പാലായില്‍ കൊട്ടാരമറ്റത്തുള്ളത് പ്രൈവറ്റ് ബസ്സ്റ്റാന്‍ഡാണെന്ന് ധരിക്കരുത്.. അത് മുനിസിപ്പല്‍ 'മൈതാന'മാണ് ! പൊതുയോഗങ്ങള്‍ക്ക് ആവശ്യപ്പെട്ടാല്‍ അത് വിട്ടുകൊടുക്കും ! അല്ലാത്തപ്പോള്‍ ബസുകള്‍ക്കും യാത്രക്കാര്‍ക്കും കയറിയിറങ്ങാം. പൊതുയോഗമുണ്ടെങ്കില്‍ 40 ഡിഗ്രി ചൂടില്‍ നാട്ടുകാര്‍ നടുറോഡിലിറങ്ങി നില്‍ക്കും. നാലാള്‍ കൂടാന്‍ തക്കവിധം പാലായില്‍ ഒരു സ്ഥലം വേറെ വേണ്ടേ ? വിവാദങ്ങളൊക്കെ ചുമ്മാ .. ! വേണമെങ്കില്‍ നഗരസഭ പിന്നീടൊരു 'മാപ്പ്' ചോദിച്ചോളും .. പാലായിലെ പന്തലും ബസ്റ്റാൻഡും വിവാദമായതിങ്ങനെ

New Update

publive-image

പാലാ : ചിലത് സംഭവിക്കുമ്പോഴാണ് മറ്റു ചിലത് നാമറിയുന്നത്. അതോടെ അതുവരെയുണ്ടായിരുന്ന ധാരണകളൊക്കെ അടിമുടി മാറും. അത്തരമൊന്നാണ് ഇയ്യിടെ പാലായില്‍ സംഭവിച്ചത്. പാലാ കൊട്ടാരമറ്റം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് എന്നാല്‍ അത് ബസ്സ്റ്റാന്‍ഡല്ല... മുനിസിപ്പല്‍ മൈതാനമാണത്രെ ?

Advertisment

രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ ഏത് മുതുവെയിലത്തും നാട്ടുകാരെ നടുറോഡിലിറക്കി നിര്‍ത്തി അത് പാര്‍ട്ടിക്കാരുടെ പൊതുയോഗങ്ങള്‍ക്ക് വിട്ടുകൊടുക്കും എന്നാണ് നഗരസഭാധ്യക്ഷ നടത്തിയ പുതിയ വെളിപ്പെടുത്തല്‍. അതുവരെ നാട്ടുകാര്‍ ധരിച്ചിരുന്നത് ഇത് പാലാക്കാര്‍ക്കായുള്ള പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് ആണെന്നായിരുന്നു. ആ ധാരണ എന്തായാലും മാറി, അല്ലെങ്കില്‍ മാറ്റി.


കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബസ്സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരെ നടുറോഡിലിറക്കി നിര്‍ത്തി അവിടെ പന്തല്‍ പണി നടക്കുകയായിരുന്നു.

47 - 55 രൂപ വിലയുള്ള പെട്രോളിനും ഡിസലിനും അതിനിരട്ടിയോളം നികുതി നിലവിലുള്ളത് പകുതിയാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട പൊതുജനത്തിന്‍റെ നെറുകയിലേയ്ക്ക് രണ്ടു രൂപ കൂടി അധിക നികുതി ഏര്‍പ്പെടുത്തി സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ സുരക്ഷിതമാക്കിയ സര്‍ക്കാരിന്‍റെ ഉടമസ്ഥരായ പാര്‍ട്ടിയുടെ നായകന്‍ നയിക്കുന്ന ജനകീയ പ്രതികരണ ജാഥയ്ക്കു വേണ്ടിയാണ് ഈ പെടാപ്പാട് !

publive-image


അപ്പോള്‍ പിന്നെ യാത്രക്കാരായ നാട്ടുകാര്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടേറ്റ് പൊതുനിരത്തില്‍ രണ്ടു മൂന്നു ദിവസം അങ്ങനെ നിന്നാലും തരക്കേടില്ല. എന്നാലും സംശയം ബാക്കിയാണ്. അതായത് ഉത്തമാ..., അപ്പോഴിത് ബസ്സ്റ്റാന്‍ഡ് ആണോ, അതോ മൈതാനമാണോ എന്ന് !


