്മില്‍ ഭിന്നതയാണെന്ന് വ്യാപകമായ പ്രചരണത്തിന് അതിടയാക്കി. പാലായില്‍ ജോസ് കെ മാണിയുടെ തോല്‍വിയില്‍ ചെറുതല്ലാത്ത ഒരു കാരണവും അതുകൂടിയായിരുന്നു.
രണ്ടാമത്, പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയെ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുന്ന വിധം ബിനുവിന്‍റേതായി നവമാധ്യമങ്ങളില്‍ വന്ന കുറിപ്പാണ്. അതിനെല്ലാം ഇടയില്‍ ഒട്ടുമിക്ക നഗരസഭാ കൗണ്‍സില്‍ യോഗങ്ങളിലും സ്വന്തം ഭരണകക്ഷിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും തന്ത്രങ്ങളൊരുക്കിയതായ നിരവധി ആരോപണങ്ങളും.
അതിനൊപ്പം കേരള കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ വൈരികളായ മാണി സി കാപ്പന്‍ തുടങ്ങി മാണി വിരുദ്ധ രാഷ്ട്രീയ ചേരിയുമായുള്ള ചങ്ങാത്തവും സൗഹൃദ സദസുകളും കൂടിയാകുമ്പോള്‍ കേരള കോണ്‍ഗ്രസിനത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നത് സ്വാഭാവികം മാത്രം.
പാളിയത് തന്ത്രങ്ങളിലെ അപക്വത !
നഗരസഭയില്‍ ആദ്യ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ചെയര്‍മാന്‍ പദവി സിപിഎമ്മിനു ലഭിക്കുമെന്നും അതിലേയ്ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച തനിക്ക് അവസരം ഉറപ്പാണെന്നും മുന്‍കൂട്ടി അറിയാമായിരുന്നു ബിനുവിന്. അത് പൊടുന്നനെ ഉണ്ടായ അറിവോ അനുഭവമോ ആയിരുന്നില്ല.
എന്നിട്ടും മുഖ്യകക്ഷിയായ കേരള കോണ്‍ഗ്രസിനെയോ മുന്നണിയിലെ മൂന്നാമത്തെ നേതാവായ ജോസ് കെ മാണിയേയോ പിണക്കാതെ നോക്കാനുള്ള ജാഗ്രതക്കുറവും തന്ത്രജ്ഞതയില്ലായ്മയും ബിനുവില്‍ നിന്ന് സംഭവിച്ചു. ഒരാഴ്ച മുഴുവനും ആ അനുരഞ്ജനമില്ലായ്മ ബിനുവിന്‍റെ ഭാഗത്തുനിന്നും തുടര്‍ന്നുപോന്നു. അതല്ലായിരുന്നെങ്കില്‍ ഇന്ന് പാലാ നഗരപിതാവായി തിളങ്ങേണ്ടത് ബിനുവായിരുന്നു. പല പാര്‍ട്ടികളിലായി മാറി മാറി നടന്ന നേതാവായതിനാല്‍ രാഷ്ട്രീയ സ്ഥിരത തെളിയിക്കട്ടെ എന്ന അഭിപ്രായവും സിപിഎമ്മിനുണ്ടായിരുന്നു.
എതിര്‍പ്പ് സിപിഎമ്മിലും
സിപിഎമ്മിലും ബിനുവിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു എന്നതാണ് സത്യം. സിപിഎമ്മിന്‍റെ ലോക്കല്‍ സെക്രട്ടറിയുടെ പിന്തുണ ബിനുവിനായിരുന്നു. ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റംഗവും ബിനുവിനെ പിന്തുണച്ചു. പക്ഷേ ഏരിയാ കമ്മറ്റിയും ജില്ലാ കമ്മറ്റിയും മേല്‍ഘടകങ്ങള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് ബിനിവിനെതിരായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും പാര്‍ട്ടി റിപ്പോര്‍ട്ടും എതിരായി.
അതോടെ ദിവസങ്ങള്‍ക്കു മുമ്പുതന്നെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ബിനുവിനെ പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന ഘടകത്തിന്‍റെ നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്ക് ലഭിച്ചിരുന്നു. അങ്ങനെയാണ് എളുപ്പത്തില്‍ കിട്ടേണ്ടിയിരുന്ന ചെയര്‍മാന്‍ പദവി ബിനു പുളിക്കക്കണ്ടത്തിലിന് നഷ്ടമാകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us