സര്‍ക്കാരിന്‍റെ നികുതികൊള്ളയ്ക്കെതിരെ സമരകാഹളം മുഴക്കി അഡ്വ. ബിജു പുന്നത്താനം നയിക്കുന്ന പൗരവിചാരണ യാത്ര ശനിയാഴ്ച. രാവിലെ 8.30 -ന് രാമപുരത്തുനിന്നാരംഭിച്ച് വൈകിട്ട് 5 -ന് കൊല്ലപ്പള്ളിയില്‍ സമാപിക്കുന്ന ഭരണങ്ങാനം ബ്ലോക്ക് തല യാത്രയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ രമേശ് ചെന്നിത്തല വരെ പങ്കുചേരും !

New Update

publive-image

പാലാ:ഇന്ധനവില വര്‍ധനവ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നികുതികൊള്ളയുടെ സാഹചര്യത്തില്‍ ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. ബിജു പുന്നത്താനം നയിക്കുന്ന പൗരവിചാരണ യാത്ര ശനിയാഴ്ച. ഭരണങ്ങാനം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 8.30ന് രാമപുരം അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് 5 ന് കൊല്ലപ്പളളിയില്‍ സമാപിക്കും. പിഴക്, നീലൂര്‍, മേലുകാവുമറ്റം, മേലുകാവ്, മേച്ചാല്‍, മൂന്നിലവ്, തലനാട്, കളത്തൂക്കടവ്, പനക്കപ്പാലം, ഭരണങ്ങാനം, പ്രവിത്താനം എന്നിവിടങ്ങളിലൂടെയാണ് യാത്ര കടന്നുപോവുക.

Advertisment

മണ്ണു മുതല്‍ ഇന്ധനം വരെ സകലതിനും വിലവര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരകാഹളമാക്കി യാത്ര മാറുമെന്ന് ജാഥാ ക്യാപ്റ്റന്‍ അഡ്വ. ബിജു പുന്നത്താനം പറഞ്ഞു. നേരത്തേ നിശ്ചയിച്ച യാത്രാ ലക്ഷ്യങ്ങളുടെ പ്രാധാന്യം പുതിയ സംസ്ഥാന ബജറ്റോടെ വര്‍ധിച്ചിരിക്കുകയാണെന്ന് ബിജു പുന്നത്താനം പറഞ്ഞു.

കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യാത്രയുടെ ഉത്ഘാടനം നിര്‍വഹിക്കുക. ജോസഫ് വാഴയ്ക്കന്‍ പതാക കൈമാറും. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. സമാപന സമ്മേളനത്തിന്‍റെ ഉത്ഘാടനം നിര്‍വഹിക്കുക മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. കെപിസിസി വക്താവ് ബിആര്‍എം ഷഫീര്‍ മുഖ്യ പ്രഭാഷണം നടത്തും. കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാക്കളടക്കം യാത്രയുടെ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുക്കും.

യാത്രയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ച് മുന്നൊരുക്കങ്ങള്‍ നടന്നു വരികയാണ്. സംസ്ഥാന ബജറ്റിലെ നികുതി കൊള്ളയ്ക്കെതിരെ പ്രതിപക്ഷം സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരപരിപാടികളുടെ കോട്ടയം ജില്ലയിലെ തുടക്കമായി യാത്ര മാറും.

Advertisment