ആ സംവിധാനത്തിന്‍റെ ആത്യന്തിക ലക്ഷ്യം പാര്‍ട്ടിയോഗങ്ങള്‍ നടത്തുകയെന്നതാണെന്നാണ് കഴിഞ്ഞ ദിവസത്തെ നഗരസഭാധ്യക്ഷയുടെ വാക്കുകളില്‍ നിന്നും മനസിലാക്കേണ്ടത്. ബാക്കിയുള്ള സമയങ്ങളില്‍ അവിടെ ബസുകള്‍ കയറിയിറങ്ങാം... യാത്രക്കാര്‍ക്കും കയറിയിറങ്ങാം. മഴയും വെയിലും കൊള്ളാതെ നില്‍ക്കാം. അതൊക്കെ നഗരസഭയുടെ ഒരൗദാര്യം തന്നെ ! അതിനൊക്കെയാണ് നമ്മള്‍ നഗരസഭയെ നമിക്കേണ്ടത്.

publive-image

മാത്രമല്ല, പാലായിലെ പുതിയ നഗരസഭാ നേതൃത്വമെന്നാല്‍ ഏറെ സാമൂഹ്യ പ്രതിബദ്ധതയുള്ള തികച്ചും ഒര്‍ജിനല്‍ തദ്ദേശീയ നേതൃത്വമാണ്. പാലായില്‍ നിന്നും ഏറെ വിദൂരതയില്‍ മറ്റേതോ ഭൂഖണ്ഡത്തിലെന്നപോലെയുള്ള മരങ്ങാട്ടുപള്ളിയില്‍ നിന്നോ നെടുമുടിയില്‍ നിന്നോ ആലപ്പുഴയില്‍ നിന്നോ ഒന്നും കുടിയേറിയ നേതൃത്വമല്ലത്.


അങ്ങനെയുള്ളപ്പോള്‍ നഗരസഭാ ബസ്റ്റാന്‍ഡ് പാര്‍ട്ടിയോഗങ്ങള്‍ക്കോ 'കുറ്റനാട്' അപ്പം വില്‍ക്കാനോ ഒക്കെ വാടകയ്ക്ക് നല്‍കാം. പക്ഷേ അത് ചുമ്മാതങ്ങ് നടക്കില്ല, നല്ല വെള്ളക്കടലാസില്‍ വടിവൊത്ത അക്ഷരത്തില്‍ അപേക്ഷ തയ്യാറാക്കി നഗരസഭയ്ക്ക് നല്‍കണം. അങ്ങനെ കഷ്ടപ്പെട്ടാൽ പാസാക്കും. പാസായാല്‍ പാലാക്കാര്‍ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പൊരിവെയിലത്ത് നില്‍ക്കും. സാമൂഹ്യ സുരക്ഷാ ഉറപ്പ് .. ! സോഷ്യലിസം വിജയിക്കും.. !


പിന്നെ, ഏതെങ്കിലും കാലത്ത് ഇതൊക്കെ തെറ്റാണെന്ന് കണ്ടാല്‍ അന്ന് 'മാപ്പ്', 'ഖേദം' എന്നീ വാക്കുകള്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ എടുത്ത് പ്രയോഗിക്കാനും നഗരസഭാ നേതൃത്വത്തിന് മടിയേതുമില്ല ! അതിനി സ്വന്തം മാപ്പായാലും വേണ്ടില്ല, നാട്ടുകാരുടെ മാപ്പായാലും വേണ്ടില്ല, അതെടുത്ത് സ്ഥാനത്തും അസ്ഥാനത്തും അങ് പ്രയോഗിക്കും.

അങ്ങനെയെങ്കിൽ അടുത്ത കാലത്ത് നഗരസഭയ്ക്ക് നല്ലബുദ്ധി തോന്നി ഇത്തരം തോന്യാസങ്ങളൊക്കെ തിരുത്തുമെന്ന് കരുതാം. നാട്ടുകാരെ 40 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ മാറ്റി നിര്‍ത്തി ബസ്സ്റ്റാന്‍ഡിനകത്ത് കയറി സമ്മേളനം നടത്താനത് ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹമൊന്നുമല്ലല്ലോ... ഗോവിന്ദന്‍ മാഷ്ടെ ജനകീയ പ്രതികരണയാത്രയല്ലെ ?

publive-image

അതിനനുയോജ്യമായ സ്ഥലം പാലായില്‍ വേറെയില്ലെന്ന് പാലാക്കാരോടുതന്നെ പറയണം ... ഒന്നുമല്ലെങ്കിലും പാലായില്‍ ജനിച്ചു വളര്‍ന്ന, തികച്ചും ഒര്‍ജിനല്‍ തദ്ദേശീയ നേതൃത്വത്തിന് അതൊന്നുമറിയില്ലേ ! അതത്ര അറിയാതിരിക്കാന്‍ വല്ല മരങ്ങാട്ടുപള്ളിക്കാരൊന്നുമല്ലല്ലോ നിങ്ങള്‍ !


അല്ലെങ്കില്‍ അന്വേഷിക്കുക, ഗോവിന്ദന്‍ മാഷ്ടെ അത്രയൊന്നും വലിയ നേതാവല്ലെങ്കിലും നമ്മുടെ വെറും വയനാട് എംപി രാഹുല്‍ ഗാന്ധി പാലായില്‍ വന്നപ്പോള്‍ യോഗം നടത്തിയ സ്ഥലം അന്വേഷിച്ച് നോക്ക് ! അതാണെങ്കില്‍ എസ്‌പിജി സുരക്ഷയൊക്കെയുള്ള ആളാണ്. പുള്ളിയുടെ പപ്പായും പപ്പായുടെ മമ്മിയും ആ മമ്മിയുടെ പപ്പായുമൊക്കെ നമ്മുടെ ആരാധ്യരായ പ്രധാനമന്ത്രിമാരായിരുന്നു.


എന്നിട്ടും ആ പുഴയുടെ തീരത്തായിരുന്നു യോഗം. ജനം അവിടേയ്ക്ക് ചെന്നു. ചെല്ലും എന്ന് സംഘാടകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. അതല്ലാതെ നാട്ടുകാരെ പുറത്തിറക്കി നിര്‍ത്തിയിട്ട് അവിടെ യോഗം നടത്തി ആ നില്‍ക്കുന്നവരൊക്കെ ഞങ്ങളെ കേള്‍ക്കാന്‍ നില്‍ക്കുന്നവരാണെന്ന് തള്ളാൻ ശ്രമിച്ചില്ല.

എകെ ആന്‍റണിയും ഉമ്മന്‍ ചാണ്ടിയും കെഎം മാണിയും വിഎസ് അച്യുതാനന്ദനുമൊക്കെ പാലായില്‍ സ്ഥിരം പ്രസംഗിക്കാറുണ്ടായിരുന്ന സ്ഥലം നിങ്ങള്‍ അന്വേഷിച്ചു നോക്കുക. അപ്പോള്‍ മനസിലാകും. പാലായിൽ ഇടയുണ്ടോ എന്ന് ! എന്നിട്ട് നാട്ടുകാരുടെ നികുതി കൊടുത്ത് വാങ്ങിയ ഇന്നോവ ക്രിസ്റ്റയില്‍ നിന്നിറങ്ങി 10 മിനിട്ട് നേരം നട്ടുച്ചയ്ക്ക് ആ കൊട്ടാരമറ്റത്ത് നടുറോഡിലൊന്ന് നില്‍ക്കുക. പിന്നെയൊന്നും പറയേണ്ടി വരില്ല. നാട്ടിലൊക്കെ നല്ല ചൂടാണ് നഗരസഭയേ ...

Advertisment